വേനല്‍ച്ചൂടിനൊപ്പം പനിച്ചൂടും: രോഗപ്രതിരോധം പേരില്‍ മാത്രം
മലപ്പുറം: വേനല്‍ച്ചൂടിനൊപ്പം ജില്ലയില്‍ പനിച്ചൂടും കൂടുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആറായിരത്തിലധികം പേരാണ് പനി ബാധിച്ചു ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടിയെത്തിയത്. ഒരു ദിവസം ശരാശരി ആയിരം പേരാണ് വൈറല്‍ പനിയുടെ ലക്ഷണങ്ങളുമായി ആശുപത്രികളിലെത്തുന്നത്.
സ്വകാര്യ ആശുപത്രികളിലെ കണക്കുകള്‍കൂടി പരിഗണിക്കുമ്പോള്‍ പനി ബാധിതരുടെ എണ്ണം കൂടും. മറ്റു ജില്ലകളെ അപേക്ഷിച്ചു മലപ്പുറത്തു പനി ബാധിതരുടെ എണ്ണം കൂടുതലാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. പനിക്കു പുറമേ ഈ മാസം രണ്ടു പേര്‍ക്കു മലേറിയയും ബാധിച്ചിട്ടുണ്ട്. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളോടെ ഒരാളും ചികിത്സ തേടിയിട്ടുണ്ട്. വേനല്‍ച്ചൂട് കൂടിയതും കുടിവെള്ള ക്ഷാമത്തിന് ആക്കംകൂടിയതും ജലജന്യരോഗങ്ങളുടെ വ്യാപനത്തിനു കാരണമായേക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം വളരെ കൂടുതലായിരുന്നു. ഡെങ്കിപ്പനിയും എലിപ്പനിയും മറ്റു പകര്‍ച്ചവ്യാധികളും കഴിഞ്ഞ വര്‍ഷം കൂടതലായിരുന്നു.
അതേസമയം, കഴിഞ്ഞ വര്‍ഷം രോഗം പടര്‍ന്നുപടിച്ചതു പരിഗണിച്ച് ഈ വര്‍ഷം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്നവെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങളൊന്നും കാര്യക്ഷമമായി നടന്നില്ല. 'ആരോഗ്യ ജാഗ്രത' എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ കാംപയിനാണ് രൂപം നല്‍കിയിരുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് ആരോഗ്യ സ്ഥാപനങ്ങളുടെയും ആശുപത്രിയുടെയും ശുചീകരണം, ഗൃഹസന്ദര്‍ശനം, രോഗപ്രതിരോധ അവസ്ഥാ നിര്‍ണയം, പ്രത്യേക ഗ്രാമസഭ ചേര്‍ന്നു ശുചിത്വ സ്‌ക്വാഡുകളുടെ രൂപീകരണം, പൊതു സ്ഥലങ്ങളുടെ ശുചീകരണം തുടങ്ങിയ കാര്യങ്ങള്‍ ഈ വര്‍ഷം ജനുവരിയില്‍ പൂര്‍ത്തീകരിക്കേണ്ട പദ്ധതികളായിരുന്നു. എന്നാല്‍, ജില്ലയിലെ പല പഞ്ചായത്തുകളിലും ഇതൊന്നും സമയബന്ധിതമായി പൂര്‍ത്തീകരിച്ചിട്ടില്ല.
മാര്‍ച്ച് മാസത്തില്‍ വീടുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയവയില്‍ സമ്പൂര്‍ണ ശുചീകരണം നടത്തുകയും തുടര്‍ന്ന് ആഴ്ചയിലൊരിക്കല്‍ ആരോഗ്യ ജാഗ്രതാ ദിനാചരണം നടത്തണമെന്നും കഴിഞ്ഞ കാലങ്ങളില്‍ രോഗം പടര്‍ന്നുപിടിച്ച പ്രദേശങ്ങളില്‍ല്‍ കൊതുകുകള്‍ പെരുകുന്നതിനെതിരേ പ്രത്യേക ഇടപെടലുകള്‍ നടത്തണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഇതും കാര്യക്ഷമമായി നടന്നിട്ടില്ല.
ഏപ്രില്‍, മെയ് മാസങ്ങളില്‍ ചെയ്തുതീര്‍ക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി നടപ്പിലാക്കിയിട്ടില്ലെങ്കില്‍ ജില്ലയില്‍ പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുമെന്നാണ് ആശങ്ക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."