ഐക്യരാഷ്ട്ര സഭയില്‍ കേരളം നിറഞ്ഞുനിന്ന ദിനം
കൊല്ലം: സംസ്ഥാന സര്‍ക്കാര്‍ കുണ്ടറ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ഇടം പദ്ധതി സുസ്ഥിര വികസനത്തിന്റെ മാതൃകയായി അവതരിക്കപ്പെട്ട ദിവസം ഐക്യരാഷ്ട്ര സഭയില്‍ കേരളം നിറഞ്ഞുനിന്നു. ആഗോള സമൂഹത്തിനു മുന്നില്‍ വികസനത്തിലെ കേരള മോഡല്‍ ചര്‍ച്ചയായതിനൊപ്പം സംസ്ഥാനത്തിന്റെ വികസന നായകരെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളെയുംകുറിച്ച് പരാമര്‍ശവുമുണ്ടായി.
വിപ്ലവം നിങ്ങള്‍ക്ക് കയറ്റുമതി ചെയ്യാനാവില്ല, അതുപോലെതന്നെയാണ് സമൃദ്ധിയും എന്ന് ഇന്ത്യന്‍ നയന്ത്രരംഗത്തെ അതികായനായിരുന്ന വി.കെ കൃഷ്ണമേനോന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് മോഡറേറ്ററായിരുന്ന യുനൈറ്റഡ് നാഷന്‍സ് അക്കാദമിക് ഇംപാക്ട് മേധാവി രാമു ദാമോദരന്‍ സമ്മേളനത്തിന് തുടക്കം കുറിച്ചത്.
കേരള മോഡല്‍ വികസനത്തിനും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന നാലു മിഷനുകള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടാണ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ സംസാരിച്ചത്. കേരളത്തിന്റെ വികസന മുന്നേറ്റത്തിന് അടിത്തറ പാകുന്നതില്‍ തിരുവിതാംകൂര്‍ രാജകുടുംബവും ശ്രീനാരായണ ഗുരുവിനെയും അയങ്കാളിയെയും പോലെയുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും നല്‍കിയ സംഭാവനകള്‍ മന്ത്രി അനുസ്മരിച്ചു. ചരിത്രത്തിലെ ആദ്യ ജനാധിപത്യ സര്‍ക്കാരായി ഇ.എം.എസിന്റെ നേതൃത്തില്‍ ഒരു കമ്യൂനിസ്റ്റ് ഭരണകൂടത്തെ തെരഞ്ഞെടുത്ത സവിശേഷതയും കേരളത്തിനു സ്വന്തമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ജനപങ്കാളിത്തത്തോടെയുള്ള കേരളത്തിന്റെ വികസന മാതൃക ആഗോളതലത്തില്‍തന്നെ ശ്രദ്ധേയമാണ്. ഇതിന്റെ പല ഘടകങ്ങളും യു.എന്‍.ഡി.പി സ്വീകരിക്കുകയും ചെയ്തു. മാനവ വികസന സൂചികയില്‍ കേരളം രാജ്യത്ത് ഒന്നാമതാണ്. വികസിത രാജ്യങ്ങളുടേതിനോട് താരതമ്യം ചെയ്യാവുന്ന ഈ സൂചികതന്നെ കേരള മോഡല്‍ വികസനത്തിന്റെ ഫലപ്രാപ്തി വ്യക്തമാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ ആവശ്യങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കുമൊത്തവിധം സര്‍ക്കാരുകള്‍ നയപരിപാടികള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനത്തിന് സഹായകമാകുന്നത് ഉയര്‍ന്ന രാഷ്ട്രീയ അവബോധമാണ്. സുസ്ഥിരവും സമഗ്രവുമായ വികസനം ലക്ഷ്യമിടുന്ന നാലു ദൗത്യങ്ങളാണ് ഇപ്പോള്‍ കേരളം നടപ്പാക്കിവരുന്നതെന്നും മന്ത്രി പറഞ്ഞു.
ലൈഫ് മിഷന്റെ നിര്‍വഹണ സംവിധാനത്തെക്കുറിച്ച് വിശദമാക്കിയ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ എല്ലാവര്‍ക്കും ഭവനം ഉറപ്പാക്കുന്നതിലൂടെ പുതുയുഗത്തിലേക്കാണ് കേരളം ചുവടുവയ്ക്കുന്നതെന്ന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."