മുങ്ങിത്താഴുന്ന സ്പിന്നിങ് മില്ലുകള്‍ക്ക് സര്‍ക്കാര്‍ കൈത്താങ്ങ്
തൊടുപുഴ: സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലെ സ്പിന്നിങ് മില്ലുകള്‍ക്ക് അടിയന്തര സഹായമായി 21 കോടി രൂപ അനുവദിച്ചു.
പൊതുമേഖലയിലുള്ള കേരള സ്‌റ്റേറ്റ് ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്റെ സ്പിന്നിങ് മില്ലുകള്‍ക്കും സഹകരണ സ്പിന്നിങ് മില്ലുകള്‍ക്കും അസംസ്‌കൃത വസ്തുവായ പോളിസ്റ്റര്‍, പരുത്തി എന്നിവ വാങ്ങുന്നതിനാണ് സര്‍ക്കാര്‍ അടിയന്തര സഹായം അനുവദിച്ചത്. എന്നാല്‍ അഴിമതിയുടെ കൂത്തരങ്ങായി മാറിയ സ്പിന്നിങ് മില്ലുകളുടെ തലപ്പത്ത് അഴിച്ചുപണി നടത്താതെ സഹായം അനുവദിച്ചാല്‍ അത് കുടംകമിഴ്ത്തി വെള്ളം ഒഴിക്കുന്നതിന് തുല്യമാണെന്ന് തൊഴിലാളി യൂനിയനുകള്‍ പറയുന്നു.
പൊതുമേഖലാ സ്പിന്നിങ് മില്ലുകളിലെ വ്യാപക അഴിമതിയും നഷ്ടക്കണക്കും സംബന്ധിച്ച് മാര്‍ച്ച് ഏഴിന് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കേരള സ്‌റ്റേറ്റ് ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷനു (കെ.എസ്.ടി.സി) കീഴില്‍ ഏഴ് സ്പിന്നിങ് മില്ലുകളും ടെക്‌സ്‌ഫെഡിനു കീഴില്‍ എട്ട് സഹകരണ സ്പിന്നിങ് മില്ലുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ഈ മേഖലയില്‍ അയ്യായിരത്തോളം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്.
ഉന്നതങ്ങളില്‍ നടക്കുന്ന വ്യാപക അഴിമതിയും ക്രമക്കേടും കാരണം എല്ലാ മില്ലുകളും ഓരോ വര്‍ഷവും നാല് കോടി മുതല്‍ 12 കോടി രൂപാ വരെ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
കെ.എസ്.ടി.സിക്ക് കീഴിലുള്ള എട്ട് മില്ലുകളുടെയും നാല് സഹകരണ സ്പിന്നിങ് മില്ലുകളുടെയും എം.ഡി. സ്ഥാനത്ത് ഉണ്ടായിരുന്നത് വിജിലന്‍സ് കേസുകളില്‍ പ്രതികളും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥരുമാണ്. ഇതില്‍ തൃശൂര്‍, കുറ്റിപ്പുറം മാല്‍കോടെക്‌സ് എന്നിവയുടെ ചുമതലയുള്ള എം.ഡിയെ നീക്കം ചെയ്തു.
കണ്ണൂര്‍, ആലപ്പുഴ സ്പിന്നിംഗ് മില്ലുകളുടെ ജനറല്‍ മാനേജര്‍മാര്‍ക്ക് എം.ഡിയുടെ അധിക ചുമതലയും നല്‍കി. എന്നാല്‍ പുതിയ നിയമനങ്ങള്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് വ്യവസ്ഥ വച്ചിട്ടില്ല. പുതിയ എം.ഡി നിയമനങ്ങള്‍ക്കും സ്ഥാപനങ്ങളുടെ ചീഫ് എക്‌സിക്യൂട്ടീവ് ചുമതല വഹിക്കുന്നവര്‍ക്കും നിര്‍ബന്ധമായും വിജിലന്‍സ് ക്ലിയറന്‍സ് വേണമെന്ന് 2017 ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. എന്നാല്‍ ഈ ഉത്തരവ് പാലിക്കാതെ വീണ്ടും പുതിയ നിയമനങ്ങളും പുതിയ അധിക ചുമതലകള്‍ വരുന്നതും ഈ മേലയില്‍ അഴിമതി വര്‍ധിക്കാന്‍ കാരണമാകുമെന്ന് തൊഴിലാളി യൂനിയനുകള്‍ ആരോപിക്കുന്നു.
രണ്ടാമതും വിജിലന്‍സ് അന്വേഷണം നേരിടുന്ന കെ.എസ്.ടി.സി.യുടെ എട്ട് മില്ലുകളുടെ ചുമതലയുള്ള എം.ഡിയെയും 100 കോടിയുടെ അഴിമതി ആരോപണത്തില്‍ അന്വേഷണം നേരിടുന്ന കൊല്ലം സഹകരണ സ്പിന്നിങ് മില്‍, കോട്ടയം പ്രിയദര്‍ശനി സ്പിന്നിങ് മില്‍ എന്നിവയുടെ ചുമതലയുള്ള എം.ഡി അരുള്‍ സെല്‍വനെയും ഉടന്‍ നീക്കം ചെയ്യാന്‍ മുഖ്യമന്ത്രി വ്യവസായ വകുപ്പിനു നിര്‍ദേശം നല്‍കിയതായി സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."