കടലുണ്ടി തീരദേശ മേഖലകളില്‍ കുടിവെള്ളമെത്തിയില്ല:പഞ്ചായത്തിന് മുന്നില്‍ യു.ഡി.എഫ് അംഗങ്ങളുടെ കുത്തിയിരിപ്പ് സമരം
ചാലിയം: കടലുണ്ടിയിലെ തീരദേശ മേഖലകളില്‍ ജപ്പാന്‍ പദ്ധതിയില്‍ നിന്നു ശുദ്ധജല വിതരണം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കാത്തതില്‍ കടലുണ്ടി പഞ്ചായത്തിലെ പ്രതിപക്ഷ മെംബര്‍മാര്‍ പ്രതിഷേധിച്ചു. മേഖലകളില്‍ കുടിവെള്ള വിതരണ പൈപ്പുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതി പരിഗണിച്ചില്ല. ഇതേതുടര്‍ന്ന് യു.ഡി.എഫ് മെംബര്‍മാര്‍ ഇന്നലെ നടന്ന ബോര്‍ഡ് യോഗം ബഹിഷ്‌കരിച്ച് പഞ്ചായത്ത് ഓഫിസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.
പാവപ്പെട്ട ജനത്തിന് കുടിവെള്ളമെത്തിക്കുന്നതിനു പകരം ഭരണത്തിനു നേതൃത്വം നല്‍കുന്നവര്‍ ആഡംഭര വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനാണ് ഫണ്ടുപയോഗിക്കുന്നതെന്ന് മെംബര്‍മാര്‍ ആരോപിച്ചു. നിലവില്‍ കടലുണ്ടിയില്‍ റെയില്‍വേ പാളത്തിന്റെ കിഴക്കുവശത്താണ് ജപ്പാന്‍ പദ്ധതിയില്‍ നിന്നു കുടിവെളള വിതരണം ആരംഭിക്കാന്‍ പോകുന്നത്.
എന്നാല്‍ ഉപ്പുവെള്ളം കൊണ്ട് ദുരിതമനുഭവിക്കുന്ന കടലുണ്ടിയുടെ തീരദേശ മേഖലകളില്‍ വിതരണ പൈപ്പുകള്‍ സ്ഥാപിക്കാന്‍ യാതൊരു നടപടിയുമായില്ല. മഴക്കാലത്തു പോലും കുടിവെള്ളം കിട്ടാക്കനിയായ ചാലിയം, സിദ്ദീഖ് പള്ളി, ലൈറ്റ് ഹൗസ്, കൈതവളപ്പ്, കോട്ടക്കണ്ടി, കടുക്കബസാര്‍, കപ്പലങ്ങാടി, വാക്കടവ്, കടലുണ്ടി, വട്ടപ്പറമ്പ് തുടങ്ങി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലാണ് പൈപ്പുകള്‍ സ്ഥാപിക്കാനുള്ളത്.
തീരദേശ മേഖലകളില്‍ പൈപ്പുകള്‍ സ്ഥാപിക്കാന്‍ അടിയന്തരമായ നടപടിയുണ്ടായിട്ടില്ലെങ്കില്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. കുത്തിയിരുപ്പ് സമരത്തിനു ബ്ലോക്ക് മെംബര്‍ എന്‍.കെ ബിച്ചിക്കോയ, സബൂന ജലീല്‍, പഞ്ചായത്ത് മെംബര്‍മാരായ ഹെബീഷ് മാമ്പയില്‍, അഡ്വ. ഷാഹിദ്, ഷഹര്‍ബാന്‍, ലുബൈന ബഷീര്‍, ആയിശാബി, ഷാഹിന, ഹകീമ മാളിയേക്കല്‍, എ.എം കാസിം, സി.വി ബാവ, സൈനുല്‍ ആബിദീന്‍ തങ്ങള്‍, കെ.പി ജലീല്‍, കെ.വി ഖാദര്‍ കോയ, ഫല്‍ഗുണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."