'നുമ്മ ഊണ് പദ്ധതി' ജില്ല മുഴുവനും വ്യാപിപ്പിക്കുന്നു
കൊച്ചി: വിശന്നു പൊരിയുന്ന ഒരു വയറു പോലും ഉണ്ടാകരുതെന്ന ലക്ഷ്യവുമായി ജില്ലാ ഭരണകൂടം നടപ്പാക്കിയ നുമ്മ ഊണ് വിശപ്പുരഹിത നഗരം പദ്ധതി ജില്ലയില്‍ മുഴുവന്‍ വ്യാപിപ്പിക്കുന്നു. തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ നിന്നും ആവശ്യക്കാര്‍ക്ക് സൗജന്യമായി ഉച്ചയൂണ് ലഭ്യമാക്കുന്ന പദ്ധതിക്കുള്ള ഭക്ഷണ കൂപ്പണുകള്‍ നിലവില്‍ ജില്ലാ കലക്ടറേറ്റിലും എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷനില്‍ നിന്നുമാണ് ലഭിക്കുന്നത്. ജില്ലയില്‍ വിവിധയിടങ്ങളിലായി 18 കേന്ദ്രങ്ങളില്‍ നിന്നുകൂടി കൂപ്പണുകള്‍ വിതരണം ചെയ്യാനാണ് തീരുമാനം.
ജില്ലാ കലക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുള്ള മുന്‍കൈയെടുത്ത് ആവിഷ്‌കരിച്ച പദ്ധതിക്ക് പെട്രോനെറ്റ് എല്‍.എന്‍.ജി ഫൗണ്ടേഷനും കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്റെ എറണാകുളം ജില്ലാകമ്മിറ്റിയുമാണ് പിന്തുണ നല്‍കുന്നത്. പദ്ധതി വ്യാപിപ്പിക്കുന്നതു സംബന്ധിച്ച പ്രാരംഭയോഗം കലക്ടറേറ്റിലെ സ്പാര്‍ക്ക് ഹാളില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. മെയ് ഒന്ന് മുതല്‍ 10 വരെയുള്ള ദിവസങ്ങളിലാണ് ജില്ലയിലെ മറ്റ് കേന്ദ്രങ്ങളില്‍ കൂടി നുമ്മ ഊണ് പദ്ധതി ആരംഭിക്കുക. കൂപ്പണുകള്‍ നല്‍കി തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ നിന്ന് സൗജന്യമായി മികച്ച നിലവാരത്തിലുള്ള ഭക്ഷണം ലഭിക്കുന്നതാണ് നുമ്മ ഊണ് പദ്ധതി. താലൂക്ക് ആസ്ഥാനങ്ങള്‍, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷനുകള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി വ്യാപിപ്പിക്കുന്നത്.
ജില്ലാ കലക്ടറേറ്റിനും എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷനും പുറമെ കൊച്ചി താലൂക്ക് ഓഫിസ്, എളങ്കുന്നപ്പുഴ വില്ലേജ് ഓഫിസ്, കുന്നത്തുനാട് താലൂക്ക് ഓഫിസ്, പെരുമ്പാവൂര്‍ മുനിസിപ്പല്‍ ഓഫിസ്, പറവൂര്‍ താലൂക്ക് ഓഫിസ്, ആലുവ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ്, എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ് (പൊലിസ് എയ്ഡ്‌പോസറ്റ്), എറണാകുളം വില്ലേജ് ഓഫിസ്, മട്ടാഞ്ചേരി ഗവ. ആശുപത്രി, മൂവാറ്റുപുഴ താലൂക്ക്, മൂവാറ്റുപുഴ പൊലിസ് എയ്ഡ്‌പോസ്റ്റ് (കച്ചേരിത്താഴം), കോതമംഗലം സ്വകാര്യബസ് സ്റ്റാന്റ്, എറണാകുളം നോര്‍ത്ത് റയില്‍വെ സ്‌റ്റേഷന്‍, അങ്കമാലി റെയില്‍വെ സ്‌റ്റേഷന്‍, പിറവം സര്‍ക്കാര്‍ ആശുപത്രി, വൈറ്റില ഹബ് (എയ്ഡ് പോസ്റ്റ്) എന്നിവിടങ്ങളില്‍ നിന്നും കൂപ്പണുകള്‍ ലഭിക്കും. കൂപ്പണുകള്‍ വിതരണം ചെയ്യുന്ന മറ്റു കേന്ദ്രങ്ങള്‍ കൂടി ഉടന്‍ തീരുമാനിക്കും. ഒരു കേന്ദ്രത്തില്‍ നിന്ന് മുപ്പതോളം കൂപ്പണുകള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ആവശ്യക്കാര്‍ക്ക് ഭക്ഷണം അതത് ഹോട്ടലുകളില്‍ നിന്ന് കഴിക്കുകയോ പാര്‍സലായി വാങ്ങുകയോ ചെയ്യാം.
പദ്ധതിക്കായി ഒരു നോഡല്‍ ഓഫിസറെ ഉടന്‍ തിരഞ്ഞെടുക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. പെട്രോനെറ്റ് എല്‍.എന്‍.ജി ഫൗണ്ടേഷന്‍ പ്രിന്റ് ചെയ്ത് കലക്ടറേറ്റില്‍ നല്‍കുന്ന ഭക്ഷണകൂപ്പണുകള്‍ വിവിധ കേന്ദ്രങ്ങളിലെത്തിക്കും. ഇവിടെ നിന്ന് രാവിലെ 11.30 മുതല്‍ 2.30 വരെ ആളുകള്‍ക്ക് ഭക്ഷണകൂപ്പണുകള്‍ സ്വീകരിച്ച് തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ നിന്ന് നിന്ന് വിശപ്പകറ്റാം. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ എറ്റവും കൂടുതല്‍ കൂപ്പണുകള്‍ പ്രകാരം ഭക്ഷണം നല്‍കിയ ഹോട്ടലുകള്‍ക്കുള്ള ഉപഹാരം ജില്ലാ കലക്ടര്‍ കൈമാറി. കളക്ടറേറ്റ് കാന്റീന്‍, എറണാകുളം സൗത്തിലെ ഹോട്ടല്‍ മുഗള്‍, ആര്യഭവന്‍ എന്നിവയ്ക്കാണ് ഉപഹാരം നല്‍കിയത്. നുമ്മ ഊണ് പദ്ധതിയുടെ ലോഗോ തയ്യാറാക്കിയ കലക്ടറേറ്റ് സീനിയല്‍ ക്ലര്‍ക്ക് വിനോജിനും ഉപഹാരം നല്‍കി. ഡെപ്യൂട്ടി കലക്ടര്‍ എം പി ജോസ്, പെട്രോനെറ്റ് പ്രതിനിധി ദീപാഞ്ജന്‍ ബന്ദോപദ്ധ്യായ തുടങ്ങിയവര്‍ സംസാരിച്ചു. കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, സന്നദ്ധപ്രവര്‍ത്തകര്‍, പെട്രോനെറ്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റിപ്പബ്ലിക്ക് ദിനത്തില്‍ വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ തുടക്കം കുറിച്ചതാണ് പദ്ധതി. ഫെബ്രുവരി ഒന്നു മുതലാണ് കാക്കനാട് കളക്ടറേറ്റിലും എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷനിലും നുമ്മ ഊണിന്റെ കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."