ഭാരത് ബന്ദിലെ ദലിത് മരണം: ഒരാഴ്ച കഴിഞ്ഞിട്ടും ആരെയും അറസ്റ്റ് ചെയ്തില്ല
ഭോപ്പാല്‍: ദലിതുകളോടുള്ള സമീപനത്തില്‍ സര്‍ക്കാരിന്റെയും നീതിപീഠത്തിന്റെയും അവഗണനകള്‍ തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ രണ്ടിനു നടന്ന ഭാരത് ബന്ദിലെ ആക്രമണങ്ങളില്‍ കൊലപ്പെട്ട ഒന്‍പതു പേരില്‍ ആറു പേരും ദലിതരായിരുന്നു. ഉയര്‍ന്ന ജാതിയിലുള്ളവരാണ് ഭൂരിപക്ഷം ദലിത് കൊലകള്‍ക്ക് പിന്നിലും പ്രവര്‍ത്തിച്ചത്. എന്നാല്‍ ആക്രമണങ്ങള്‍ നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഇതുമായി ബന്ധപ്പെട്ട് ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. എസ്.സി, എസ്.ടി പീഡനനിരോധന നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് അതിര്‍ത്തികളില്‍ എട്ടു പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ദലിതരായ ആറുപേരുടെ കൊലയുമായി ബന്ധപ്പെട്ടാണ് ഒരാളെ പോലും പിടികൂടാത്തത്.
മേഗിയോന്‍, ബിന്ദ് എന്നീ പ്രദേശത്തുകരായ ആകാശ് (15), പ്രദീപ് (22) എന്നിവര്‍ മരിച്ചത് ഉയര്‍ന്ന ജാതിക്കാരുടെ വെടിവയ്പിലാണ്. ഗ്വാളിയാര്‍ ഐ.ടി.ഐയില്‍ നിന്ന് ഡിപ്ലോമ നേടിയ പ്രദീപ് മാര്‍ക്കറ്റില്‍ പോകുന്നതിനിടെയാണ് ദലിത് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഇതിനിടെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട സോനു ബൈശന്തര്‍, മോനു, ബല്ലു റത്തോര്‍ എന്നിവരാണ് ആകാശിനെയും പ്രദീപിനെയും വെടിയുതിര്‍ത്ത് കൊന്നതെന്ന് എഫ്.ഐ.ആറിലുണ്ട്. മൂന്നു പേരെയും ആക്രമണത്തിനു ശേഷം കാണാനില്ല. ഇവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10,000 രൂപയുടെ പാരിതോഷികം പൊലിസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ബന്ദിന്റെ അടുത്ത ദിവസമാണ് ബിന്ദിലെ ഫാം ഹൗസിന്റെ സമീപത്ത് ദഷ്‌റത്ത് ജാദവിന്റെ (40) മൃതദേഹം അടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ഉയര്‍ന്ന ജാതിക്കാരുടെ മര്‍ദനം കാരണമാണ് മരണം. ബന്ദിനോട് അനുബന്ധിച്ചുള്ള റാലിയില്‍ തന്റെ അമ്മാവനൊപ്പം ദഷ്‌റത്ത് പങ്കെടുത്തിരുന്നുവെന്ന് അദ്ദേഹത്തിന്റെ ബന്ധു നീരജ് നര്‍വാരിയ ദേശീയ മാധ്യമത്തോട് പറഞ്ഞു. ഗ്വാളിയാറിലെ ദീപക് ജാദവ് (22) കൊല്ലപ്പെട്ടത് എങ്ങനെയെന്ന് ഇപ്പോഴും അജ്ഞാതമാണ്. ചായക്കടയിലേക്കു പോകുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേല്‍ക്കുന്നത്. പ്രതിഷേധങ്ങളിലൊന്നും ദീപക് പങ്കെടുത്തില്ലെന്ന് പിതാവ് പറഞ്ഞു. ദീപകിന്റെ വയറ്റിലും തലയിലുമായി മൂന്നു വെടിയുണ്ടകളേറ്റിട്ടുണ്ട്.
ഗ്വാളിയാറിലെ ദലിത് പ്രതിഷേധക്കാര്‍ക്കു നേരെ രാജ ചൗഹാന്‍ എന്നയാള്‍ വെടിയുതിര്‍ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായിരുന്നു. ദീപക് മരിച്ചത് ചൗഹാന്റെ വെടിയേറ്റാണെന്ന കാര്യം വ്യക്തമല്ല. ദീപകിന്റെ മരണത്തിലെ മറ്റൊരു ദുരൂഹത, കുടുംബം എത്തുന്നതിന് മുന്‍പ് മൃതദേഹം പൊലിസ് സംസ്‌കരിച്ചു എന്നുള്ളതാണ്. ഈ കൊലപാതകവുമായി ബന്ധപ്പെട്ട എഫ്.ഐ.ആര്‍ മാധ്യമങ്ങള്‍ അന്വേഷിച്ചെങ്കിലും വിവരങ്ങള്‍ കൈമാറാന്‍ പൊലിസ് തയാറായില്ല. ബിന്ദയിലെ വെടിവയ്പില്‍ രാകേഷ് ജാദവിന്റെയും മറ്റൊരു ദലിതന്റെയും കൊലയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പൊലിസിന് ഇതുവരെ ലഭ്യമായിട്ടില്ല.
ഉത്തര്‍പ്രദേശ്-മധ്യപ്രദേശ് അതിര്‍ത്തികളില്‍ ബന്ദ് ദിവസം കൊല്ലപ്പെട്ട മറ്റു രണ്ടു പേര്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരാണ്. ഇവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൃത്യമായ നടപടികള്‍ പൊലിസ് സ്വീകരിച്ചിട്ടുണ്ട്. രജപുത്ത് വിഭാഗത്തില്‍പ്പെട്ട മഹാവിര്‍ രജാവത്ത് എന്നയാള്‍ ദലിത് പ്രക്ഷോഭത്തിനിടെ പരാതി പറയാന്‍ ബിന്ദ് പൊലിസ് സ്റ്റേഷനില്‍ എത്തിയോപ്പഴാണ് വെടിയേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പൊലിസുകാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരേ കുറ്റം ചുമത്തിയിട്ടുണ്ട്. മെറേനയില്‍ കൊല്ലപ്പെട്ട രാഹുല്‍ പത്തക്കിന്റെ (20) കൊലക്ക് ദലിത് പ്രക്ഷോഭവുമായി ബന്ധമില്ലെന്ന് പൊലിസ് പറഞ്ഞു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് താഴ്ന്ന ജാതിക്കാരായ മൂന്നു പേര്‍ക്കതിരേ കുറ്റം ചുമത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."