സ്‌കൂള്‍ ഉച്ചഭക്ഷണം: കേന്ദ്രീകൃത അടുക്കള ഏര്‍പ്പെടുത്തണം
മലപ്പുറം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടന്നുവരുന്ന ഉച്ചഭക്ഷണ പരിപാടി പഞ്ചായത്ത് തലത്തില്‍ കേന്ദ്രീകൃത അടുക്കള സംവിധാനമേര്‍പ്പെടുത്തി അതിലേക്ക് മാറ്റണമെന്നും പ്രധനാധ്യാപകരെ ഈ ചുമതലയില്‍നിന്നും ഒഴിവാക്കണമെന്നും കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതുവഴി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ആക്കം കൂട്ടാന്‍ കഴിയുമെന്നും സമ്മേളനം വിലയിരുത്തി. സംസ്ഥാനതലത്തിലുള്ള ക്യു.ഐ.പി സംവിധാനത്തില്‍ പ്രൈമറി പ്രധാനാധ്യാപകരുടെ ഏക സംഘടനയായ കെ.പി.പി.എച്ച്.എ പ്രതിനിധിയെ ഉള്‍പ്പെടുത്താത്തത് പ്രതിഷേധാര്‍ഹമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ലക്ഷ്യം കൈവരിക്കണമെങ്കില്‍ പ്രധാനാധ്യാപകരെ കുട്ടികളുടെ എണ്ണം നോക്കാതെ ക്ലാസ് ചാര്‍ജ്ജില്‍ നിന്നും ഒഴിവാക്കേണ്ടതാണെന്നും സമ്മേളനം വിലയിരുത്തി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം അഡ്വ. ടി.കെ റഷീദലി മുഖ്യാതിഥിയായി. സംസ്ഥാന പ്രസിഡന്റ് എ.എന്‍ പാപ്പച്ചി സമ്മേളന സന്ദേശം കൈമാറി. യാത്രയയപ്പ് സമ്മേളനം കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനത്തില്‍ പി. സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ. പ്രദീപന്‍, പ്രസിഡന്റ് എ.എന്‍ പാപ്പച്ചി, വൈസ് പ്രസിഡന്റ് കെ. അബ്ദുസലാം, ഉമ്മര്‍ പാലഞ്ചേരി, ജി. സുനില്‍കുമാര്‍, പി. പ്രേമനാഥന്‍, കെ.പി പോളി, എം.ഐ അജികുമാര്‍, കെ.എന്‍.എ ഷെരീഫ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."