ചിത്രലേഖയോട് ഈ സര്‍ക്കാരിന് എന്തിനിത്ര പക?
ചെറുത്തുനില്‍ക്കുന്ന സ്ത്രീകള്‍ നേരിടേണ്ടി വരിക ക്രൂരമായ അതിക്രമങ്ങളും പീഡനങ്ങളുമായിരിക്കും. അതിനാല്‍ പലരും പോരാട്ടവഴിയില്‍ തളര്‍ന്നുവീഴും. ചിലര്‍ എതിരാളികളോടു സമരസപ്പെട്ടു ജീവിതം തള്ളിനീക്കും. എന്നാല്‍ വിധേയപ്പെടേണ്ട സ്ത്രീയല്ലെന്നു തിരിച്ചറിഞ്ഞ ചുരുക്കം ചിലര്‍ വീണ്ടും കൂടുതല്‍ കരുത്തോടെ പൊരുതും. അതില്‍ ഒരാളാണ് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ എടാട്ടെ ഓട്ടോഡ്രൈവര്‍ ചിത്രലേഖ. സി.പി.എമ്മിന്റെ ജാതിവിവേചനത്തിന്റെയും തൊഴില്‍നിഷേധത്തിന്റെയും പ്രതീകമായിരുന്നു കഴിഞ്ഞ ഒന്നര പതിറ്റാണ്ട് ചിത്രലേഖയെന്ന ദലിത് സ്ത്രീ.
ചിത്രലേഖയുടെ ഓട്ടോറിക്ഷ മനുഷ്യാവകാശ ലംഘനത്തിന്റെ പ്രതീകമായി നിരത്തിലിറങ്ങാതെ കിടന്നു. ചിത്രലേഖ ഒരു ദലിത് സ്ത്രീയും പ്രതിയോഗി സി.പി.എമ്മുമാകുമ്പോള്‍ ഈ പോരാട്ടം നിലവിലുള്ള എല്ലാ വര്‍ഗ-വംശീയ വ്യവസ്ഥിതിക്കും എതിരുകൂടിയാകുന്നു. എണ്ണമറ്റ ദലിതരും ന്യൂനപക്ഷക്കാരും ഇടതുപക്ഷ പ്രസ്ഥാനത്തിനൊപ്പം അണിചേര്‍ന്നു സ്വന്തമായി അഞ്ചു സെന്റ് ഭൂമിയുടെ ഉടയോരായത് ചരിത്രം കൂടിയാണ്. ഇവിടെ ചരിത്രം മാറുന്നു. ചിത്രലേഖയ്ക്ക് കണ്ണൂര്‍ കാട്ടാമ്പള്ളിയില്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച അഞ്ചു സെന്റ് ഭൂമി രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ഇടതുപക്ഷ സര്‍ക്കാര്‍ തിരിച്ചുപിടിക്കുകയാണ്. കലിയുടെ കണ്ണൂര്‍ രാഷ്ട്രീയത്തെ മാറ്റിനിര്‍ത്താം. കേരളത്തിന്റെ പൊതുമനഃസാക്ഷിയോട് സി.പി.എമ്മും പിണറായി സര്‍ക്കാരും മറുപടി പറയേണ്ടി വരും. എങ്ങനെ നേടിയതാണെങ്കിലും ഒരു ദലിത് സ്ത്രീയില്‍നിന്ന് അഞ്ചു സെന്റ് ഭൂമിയുടെ കൈവശരേഖ തിരിച്ചുവാങ്ങുമ്പോള്‍ ന്യായീകരണം കണ്ടെത്തുക ഏതു പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലത്തിലാണെന്നു വ്യക്തമാക്കുക തന്നെ വേണ്ടതുണ്ട്.
