അക്രമികള്‍ക്ക് താക്കീതായി ഹര്‍ത്താല്‍: സമരക്കാരെ പ്രകോപിപ്പിക്കാന്‍ ശ്രമം
പാലക്കാട്: പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമം പുനഃസ്ഥാപിക്കാന്‍ പാര്‍ലമെന്റ് ഇടപെടണമെന്നാവശ്യപ്പെട്ട് ദലിത് സംഘടനകള്‍കളുടെ ഹര്‍ത്താല്‍ പൂര്‍ണം. സമരക്കാരെ പ്രകോപിപ്പിക്കാന്‍ ശ്രമം നടന്നതിനാല്‍ പലയിടത്തും സംഘര്‍ഷാവസ്ഥക്കിടയാക്കി. ദലിത് സംഘടകളോടൊപ്പം യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും യുവജനതാദളും പ്രവര്‍ത്തകരും ഹര്‍ത്താലിനെ പിന്തുണച്ചതോടെ ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
നഗരത്തില്‍ രണ്ട് സ്വകാര്യബസുകള്‍ സര്‍വീസ് നടത്തിയൊഴിച്ചാല്‍ ജില്ലയില്‍ സ്വകാര്യബസുകളൊന്നും നിരത്തിലിറങ്ങിയില്ല. സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അതിരാവിലെ തന്നെ ജോലിക്കായി ജനങ്ങള്‍ ബസ് സ്റ്റോപ്പിലെത്തിയെങ്കിലും പിന്നീട് വീട്ടിലേക്ക് മടങ്ങി പോകുകയായിരുന്നു. കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ നിര്‍ബന്ധമായും അടപ്പിക്കുകയായിരുന്നു. പലയിടത്തും കടഅടപ്പിച്ചതിനെ ചൊല്ലി വ്യാപാരികളും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ സംഘര്‍ഷമുണ്ടായി.
പാലക്കാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് മുന്നില്‍ ഹര്‍ത്താല്‍ അനൂകൂലികള്‍ റോഡ് ഉപരോധിച്ചുവെങ്കിലും പൊലിസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. അവധി കഴിഞ്ഞുള്ള ദിവസമായതിനാല്‍ കോയമ്പത്തൂരിലേക്ക് യാത്രക്കാരുടെ വന്‍തിരക്ക് അനുഭവപ്പെട്ടതോടെ വാളയാര്‍ വരെ പോലീസ് സംരക്ഷണത്തോടെ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തി. പാലക്കാട് ഡിപ്പോയില്‍ നിന്ന് മറ്റ് പ്രദേശങ്ങളിലേക്ക് സാധാരണ പോലെ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തിയെങ്കിലും യാത്രക്കാര്‍ കുറവായതിനാല്‍ പല സര്‍വീസുകളും നിര്‍ത്തിവെക്കുകയായിരുന്നുവെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.
പട്ടാമ്പിയില്‍ ഞായറാഴ്ച രാത്രി മിന്നല്‍ ബസിനെ ്അടിച്ചുതകര്‍ത്തു. എന്നാല്‍ ഇതിന് ഹര്‍ത്താലുമായി യാതൊരുബന്ധമില്ലെന്നാണ് പൊലിസ് പറയുന്നത്. കല്‍മണ്ഡപം ബൈപാസില്‍ കല്ലേറില്‍ ലോറിയുടെ ചില്ല് തകര്‍ന്നു. ഹര്‍ത്താലിന്റെ ഭാഗമായി വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്ത വിവിധ ദലിത് സംഘടനകളിലെ 19 പേരെ ടൗണ്‍ സൗത്ത് പൊലിസ് കസറ്റഡിയിലെടുത്ത് വിട്ടയച്ചു. നഗരത്തില്‍ സ്വകാര്യവാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചുവെങ്കിലും പൊലിസ് ഇടപെട്ട് വാഹനങ്ങള്‍ പോകാന്‍ അനുവദിക്കുകയായിരുന്നു. ആലത്തൂരില്‍ കടകളും ബാങ്കുകളും തുറന്നുവെങ്കിലും യുവജനതാദള്‍ പ്രവര്‍ത്തകര്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുകയായിരുന്നു. സ്വകാര്യബസുകള്‍ സര്‍വീസ് നടത്താത്തത് മൂലം ഗ്രാമീണമേഖലകളിലും മറ്റും ജനജീവിതം ദുസ്സഹമാക്കി. റെയില്‍വേ സ്റ്റേഷനുകളിലും മറ്റു ദൂരസ്ഥലത്ത് നിന്ന് വന്നവര്‍ക്ക് വാഹനം കിട്ടാത്തത് മൂലം പൊലിസ് വാഹനങ്ങളാണ് രക്ഷയായത്. സര്‍ക്കാര്‍ ഓഫിസുകള്‍ സാധാരണ പോലെ തുറന്ന് പ്രവര്‍ത്തിച്ചുവെങ്കിലും ജീവനക്കാര്‍ കുറവായിരുന്നു.
