റോമ പൂത്തുലഞ്ഞപ്പോള്‍ വസന്തത്തിന് ചുവപ്പായിരുന്നു
റോമ കത്തിയെരിഞ്ഞതല്ല, പൂത്തുവിടര്‍ന്നതായിരുന്നു. അങ്ങകലെ മാഞ്ചസ്റ്റര്‍ ചുവപ്പാണെന്ന് ലിവര്‍പൂള്‍ പെയ്‌തൊഴിഞ്ഞു. ബാഴ്‌സലോണ തലതാഴ്ത്തി മടങ്ങി, വിഖ്യാതരായ മെസ്സിയും സുവാരസും ഇനിയെസ്റ്റയും.
ക്ലോപ്പിനെ വിശ്വാസമാണെന്ന് ലിവര്‍പൂളുകാര്‍ ചങ്ക് പൊട്ടി പറഞ്ഞതിന്റെ പൊരുളാണ് മൈതാനത്ത് കണ്ടത്. പെപ് ഗെര്‍ഡിയോള പൂരിപ്പിക്കാതെ വിട്ട ദ്വിമാന സമവാക്യത്തെ യുര്‍ഗന്‍ ക്ലോപ്പ് ലസാഗു ഉപയോഗിച്ച് പൂര്‍ണമാക്കി.
രണ്ടാം മിനുട്ടില്‍ ഗോള്‍ പിറന്നപ്പോള്‍ ഗാലറിയെ നോക്കി ഗെര്‍ഡിയോള ആക്രോശിച്ചതില്‍ കാര്യങ്ങള്‍ വ്യക്തമായിരുന്നു. പിന്നീടങ്ങോട്ട് തിരമാല കണക്കെ ഇളംനീല കുപ്പായക്കാരുടെ കാവ്യ മനോഹര നീക്കങ്ങള്‍. മാലയില്‍ മുത്ത് കോര്‍ക്കും വിധം അവര്‍ നെയ്ത് നെയ്ത് മുന്നോട്ട്, പന്തുമായി കുതിച്ച കാഴ്ച സുന്ദരം. പക്ഷേ എന്തോ ഒരു കുറവുണ്ടായിരുന്നു. അതുതന്നെയായിരുന്നു സിറ്റിയെ പിന്നോട്ടടിച്ചതും. കടുത്ത ആക്രമണം നടക്കുമ്പോഴൊക്കെ ലിവര്‍പൂള്‍ താരങ്ങള്‍ വലിയ ഉത്സാഹമൊന്നും കാണിച്ചില്ല. ലോങ് പാസുകളിലൂടെയുള്ള പ്രത്യാക്രമണ തന്ത്രം ആദ്യ പകുതിയില്‍ ഒരിക്കല്‍ പോലും വിജയം കണ്ടതുമില്ല.
രണ്ടാം പകുതിയില്‍ കളി മാറി. ക്ലോപ്പ് അതേ ശൈലിയില്‍ തിരിച്ചടിക്കാന്‍ തീരുമാനിച്ചതോടെ സിറ്റിയുടെ ആക്രമണങ്ങള്‍ക്ക് ഉടനടിയുള്ള പ്രത്യാക്രമണങ്ങള്‍ തന്നെ മറുപടിയായി വന്നു. കളി മുറുകി. ആദ്യ പകുതിയില്‍ ഡിബ്രുയ്‌നും ഫെര്‍ണാണ്ടീഞ്ഞോയും സ്റ്റെര്‍ലിങും ലിറോയ് സനെയും ഡേവിഡ് സില്‍വയും കളം നിറഞ്ഞു. രണ്ടാം പകുതിയില്‍ ആ ചോദ്യങ്ങള്‍ക്കെല്ലാം ക്ലോപ്പ് ഉത്തരവുമായി വന്നു. സാദിയോ മാനെ, ഫിര്‍മിനോ, മുഹമ്മദ് സലാഹ് ത്രയത്തിന്റെ മിന്നല്‍ നീക്കങ്ങള്‍ സിറ്റിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. ആദ്യം സലാഹും പിന്നീട് ഫിര്‍മിനോയും വല ചലിപ്പിച്ചു. ഫിര്‍മിനോയുടെ ഗോളില്‍ എല്ലാം തീരുമാനമായെന്ന് ഗെര്‍ഡിയോളയുടെ ആ സമയത്തെ ശരീരഭാഷ വ്യക്തമാക്കി. ആ ഗോള്‍ പിറന്ന നിമിഷത്തില്‍ തല കുമ്പിട്ട് അദ്ദേഹം ഇരുന്നുപോയി. പിന്നീട് സില്‍വയെ പിന്‍വലിച്ച് അഗ്യെറോയേയും ഇല്‍കെ ഗുണ്ടകനേയും ഒക്കെ പരീക്ഷിച്ചെങ്കിലും മറുതന്ത്രം മെനഞ്ഞ് ക്ലോപ്പ് തീര്‍ത്ത വിസ്മയം എത്തിഹാദ് സ്റ്റേഡിയത്തെ ചുവന്ന കടലാക്കി മാറ്റി കഴിഞ്ഞിരുന്നു.
