മഞ്ചേരി മെഡിക്കല്‍ കോളജ് : കനത്ത ചൂടിന് പരിഹാരമില്ല; ആശുപത്രിക്ക് പുറത്ത് പരിശോധന നടത്തി ഡോക്ടര്‍മാരുടെ പ്രതിഷേധം
മഞ്ചേരി: കനത്തചൂടില്‍ സഹിക്കെട്ട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇന്നലെ ഒ.പി നടത്തിയത് ആശുപത്രിക്ക് പുറത്ത്. ഓര്‍ത്തോ, ജനറല്‍ മെഡിസിന്‍, സര്‍ജറി എന്നീ വിഭാഗം ഡോക്ടര്‍മാരാണ് കനത്ത ചൂടിനു പരിഹാരം കാണാത്തതിലുള്ള അധികൃതരുടെ അനാസ്ഥക്കെതിരേ പുറത്തു പരിശോധന നടത്തി പ്രതിഷേധിച്ചത്. രാവിലെ പത്തോടെ ആശുപത്രിയിലെത്തിയ ഡോക്ടര്‍മാര്‍ ഒ.പികളില്‍ നിന്നും പുറത്തിറങ്ങി തൊട്ടടുത്ത് നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന പുതിയ ഒ.പി കൗണ്ടര്‍ കെട്ടിടത്തില്‍ പരിശോധന നടത്തുകയായിരുന്നു. ഡോക്ടര്‍ ഒ.പിക്കു പുറത്തു പരിശോധന തുടങ്ങിയതോടെ രോഗികളും ഏറെ നേരം വട്ടംകറങ്ങി. ഒരോ വിഭാഗത്തിലേയും ഡോക്ടര്‍മാരെ തേടി രോഗികള്‍ തലങ്ങുംവിലങ്ങും നടന്നു. വൃദ്ധരും അവശരുമായ രോഗികള്‍ ഇതുമൂലം ഏറെ പ്രയാസപ്പെട്ടു.
എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ രോഗികളുടെ സഹായത്തിനെത്തിയത് വലിയ ആശ്വാസം പകര്‍ന്നു. നിലവില്‍ ഒ.പി നവീകരണ പ്രവൃത്തികള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി എയര്‍കണ്ടീഷന്‍ സൗകര്യം സജ്ജമാക്കുന്നതിനും നീക്കങ്ങളുണ്ടായിരുന്നു. എന്നാല്‍ ചൂടിനു ആശ്വാസമാവാന്‍ ഇത്തരം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ഡോക്ടര്‍മാര്‍ ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു. ഇതു വൈകുന്നതിലുള്ള പ്രതിഷേധമായിരുന്നു ഇന്നലെ ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നും ഉയര്‍ന്നുവന്നത്.
ദിനേന 2500നു മുകളില്‍ രോഗിളാണ് ഒ.പിയില്‍ പരിശോധനകള്‍ക്കായി എത്താറുള്ളത്. രാവിലെ പത്തോടെ രോഗികളും രോഗികള്‍ക്കൊപ്പമുള്ളവരും ഒപികു മുന്‍വശം നിറഞ്ഞു കവിയുന്നത് ഇവിടുത്തെ പതിവു കാഴ്ചയാണ്. ഇത്രയും വലിയജനകൂട്ടം ഒ.പിക്കു പരിസരത്ത് തിങ്ങിനിറയുന്നതോടെ പരിശോധനകള്‍ നടക്കുന്ന ഇടുങ്ങിയ കാബിനുകള്‍ക്കകത്ത് അസഹ്യമായ ചൂടാണ് അനുഭവപ്പെടുകയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പത്തിലേറെ ഒ.പികള്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ വായുസഞ്ചരം നടക്കാന്‍ മതിയായ ജനലുകളില്ലാത്തതും ചൂട് അസഹ്യമാക്കുന്നുണ്ട്. അതേസമയം ഒ.പികളില്‍ എയര്‍കണ്ടീഷന്‍ സജ്ജമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."