ടാക്സി വിളിച്ച് പണം നല്‍കാതെ മുങ്ങിയ സംഭവം; പൊലിസ് ഇരുട്ടില്‍ തപ്പുന്നു
സ്വന്തം ലേഖകന്‍
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നു ടാക്സി വിളിച്ച യുവതി പണം നല്‍കാതെ മുങ്ങിയ സംഭവത്തില്‍ പൊലിസ് ഇരുട്ടില്‍ തപ്പുന്നു. സംഭവം നടന്ന് രണ്ടര മാസം പിന്നിട്ടിട്ടും യുവതിയുടെ ഫോട്ടോ പുറത്തു വന്നിട്ടും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കേസന്വേഷിക്കുന്ന ടൗണ്‍ പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. എറണാകുളം തിരുത്തൂര്‍ പുത്തന്‍വേലിക്കര സ്വദേശിനിയായ യുവതിയാണ് തട്ടിപ്പ് നടത്തിയതെന്ന് സംഭവം നടന്ന് ദിവസങ്ങള്‍ക്കകം പൊലിസ് സ്ഥിരീകരിച്ചിരുന്നു.
എന്നാല്‍ ഈ വിലാസം വ്യാജമായിരുന്നെന്നും ഇവരെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നുമാണ് പരാതിക്കാരനായ കക്കോടി സ്വദേശി എം. ഷിനോജിനോട് പൊലിസുകാര്‍ പറയുന്നത്. കഴിഞ്ഞ ജനുവരി 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി എട്ടോടെ റെയില്‍വേ സ്റ്റേഷന് പരിസരത്തു നിന്നു എറണാകുളത്തേക്ക് യുവതി ഷിനോജിന്റെ ടാക്സി വിളിക്കുകയായിരുന്നു. പെരുമ്പാവൂരിലെ ജയറാമിന്റെ വീട്ടിലേക്കാണെന്ന് പറഞ്ഞാണ് യാത്ര തുടങ്ങിയത്. പെരുമ്പാവൂരില്‍ എത്തിയ ശേഷം പാലാരിവട്ടത്തെ ഒരു കന്യാസ്ത്രീ മഠത്തില്‍ ഇറങ്ങുകയും ഇവിടെ നിന്നു യുവതി മുങ്ങുകയുമായിരുന്നു. 6000 രൂപയോളമാണ് ഷിനോജിന് ലഭിക്കാനുള്ളത്. പാലാരിവട്ടം സ്റ്റേഷനിലും പരാതി എഴുതി നല്‍കിയിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല. ഒടുവില്‍ എറണാകുളത്തെ ടാക്സി ഡ്രൈവര്‍മാര്‍ പിരിച്ചു നല്കിയ പണം കൊണ്ട് ഡീസലടിച്ചാണ് ഷിനോജ് നാട്ടിലേക്ക് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."