കുഴല്‍ക്കിണര്‍ കുഴിക്കുന്നതിന് മെയ് 31 വരെ നിയന്ത്രണം
കണ്ണൂര്‍: ജില്ലയെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനും ഭൂജലം സംരക്ഷിച്ചു നിര്‍ത്തുന്നതിനുമായി സ്വകാര്യ കുഴല്‍ക്കിണര്‍ കുഴിക്കുന്നതിന് ദുരന്തനിവാരണ നിയമം2005 ലെ 34 വകുപ്പ് (ജെ) പ്രകാരം മെയ് 31 വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
ഇതു പ്രകാരം പൊതു കുടിവെളള സ്രോതസ്സുകളില്‍ നിന്ന് 30 മീറ്ററിനുള്ളില്‍ പുതിയതായി കുഴല്‍ക്കിണര്‍ നിര്‍മ്മിക്കാന്‍ പാടുള്ളതല്ല. കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലമുടമ പൂര്‍ണമായ മേല്‍ വിലാസം, കുഴല്‍ക്കിണര്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം, സര്‍വ്വേ നമ്പര്‍, നിര്‍മ്മിക്കുന്നതിന്റെ ആവശ്യം എന്നീ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള അപേക്ഷ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത്മുനിസിപ്പാലിറ്റിമുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി മുമ്പാകെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ ലഭിച്ചാല്‍ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് മുനിസിപ്പാലിറ്റിമുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി സ്ഥലം പരിശോധിച്ച് കുടിവെളളത്തിന്റെ ആവശ്യത്തിന് മാത്രമാണ് കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുന്നതെന്നും, അപേക്ഷകന് സ്വന്തമായി കുടിവെളളം ലഭ്യമാകുന്ന കിണറോ, കുടിവെളള കണക്ഷനോ, 30 മീറ്ററിനുള്ളില്‍ പൊതു കുടിവെളള സ്രോതസ്സോ ഇല്ലെന്നുമുറപ്പുള്ള കേസുകളില്‍ അനുമതി നല്‍കിക്കൊണ്ടും, അനുമതി നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അപേക്ഷ നിരസിച്ചു കൊണ്ടും ഉത്തരവ് നല്‍കേണ്ടതാണ്. കുഴല്‍ക്കിണര്‍ കുഴിക്കുന്ന ഏജന്‍സികള്‍ ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ക്ക് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റിമുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയില്‍ നിന്ന് അനുമതി പത്രം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കുഴല്‍ക്കിണര്‍ നിര്‍മ്മിച്ചതിന് ശേഷം വെള്ളം കച്ചവടം ചെയ്യുന്നതായോ, അമിതമായ തോതിലുള്ള ജല ചൂഷണമോ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് മുനിസിപ്പാലിറ്റിമുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി കുഴല്‍ക്കിണറിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെപ്പിക്കേണ്ടതാണ്. അനുമതി നല്‍കിയ കുഴല്‍ക്കിണറുകളുടെ എണ്ണം, നിരസിച്ച അപേക്ഷകളുടെ എണ്ണം തുടങ്ങിയ വിശദവിവരങ്ങള്‍ ആഴ്ച തോറും കലക്ടറേറ്റിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണെന്നും ഉത്തരവില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."