ബാഴ്‌സലോണ വിട്ട ശേഷം കാണുന്ന ഗെര്‍ഡിയോള എപ്പോഴും മഹാഭാരതത്തിലെ അഭിമന്യുവിനെ ഓര്‍മപ്പെടുത്തുന്നു. പത്മവ്യൂഹം ചമച്ച് എതിരാളികളെ അരിഞ്ഞ് വീഴ്ത്തി മുന്നേറിയ അഭിമന്യുവിന് നിര്‍ണായക ഘട്ടത്തില്‍ തിരിച്ചിറങ്ങാനുള്ള തന്ത്രം അറിയാതെ കുഴങ്ങിപ്പോകുന്ന അവസ്ഥ.
റോമ ചാരത്തില്‍ നിന്ന് ഉയിര്‍ത്താണ് മൈതാനത്തേക്ക് വന്നത്. എതിരാളികള്‍ ആരെന്നത് അവരെ കുഴക്കുന്ന ചോദ്യമേ ആയിരുന്നില്ല. തൊട്ടപ്പുറത്തെ മാന്ത്രിക സാന്നിധ്യങ്ങളെ പൗരാണിക നഗരത്തിന്റെ ഹൃദയത്തില്‍ വച്ച് നിഷ്പ്രഭരാക്കി മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പ് സഫലമാക്കി അവര്‍ നടന്നുകയറി.
ബാഴ്‌സലോണ അപരാജിതരായാണ് റോമിലേക്ക് വന്നത്. സ്വന്തം നാട്ടില്‍ വിജയിച്ചതിന്റെ ആത്മവിശ്വാസവും അവര്‍ക്കുണ്ടായിരുന്നു. പക്ഷേ റോമയുടെ പൊരുതാനുള്ള മനോവീര്യം തകര്‍ക്കാന്‍ ബാഴ്‌സയ്ക്ക് സാധിക്കാതെ പോയി എന്നിടത്ത് മത്സരത്തിന്റെ ഉത്തരമുണ്ട്. അതിലേക്ക് ഇതും ചേര്‍ക്കാം. എഡിന്‍ സെക്കോ തുടങ്ങി വച്ചത്, ക്യാപ്റ്റന്‍ ഡി റോസ്സി പെനാല്‍റ്റിയിലൂടെ മുന്നോട്ട് കൊണ്ടുപോയത്, മനോലസ് തല വച്ച് പൂര്‍ത്തിയാക്കി. വിജയത്തില്‍ കുറഞ്ഞതൊന്നും പൂര്‍ണത നല്‍കില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് റോമ പൊരുതിക്കയറിയത്. കഴിഞ്ഞ തവണ നൗകാംപില്‍ ബാഴ്‌സലോണ പാരിസ് സെന്റ് ജെര്‍മെയ്‌നെ പരാജയപ്പെടുത്തിയതിന്റെ മറ്റൊരു തുടര്‍ച്ച. ഒരു ഭാഗത്ത് ബാഴ്‌സ തന്നെ എത്തിയത് കാവ്യനീതി.
ഇനിയെസ്റ്റയുടെ നിസഹായത നിറഞ്ഞ മുഖത്തെ ഭാവങ്ങളില്‍ ബാഴ്‌സയുടെ പരാജയത്തിന്റെ ആഴം വ്യക്തമായിരുന്നു. അവസാന വിസില്‍ മുഴങ്ങാന്‍ നേരത്ത് റോമ താരങ്ങളുടെ മുഖത്ത് കണ്ട വിസ്മയമൊളിപ്പിച്ച ആനന്ദത്തിലുമുണ്ടായിരുന്നു സ്വപ്ന നിമിഷം കണ്‍മുന്നില്‍ കണ്ട പ്രതീതി.
ദിവസങ്ങള്‍ക്ക് മുന്‍പ് എത്തിഹാദ് സ്റ്റേഡിയത്തിലെത്തി വിജയം സ്വന്തമാക്കിയപ്പോള്‍ യുനൈറ്റഡ് പറഞ്ഞു മാഞ്ചസ്റ്റര്‍ ചുവന്നിട്ടാണ്. ലിവര്‍പൂള്‍ അത് ഉറപ്പാക്കി. അങ്ങകലെ ഇറ്റലിയിലെ ചരിത്ര നഗരത്തോട് ബാഴ്‌സലോണ വിട പറയുമ്പോള്‍ മറ്റൊരു ചുവന്ന കുപ്പായക്കാരും അതുതന്നെ പറഞ്ഞു. വസന്തത്തിന് ചുവപ്പാണെന്ന്...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."