അഞ്ചു ലക്ഷവുമില്ല, അഞ്ചു സെന്റും തരില്ല
ജാതിവിവേചനത്തിനും തൊഴില്‍നിഷേധത്തിനുമെതിരേ സമരം ചെയ്താണ് ദേശീയ മാധ്യമങ്ങളില്‍ വരെ ചിത്രലേഖ ശ്രദ്ധിക്കപ്പെടുന്നത്. ഒരു ദലിത് സ്ത്രീ, അതും സ്വന്തമായി അധ്വാനിച്ചു കുടുംബത്തെ പോറ്റാന്‍ പുറപ്പെട്ട ഒരു വനിതാ ഓട്ടോ ഡ്രൈവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങളുടെ നേര്‍ക്കാഴ്ചകളാണ് 14 വര്‍ഷത്തെ അവരുടെ ജീവിതം. ചിത്രലേഖയ്ക്കു വീടു വയ്ക്കാന്‍ മുന്‍ സര്‍ക്കാര്‍ നല്‍കിയ അഞ്ചു സെന്റ് ഭൂമിയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇപ്പോള്‍ റദ്ദാക്കിയത്. ചിറക്കല്‍ പഞ്ചായത്തിലെ കാട്ടാമ്പള്ളിയില്‍ രണ്ടു വര്‍ഷം മുന്‍പു സ്ഥലം അനുവദിച്ച തീരുമാനം റദ്ദാക്കുന്നതായി അറിയിച്ചുകൊണ്ടുള്ള റവന്യൂ അഡിഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്റെ ഉത്തരവാണ് ഒരു സാധാരണ തപാലില്‍ കഴിഞ്ഞ ദിവസം ചിത്രലേഖയ്ക്കു ലഭിച്ചത്.
കെ.എം ഷാജി എം.എല്‍.എയുടെയും അബൂദബിയിലെ മുസ്‌ലിം ലീഗ് കൂട്ടായ്മയായ ഗ്രീന്‍വോയ്‌സിന്റെയും സഹായത്തോടെ അഞ്ചു സെന്റില്‍ വീടുപണി പാതിവഴിയില്‍ എത്തിനില്‍ക്കുമ്പോഴാണു സര്‍ക്കാരിന്റെ ഈ തീരുമാനം. പയ്യന്നൂര്‍ എടാട്ട് ആറു സെന്റ് ഭൂമി ചിത്രലേഖയ്ക്കു സ്വന്തമായുണ്ടെന്നതാണു ഭൂമിദാനം റദ്ദാക്കാന്‍ റവന്യൂ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്ന കാരണം. എന്നാല്‍ എടാട്ടെ ഭൂമി തന്റെ അമ്മയുടെ അമ്മയ്ക്കു സര്‍ക്കാരില്‍നിന്നു പതിച്ചു കിട്ടിയതാണെന്നും അത് അവരുടെ പേരിലാണെന്നും ചിത്രലേഖ പറയുന്നു. നിലവില്‍ കാട്ടാമ്പള്ളിയില്‍ വാടകവീട്ടിലാണു ചിത്രലേഖയും ഭര്‍ത്താവും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. ഭൂമിക്കു പുറമെ വീടു വയ്ക്കാനുള്ള സഹായധനമായി അഞ്ചു ലക്ഷം രൂപ കൂടി നല്‍കാമെന്ന് നേരത്തെ യു.ഡി.എഫ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ എല്‍.ഡി.എഫ് അധികാരത്തില്‍ വന്നയുടന്‍ ആ തീരുമാനം റദ്ദാക്കി; ഇപ്പോള്‍ ഇതാ ഭൂമിയും.
