നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേയും പി.എച്ച്.സികളിലേയും ഒ.പി പ്രവര്‍ത്തിച്ചില്ല
നിലമ്പൂര്‍: ജില്ലാ ആശുപത്രിയിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും രോഗികള്‍ വലഞ്ഞിട്ടും കണ്ണില്‍ ചോരയില്ലാതെ ഡോക്ടര്‍മാര്‍. വലഞ്ഞത് നൂറുകണക്കിന് രോഗികള്‍. ആശുപത്രിയിലെത്തിയ ശേഷമാണ് ഭൂരിഭാഗം രോഗികളും ഡോക്ടര്‍മാരുടെ സമരത്തെ കുറിച്ചറിഞ്ഞത്. സമരത്തിന്റെ പേരില്‍ ആശുപത്രികളില്‍ അത്യാസന്ന നിലയിലായ രോഗികളെ പോലും തിരിഞ്ഞുനോക്കാത്ത ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസിന് ഒരു കുറവും വരുത്തിയില്ല. സമരം അറിയാതെയാണ് ഉള്കാടുകളില് നിന്നുള്ള ആദിവാസി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിയത്.
35 ഡോക്ടര്‍മാരില്‍ മൂന്നുപേരാണ് ആകെ ജില്ലാ ആശുപത്രിയില്‍ ഇന്നലെ പരിശോധന നടത്തിയത്. ഒന്പതുപേര് രജിസ്റ്ററില്‍ ഒപ്പുവച്ചെങ്കിലും ആരെയും കണികാണാന്‍ കിട്ടിയില്ല. അത്യാഹിത വിഭാഗത്തില്‍ ആകെ ഒരു ഡോക്ടറാണ് ഉണ്ടായിരുന്നത്. മറ്റൊരാള്‍ ഉണ്ടായിരുന്നുവെങ്കിലും പരിശോധനക്ക് എത്തിയില്ല. എന്‍.ആര്.എച്ച്.എം ഡോക്ടര്‍മാരും ഡ്യൂട്ടിക്കെത്തിയില്ല.
അത്യാഹിതമായി മാത്രം എത്തിയവരെ റഫര്‍ ചെയ്യുകയും ചെയ്തു. മുറിവ് സ്ഥിരമായി ഡ്രസ് ചെയ്തുവന്നിരുന്ന റെയില്‍വേ പരിസരത്തെ അബ്ബാസിനെ അത്യാഹിത വിഭാഗത്തില്‍ നിന്നും മടക്കിവിട്ടതും ബഹളത്തിനിടയാക്കി. ഗര്‍ഭിണികളുടെ ഒ.പി ദിവസമായിട്ടും അതും പ്രവര്‍ത്തിച്ചില്ല. വാഹനങ്ങള്‍ വിളിച്ചു ദൂര സ്ഥലങ്ങളില്‍ നിന്നു വന്നവര്‍ ഒടുവില്‍ സ്വകാര്യ ആശുപത്രികളില്‍ അഭയം തേടി. അതേസമയം പത്തരവരെ സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രതിഷേധം ഭയന്ന് പിന്നീട് അതും നിര്‍ത്തിവച്ചു. മുണ്ട, മമ്പാട്, തേള്‍പ്പാറ പി.എച്ച്.സികളും പ്രവര്‍ത്തിച്ചില്ല. ഡി.എം.ഒ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."