അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തില്‍ യുവജനങ്ങളുടെ മരണക്കളി
കട്ടപ്പന: അധികൃതരുടെ അവഗണനയില്‍ കാലഹരണപ്പെട്ട തൂക്കുപാലത്തില്‍ യുവജനങ്ങളുടെ മരണക്കളി. അയ്യപ്പന്‍കോവില്‍ ചന്തക്കടവില്‍ 2012-13 വര്‍ഷത്തില്‍ 2,05,34,115 രൂപ മുടക്കിയാണ് തൂക്കുപാലം നിര്‍മിച്ചത്.
മധ്യവേനല്‍ അവധി ആരംഭിച്ചപ്പോള്‍ മുതല്‍ പ്രകൃതി സൗന്ദര്യം നുകരാന്‍ നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. ഇവിടെയെത്തുന്ന യുവതീയുവാക്കള്‍ സാഹസികതക്ക് തൂക്കുപാലം തിരഞ്ഞെടുക്കുകയാണ്. 2012ല്‍ പണിത തൂക്കുപാലം അധികൃതരുടെ അവഗണനയാല്‍ തകര്‍ന്നുകിടക്കുന്നതാണ് പ്രശ്‌നമാകുന്നത്. തൂക്കുപാലം ഗേടറിലാണ് ഉറപ്പിച്ചിരിക്കുന്നത്. ഇതിന്റെ നട്ടുകള്‍ എല്ലാം ഇളകി ദ്രവിച്ചു. കൈവരികള്‍ തുരുമ്പെടുത്ത് ഒടിഞ്ഞു തൂങ്ങിക്കിടക്കുകയാണ്. ഏതുസമയവും നിലംപതിക്കുന്ന അവസ്ഥയില്‍ നില്‍ക്കുന്ന പാലത്തിന്റെ കമ്പികളിലാണ് യുവതീയുവാക്കള്‍ സാഹസികത നിറയുന്ന അഭ്യാസമുറകള്‍ കാണിക്കുന്നത്.
കഴിഞ്ഞവര്‍ഷം ഒരു സ്‌കൂള്‍കുട്ടി പാലത്തില്‍നിന്ന് ചാടിയ സംഭവവും ഉണ്ടായി. പാലത്തിനടിയില്‍ വെള്ളമുണ്ടായിരുന്നതിനാല്‍ കുട്ടിയെ രക്ഷപ്പെടുത്താനായി. എന്നാല്‍ ഇപ്പോള്‍ വെള്ളമില്ലാത്തതിനാല്‍ പാലത്തില്‍നിന്നു വീണാല്‍ അപകടം ഗുരുതരമാകും.
പാലം 2013ല്‍ പണി പൂര്‍ത്തിയാക്കിയെങ്കിലും ഇതുവരെ ഉദ്ഘാടനംപോലും നടത്തിയിട്ടില്ല. രണ്ടു പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ നിര്‍മിച്ചിരിക്കുന്ന പാലത്തിന്റെ ഉടമസ്ഥാവകാശവും ആരും ഏറ്റെടുത്തിട്ടുമില്ല.
ഇതാണ് പാലം അനാഥമായി നശിക്കാന്‍ കാരണം. ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും പാലം സംരക്ഷിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
മധ്യവേനല്‍ ആരംഭിച്ചതോടെ ദിവസവും ഉച്ചക്കുശേഷം വിനോദ സഞ്ചാരികളുടെ വന്‍തിരക്കാണുണ്ടാകുന്നത്. പൊലിസിന്റെ ശ്രദ്ധയും ഇല്ലാത്തതിനാല്‍ യുവതീയുവാക്കളും സാമൂഹ്യവിരുദ്ധരുമെല്ലാം അഴിഞ്ഞാടുകയാണെന്ന് സമീപവാസികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."