സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ കുറയുന്നു
മുക്കം: ദിനംപ്രതി വാഹനങ്ങള്‍ വന്‍തോതില്‍ നിരത്തിലിറങ്ങുമ്പോഴും സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. 2015,16 വര്‍ഷങ്ങളെ അപേക്ഷിച്ച് 2017ല്‍ സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ ഗണ്യമായി കുറഞ്ഞതായി സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
റോഡ് സുരക്ഷാ മാര്‍ഗങ്ങള്‍ ശക്തമാക്കിയതും 'ശുഭയാത്ര' പോലെയുള്ള വിവിധ പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയതുമാണ് അപകടങ്ങള്‍ കുറയാന്‍ കാരണമെന്നാണ് പൊലിസ് വിലയിരുത്തല്‍.
2015ല്‍ 39014 ഉം 2016ല്‍ 39420 ഉം വാഹനാപകടങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2017ല്‍ 38470 ആയി കുറഞ്ഞു. 2015ല്‍ 4196 ആളുകള്‍ മരിക്കുകയും 43735 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 2016ല്‍ മരണസംഖ്യ 4287 ആയും പരുക്കേറ്റവരുടെ എണ്ണം 44108 ആയും വര്‍ധിച്ചു. 2017ല്‍ ഇത് 4131 ആയും പരുക്കേറ്റവര്‍ 42671 ആയും കുറഞ്ഞു. 33534 അപകടങ്ങളാണ് കഴിഞ്ഞവര്‍ഷം ഇരുചക്ര വാഹനങ്ങള്‍ കാരണം ഉണ്ടായത്.
രണ്ടാം സ്ഥാനത്ത് കാറ്, മൂന്നാം സ്ഥാനത്ത് ഓട്ടോറിക്ഷ അപകടവും ആണുള്ളത്. ആകെ കേസ് രജിസ്റ്റര്‍ ചെയ്തതില്‍ 37894 എണ്ണവും ഇത്തരത്തിലുള്ളതാണ്.
വൈകിട്ട് ആറുമുതല്‍ ഏഴ് വരെയുള്ള സമയത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങുന്നതിനാല്‍ ഈ സമയത്താണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത്. പരുക്കേല്‍ക്കുന്നവരില്‍ കൂടുതല്‍ സാരമായ പരുക്കുകളാണ്.
കഴിഞ്ഞവര്‍ഷം കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉണ്ടാക്കിയ അപകടത്തില്‍ 213 ആളുകളും സ്വകാര്യ ബസ് അപകടങ്ങളില്‍ 430 ആളുകളും ലോറി അപകടങ്ങളില്‍ 491 പേരും മരിച്ചിറ്റുണ്ട്. 2017 മെയ് മാസത്തിലാണ് (3480) കൂടുതല്‍ അപകടവും നടന്നത്. 2016ല്‍ ഇത് ജനുവരിയിലും. എറണാകുളം റൂറല്‍ പരിധിയിലാണ് കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ (3294) നടന്നത്. ഇത് 2016 നേക്കാള്‍ കുറവാണ്. കുറവ് അപകടങ്ങള്‍ വയനാട്ടിലും (660).
സംസ്ഥാനത്ത് ഓരോ ദിവസവും ശരാശരി 11 പേര്‍ വാഹനാപകടങ്ങളില്‍ മരിക്കുകയും 117 പേര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്യുന്നുണ്ടെന്നാണ് പൊലിസിന്റെ കണക്കുകള്‍.
ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് പോലെയുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ അവഗണിക്കുന്നത് മൂലമാണ് അപകടങ്ങളില്‍ മരണസംഖ്യ വര്‍ധിക്കുന്നത്. ഈ വര്‍ഷം 2017 നേക്കാള്‍ വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്നാണ് പൊലിസിന്റെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."