ചെര്‍പ്പുളശ്ശേരി: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം. ചെര്‍പ്പുളശ്ശേരിയില്‍ മിക്കവാറും കടകളും തുറന്നു പ്രവര്‍ത്തിച്ചു. തുറന്ന കടകള്‍ അടപ്പിക്കാനെത്തിയവരെ പൊലിസ് വിരട്ടി ഓടിച്ചു. കടകള്‍ക്ക് സംരക്ഷണം വേണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ ഹമീദ് ചെര്‍പ്പുളശ്ശേരി സി.ഐയോട് ആവശ്യപ്പെട്ടിരുന്നു.
അടപ്പിച്ച കടകള്‍ പിന്നീട് കെ.എ ഹമീദിന്റെ നേതൃത്വത്തില്‍ വ്യാപാരി നേതാക്കള്‍ എത്തി തുറപ്പിച്ചു. കടകള്‍ തുറന്നു പ്രവര്‍ത്തിച്ച വ്യാപാരികളെ വ്യാപാരി വ്യവസായി ഏകോപന സമിതിക്കുവേണ്ടി കെ.എ ഹമീദ് അഭിനന്ദിച്ചു.
കെ.എസ്.ആര്‍.ടി.സി അങ്ങിങ്ങ് സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ സ്വകാര്യ ബസുകളൊന്നും ഓടിയില്ല. ഓട്ടോകളും മറ്റു വാഹനങ്ങളും പതിവു പോലെ ഓടി. ഓഫിസുകളും ബാങ്കുകളും തുറന്നു പ്രവര്‍ത്തിച്ചു.
ചെര്‍പ്പുളശ്ശേരിയിലെ മൂന്നു പെട്രോള്‍ പമ്പുകളും സമരാനുകൂലികള്‍ ബലമായി അടപ്പിച്ചു. എസ്.ഡി.പി.ഐ, യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഥയായി എത്തിയാണ് അടപ്പിച്ചത്.
മണ്ണാര്‍ക്കാട്: ദലിത് നിയമങ്ങള്‍ ലഘൂകരിക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടത്തിയ ദലിത് ഹര്‍ത്താല്‍ മണ്ണാര്‍ക്കാട് ഭാഗികം. കെ.എസ്.ആര്‍.ടി.സി ബസുകളും, സ്വകാര്യ ബസുകളും ഭാഗികമായി സര്‍വീസ് നടത്തി.
അട്ടപ്പാടിയിലേക്കുളള ബസ് സര്‍വീസ് നടത്തിയില്ല. കൂടാതെ ദീര്‍ഘ ദൂര സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല. സഹകരണ ബാങ്കുകളടക്കമുളള ഷെഡ്യൂള്‍ഡ് ബാങ്കുകളും തുറന്ന് പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറന്നെങ്കിലും ജീവനക്കാരുടെ ഹാജരില്‍ ഗണ്യമായ കുറവുണ്ടണ്ടായി.
മണ്ണാര്‍ക്കാട് നഗരത്തിലും പരിസര പ്രദേശങ്ങളിലും അവധി ദിവസത്തിന്റെ പ്രതീതിയാണുളവാക്കിയത്. വ്യാപാര സ്ഥാപനങ്ങള്‍ ഭൂരിഭാഗവും തുറന്ന് പ്രവര്‍ത്തിച്ചു. എന്നാല്‍ സാധാരണ ദിവസങ്ങളെ പോലെ കടകളില്‍ കച്ചവടം നടന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."