ഭൂഗര്‍ഭ കേബിള്‍ വലിക്കാന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കി:മണിമുണ്ട, പാമ്പന്‍കൊല്ലി വനഗ്രാമങ്ങളില്‍ വൈദ്യുതിയെത്തുന്നു
കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റെയ്ഞ്ചില്‍പ്പെട്ട മണിമുണ്ട, പാമ്പന്‍കൊല്ലി വനഗ്രാമങ്ങളിലും വൈദ്യുതിയെത്തുന്നു. വനത്തിലൂടെ ഈ ഗ്രാമങ്ങളിലേക്ക് ഭൂഗര്‍ഭ കേബിള്‍ വലിക്കാന്‍ വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.ടി സാജന്‍ അനുമതി നല്‍കി.
കെ.എസ്.ഇ.ബി കല്‍പ്പറ്റ സര്‍ക്കിള്‍ ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് വനഗ്രാമങ്ങളുടെ വൈദ്യുതീകരണത്തിന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പച്ചക്കൊടി കാട്ടിയത്. ഏറ്റവും ഒടുവില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിന്റെ ഇടപെടലും മണിമുണ്ടയിലും പാമ്പന്‍കൊല്ലിയിലും വൈദ്യുതിയെത്തുന്നതിനുള്ള മുഖ്യതടസം നീങ്ങുന്നതിന് സഹായകമായി. വനത്തിലൂടെ കേബിള്‍ വലിക്കാന്‍ അനുമതി ലഭിക്കാത്തതിനാല്‍ രണ്ട് വനഗ്രാമങ്ങളും സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിക്ക് പുറത്തായിരുന്നു.
വനാവകാശ നിയമം അനുസരിച്ച് വനേതര ആവശ്യങ്ങള്‍ക്ക് ഒരു ഹെക്ടറില്‍ താഴെ വനഭൂമി ഉപയോഗപ്പെടുന്നതിന് അനുമതി നല്‍കാന്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് അധികാരമുണ്ട്. ഇതനുസരിച്ചാണ് മണിമുണ്ട, പാമ്പന്‍കൊല്ലി വൈദ്യുതീകരണത്തിന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കിയത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പ്രവൃത്തി ആരംഭിക്കാനാണ് കെ.എസ്.ഇ.ബിയുടെ തീരുമാനം.
മണിമുണ്ട, പാമ്പന്‍കൊല്ലി ഗ്രാമങ്ങളിലായി 60 പട്ടികവര്‍ഗ കുടുംബങ്ങളാണ് താമസം. ബത്തേരി നായ്ക്കട്ടി പിലാക്കാവില്‍നിന്ന് 1.3 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിളാണ് ഈ ഗ്രാമങ്ങളിലേക്ക് വലിക്കേണ്ടത്. മൂന്നു കിലോമീറ്റര്‍ എല്‍.ടി ലൈനും വലിച്ച് 100 കെ.വി.എ ട്രാന്‍സ്‌ഫോര്‍മറും സ്ഥാപിച്ചാല്‍ മുഴുവന്‍ വീടുകളിലും വൈദ്യുതി എത്തിക്കാന്‍ കഴിയും. ഇതിനു 48 ലക്ഷം രൂപ ചെലവാണ് കെ.എസ്.ഇ.ബി കണക്കാക്കുന്നത്.
കാട്ടിലൂടെ ലൈന്‍ വലിക്കുന്നതിനു അനുമതി നല്‍കുന്നതില്‍ വനംവന്യജീവി വകുപ്പിനുള്ള വിമുഖതയ്‌ക്കെതിരേ മണിമുണ്ട, പാമ്പന്‍കൊല്ലി ഗ്രാമവാസികള്‍ രംഗത്തുവന്നിരുന്നു. ഗ്രാമീണര്‍ ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനെ തടഞ്ഞുവെക്കുകയുമുണ്ടായി. ഈ അവസരത്തില്‍ വൈദ്യുതീകരണത്തിനുള്ള തടസം നീക്കുമെന്ന് വാര്‍ഡന്‍ വാക്കുനല്‍കിയെങ്കിലും സത്വര നടപടി ഉണ്ടായില്ല.
ഇങ്ങനെയിരിക്കെയാണ് കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ വിഷയം ഉന്നയിച്ചത്. അപ്പോള്‍, കെ.എസ്.ഇ.ബി ഒരിക്കല്‍ക്കൂടി അപേക്ഷ നല്‍കിയാല്‍ വനത്തിലൂടെ ഭൂഗര്‍ഭ കേബിള്‍ വലിക്കുന്നതിനു അനുമതി നല്‍കാമെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് കെ.എസ്.ഇ.ബി സര്‍ക്കിള്‍ ചീഫ് ഡപ്യൂട്ടി എന്‍ജിനീയര്‍ അപേക്ഷ നല്‍കിയത്. മണിമുണ്ട, പാമ്പന്‍കൊല്ലി ഗ്രാമങ്ങളിലേക്ക് ഭൂഗര്‍ഭ കേബിള്‍ വലിക്കുന്നതിനു 0.3 ഹെക്ടര്‍ വനഭൂമി മാത്രമാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."