ഊരുവിലക്കിയും പീഡനം
പട്ടിണിയോടു പടവെട്ടിയാണ് 14 വര്‍ഷം മുന്‍പ് ചിത്രലേഖ തന്റെ ഓട്ടോറിക്ഷയുമായി എടാട്ടെ സ്റ്റാന്‍ഡിലെത്തിയത്. എന്നാല്‍ ഒരു 'പൊലച്ചി'(പുലയസ്ത്രീ)യായി മാത്രം ചിത്രലേഖയെ കാണാനേ സി.ഐ.ടി.യു പ്രവര്‍ത്തകരായ ഓട്ടോഡ്രൈവര്‍മാര്‍ക്കും കഴിഞ്ഞുള്ളൂ. 'പൊലച്ചീം വണ്ടീം കൊണ്ട് വന്നല്ലോ'' എന്നായിരുന്നു ഓട്ടോ തൊഴിലാളികളുടെ ആദ്യ പ്രതികരണം തന്നെ. ഇതിനു പിറകെ ആണാധിപത്യത്തിന്റെയും വംശീയതയുടെയും ജാതീയതയുടെയും പരസ്യപ്രകടനവുമായി അപ്രഖ്യാപിത തൊഴില്‍ വിലക്കും വന്നു.
ഊരുവിലക്കിനെ കൂസാതെ അവര്‍ ഓട്ടോയുമായി വീണ്ടും സ്റ്റാന്‍ഡിലെത്തി. എന്നാല്‍ സി.പി.എമ്മിന്റെയും സി.ഐ.ടി.യുവിന്റെയും എതിര്‍പ്പിനെ തുടര്‍ന്ന് ഓട്ടോതൊഴില്‍ പലതവണ അവസാനിപ്പിക്കേണ്ടി വന്നു. അവരുടെ ഓട്ടോയില്‍ യാത്ര ചെയ്യുന്നവരെ വരെ ഭീഷണിപ്പെടുത്തി. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ കത്തിച്ചും അവര്‍ പകവീട്ടി. പലവിധ എതിര്‍പ്പുകളും മറികടന്നാണ് പാര്‍ട്ടി ഗ്രാമത്തില്‍ ചിത്രലേഖ കുടുംബത്തോടൊപ്പം ജീവിച്ചത്. മുന്‍പ് ഓട്ടോ തീവച്ചു നശിപ്പിച്ചതിനെ തുടര്‍ന്ന് സുഹൃത്തുക്കളും പൗരാവകാശ പ്രവര്‍ത്തകരും പിരിവെടുത്തു വാങ്ങിക്കൊടുത്ത പുതിയ ഓട്ടോയും നശിപ്പിക്കപ്പെട്ടു.
എടാട്ട് താമസിക്കാനോ തൊഴിലെടുക്കാനോ കഴിയാതായ സാഹചര്യത്തില്‍ 2015ല്‍ നാലു മാസത്തോളം കണ്ണൂര്‍ കലക്ടറേറ്റിനു മുന്‍പില്‍ കുടിലുകെട്ടി ചിത്രലേഖ രാപകല്‍ സമരം നടത്തി. പിന്നീട് തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനു മുന്‍പിലും ആഴ്ചകളോളം സമരം നടത്തി. ഇതിനെ തുടര്‍ന്നാണ് 2016 മാര്‍ച്ചില്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ചിറയ്ക്കല്‍ പഞ്ചായത്തിലെ കാട്ടാമ്പള്ളിയില്‍ അഞ്ചു സെന്റ് ഭൂമി ചിത്രലേഖയ്ക്ക് അനുവദിച്ചത്.
പോരാട്ടം ബോളിവുഡിന്റെ അഭ്രപാളിയിലേക്കും
ചിത്രലേഖയുടെ ജീവിതം ബോളിവുഡില്‍ സിനിമയാകുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിന്റെ പിറ്റേന്നാണ് ഭൂമി റദ്ദു ചെയ്തുകൊണ്ടുള്ള സര്‍ക്കാരിന്റെ ഉത്തരവും വന്നത്. ചിത്രലേഖയുടെ പോരാട്ടവും ജീവിതവും ബോളിവുഡിന്റെ അഭ്രപാളിയിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്. ബ്രിട്ടീഷ് ചലച്ചിത്രകാരന്‍ ഫ്രെയ്‌സര്‍ സ്‌കോട്ട് ഇതിനായി കണ്ണൂരില്‍ എത്തി ചിത്രലേഖയുമായി സംസാരിച്ചു കഴിഞ്ഞു. ബോളിവുഡ് ചലച്ചിത്രകാരന്‍ ശേഖര്‍ കപൂര്‍ ചിത്രലേഖയെക്കുറിച്ച് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് അവരെ ആഗോളശ്രദ്ധയിലേക്ക് ഉയര്‍ത്തിയത്. 'ഫൂലന്‍ ദേവിയോളം ധീരയായ വനിത' എന്ന കമന്റോടെയായിരുന്നു ശേഖര്‍ കപൂര്‍ ആ ചിത്രം പങ്കുവച്ചത്.
