ഇന്‍ഷുറന്‍സ് കമ്പനിയെ വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടിയ ജീവനക്കാരി അറസ്റ്റില്‍
കണ്ണൂര്‍: ഇന്‍ഷൂറന്‍സ് കമ്പനിയെ വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടിയ യുവതി പൊലിസ് പിടിയില്‍. കാള്‍ടെക്‌സിനടുത്ത യുനൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനി ബ്രാഞ്ചിലെ ജീവനക്കാരിയും എളയാവൂര്‍ സൗത്തിലെ ഒട്ടുംചാലില്‍ ഷീബ ബാബുവിനെ(37)യാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് അറസ്റ്റ് ചെയ്തത്. യുനൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയിലെ സീനിയര്‍ മാനേജര്‍ സജീവിന്റെ പരാതിപ്രകാരമാണ് ഷീബ ബാബു പിടിയിലായത്. ഇരിട്ടി വള്ളിത്തോട് സ്വദേശിയായ ഷെഫീഖ് വാങ്ങിയ കാറിന്റെ ഇന്‍ഷൂറന്‍സ് അടക്കാന്‍ വേണ്ടി ഇരിട്ടിയിലെ യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ബ്രാഞ്ചിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. 2017-18 കാലയളവില്‍ ഇന്‍ഷുറന്‍സ് തുക അടച്ചിട്ടില്ലെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. എന്നാല്‍ താന്‍ കണ്ണൂര്‍ ബ്രാഞ്ചില്‍ യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരിയായ ഷീബയുടെ പക്കല്‍ 15,260 രൂപ അടച്ചതായി ജീവനക്കാരോട് ഷെഫീഖ് പറഞ്ഞു. തുടര്‍ന്ന് ഇന്‍ഷുറന്‍സ് പേപ്പര്‍ കണ്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
വാഹന ഉടമകളില്‍ നിന്ന് പണം വാങ്ങിയ ശേഷം ഇന്‍ഷുറന്‍സ് കമ്പനിയുടെ സൈറ്റില്‍ പോയി കമ്പനി അക്കൗണ്ട് ഓപ്പണ്‍ ചെയ്യും. ഉപഭോക്താക്കളുടെ പേരും മറ്റ് വിവരങ്ങളുമെല്ലാം ഇന്റര്‍നെറ്റില്‍ നിന്ന് എടുത്ത ശേഷം സബ്മിറ്റ് ചെയ്യാതെ സേവ് ചെയ്യും. എന്നിട്ട് അതിന്റെ ഫോട്ടോ കോപ്പിയെടുത്തിട്ട് അതില്‍ കോര്‍ട്ട് ഫീ സ്റ്റാമ്പൊട്ടിച്ച് ഇന്‍ഷുറന്‍സ് പേപ്പര്‍ നല്‍കും. തളിപ്പറമ്പ് സ്വദേശി മുഹമ്മദ് ഷിയാബ് ഇബ്രാഹിമിന്റെ ബി.എം.ഡബ്ല്യു കാറിന്റെ ഇന്‍ഷുറന്‍സ് തുകയായ 46,000 രൂപയും ഷീബ തട്ടിയെടുത്തിട്ടുണ്ട്. ഇവര്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് ടൗണ്‍ എസ്.എച്ച്.ഒ ടി.കെ രത്‌നകുമാറും എസ്.ഐ ശ്രീജിത്ത് കൊടേരിയും പറഞ്ഞു.
പത്ത് വര്‍ഷത്തിലധികമായി യുനൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയുടെ കാള്‍ടെക്‌സ് ബ്രാഞ്ചില്‍ പോര്‍ട്ടര്‍ ഓഫിസറായി ജോലി ചെയ്തുവരികയാണ് ഷീബ. മൂന്ന് വര്‍ഷമായി ഉപഭോക്താക്കളുടെ തുക അടക്കാതെ തട്ടിപ്പ് നടത്തിവരികയായിരുന്നു. ഇതേരീതിയില്‍ 200 ഓളം പേരെ പറ്റിച്ചതായാണ് പൊലിസിന് കിട്ടിയ വിവരം. ഷീബയെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. സ്ഥാപനത്തിലെ കംപ്യൂട്ടറുകളും മറ്റ് രേഖകളും പൊലിസ് കസ്റ്റഡിയിലെടുത്തു. തട്ടിപ്പിനു പിന്നില്‍ സ്ഥാപനത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്നും പൊലിസ് പരിശോധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."