ചിത്രലേഖയുടെ ജീവിതം ബോളിവുഡ് സിനിമയായാല്‍ അത് ഏറെ ബാധിക്കുക സി.പി.എമ്മിനെയായിരിക്കും. സി.പി.എമ്മിന്റെ ദലിത് നിലപാട് വിദ്യാബാലന്‍ മുഖ്യകഥാപാത്രമാകുന്ന ഈ ചിത്രത്തിലൂടെ ദേശീയ രാഷ്ട്രീയത്തിലും ആഗോളതലത്തില്‍ വരെ ചര്‍ച്ചയായേക്കും. ഗുജറാത്തിലെ ദലിത് പോരാട്ട നായകന്‍ ജിഗ്‌നേഷ് മേവാനി സംസ്ഥാനത്ത് മുന്‍പൊരു പാര്‍ട്ടി വേദി ബഹിഷ്‌കരിച്ചത് ചിത്രലേഖക്കെതിരേയുള്ള സി.പി.എം നിലപാടില്‍ പ്രതിഷേധിച്ചായിരുന്നുവെന്നതു ബന്ധപ്പെട്ടവര്‍ മറന്നുകാണില്ല.
പിന്തുണയുമായി പ്രബുദ്ധകേരളം
ചിത്രലേഖയ്ക്ക് പിന്തുണയുമായി പ്രബുദ്ധകേരളം കൂടെയുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചിത്രലേഖയുടെ വീട്ടില്‍ എത്തി. വീടിന്റെ രണ്ടാംഘട്ട നിര്‍മാണത്തിനു കൂട്ടായി സാമൂഹിക, മനുഷ്യാവകാശ പ്രവര്‍ത്തകരും ഒപ്പമുണ്ട്.
ചിത്രലേഖ മുന്നോട്ടുവയ്ക്കുന്നത് ഒരു വലിയ സാമൂഹികപാഠം കൂടിയാണ്. സര്‍ക്കാരുകള്‍ തുടര്‍ച്ചയായ ഭരണസംവിധാനമായിരിക്കെയാണ് ഒരു ദലിത് സ്ത്രീയെ അഞ്ചു സെന്റ് ഭൂമിയുടെ ഉടമയാക്കിയ ഒരു മുഖ്യമന്ത്രിയുടെ തീരുമാനം മറ്റൊരു മുഖ്യമന്ത്രി തിരുത്തുന്നത്. ഇപ്പോള്‍ പതിച്ചുനല്‍കിയ ഭൂമി, നാളെ ഏതൊരാളുടെ ചികിത്സാ സഹായവും തിരിച്ചെടുക്കാന്‍ രാഷ്ട്രീയവൈര്യത്തിന്റെ പേരില്‍ ഭരണകര്‍ത്താക്കള്‍ മടിച്ചേക്കില്ലെന്നര്‍ഥം.
ചിത്രലേഖയ്ക്കു പറയാനുള്ളത്
2004 മുതല്‍ 2018 വരെ ഞാന്‍ അനുഭവിച്ചത് സി.പി.എമ്മിന്റെ കടുത്ത ജാതീയ പീഡനങ്ങളും അതിക്രമങ്ങളും ഊരുവിലക്കുമാണ്. അതിന് ഇന്നും അറുതിയായിട്ടില്ല. ഈ വര്‍ഷം ജന്മനാട്ടില്‍നിന്നു മാറി കണ്ണൂര്‍ കാട്ടാമ്പള്ളിയില്‍ കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച അഞ്ചു സെന്റ് ഭൂമിയില്‍ വീടുപണി മുക്കാല്‍ഭാഗവും തീര്‍ന്നിരിക്കുകയാണ്. അതിനിടക്കാണ് സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആ ഭൂമി റദ്ദ് ചെയ്തിരിക്കുന്നത്. ഇതിനു കാരണമായി പറയുന്നത് എനിക്ക് പയ്യന്നൂര്‍ എടാട്ടില്‍ ആറു സെന്റ് ഭൂമിയുണ്ടെന്നാണ്. എന്നാല്‍, അതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം വിശദമായി ബോധ്യപ്പെടുത്തിയ ശേഷമാണ് കഴിഞ്ഞ സര്‍ക്കാര്‍ എനിക്കു ഭൂമി അനുവദിച്ചത്.
സ്വയം തൊഴില്‍ ചെയ്തു ജീവിക്കാനുള്ള സാഹചര്യവും ജീവനും സ്വത്തിനും സംരക്ഷണവും ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ഞാന്‍ സമരങ്ങള്‍ നടത്തിയത്. ഈ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു തരുന്ന കാര്യത്തില്‍ ജില്ലാ ഭരണകൂടം പാടെ പരാജയമായിരുന്നു. അന്നത്തെ മുഖ്യമന്ത്രി കലക്ടറുമായും പൊലിസ് സൂപ്രണ്ടുമായും നടത്തിയ ചര്‍ച്ചയിലും അനുകൂല സമീപനമുണ്ടായില്ല. തുടര്‍ന്നാണ് എന്റെ വിഷയം മനസിലാക്കി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എനിക്കു ഭൂമി അനുവദിക്കാന്‍ അനുമതി നല്‍കിയത്. സി.പി.എം കോട്ടയായ ചേലോറയിലായിരുന്നു ആദ്യം ഭൂമി കണ്ടെത്തിയത്. ഞാനതു നിരസിച്ച ശേഷമാണ് കാട്ടാമ്പള്ളിയിലെ ഭൂമി അനുവദിച്ചുകിട്ടുന്നത്.
ഇവിടെയുള്ള 10 സെന്റ് ഭൂമി അമ്മൂമ്മയ്ക്കു കുടികിടപ്പായി കിട്ടിയതാണെന്ന് ജില്ലാ നേതൃത്വം ആണയിട്ടു പറയുമ്പോഴും ചിത്രലേഖയ്ക്ക് ആറു സെന്റ് ഭൂമിയുണ്ടെന്നു കാരണമുണ്ടാക്കി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്ന അഞ്ചു സെന്റ് ഭൂമി തിരിച്ചുപിടിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തത്. എന്നെ വീണ്ടും ആക്രമിക്കാനുള്ള സി.പി.എമ്മിന്റെ തൃഷ്ണയും വ്യഗ്രതയുമാണ് ഇതു കാണിക്കുന്നത്.
എന്റെയും കുടുംബത്തിന്റെയും ശവത്തില്‍ ചവിട്ടി മാത്രമേ ഈ വീട്ടില്‍നിന്ന് ഞങ്ങളെ ഇറക്കിവിടാന്‍ കഴിയൂ. പട്ടയം ലഭിച്ച ഈ അഞ്ച് സെന്റ് ഭൂമിയില്‍ നികുതിയും അടക്കുന്നുണ്ട്്. കുടിക്കടം പകര്‍ത്തി അത് ബാങ്കില്‍ ഈടു വച്ചാണ് അഞ്ചു ലക്ഷം രൂപ വീട് പണിയാനായി അര്‍ബന്‍ ബാങ്കില്‍നിന്നു വായ്പയെടുത്ത്. ഈ ഭൂമിയാണ് ഇപ്പോള്‍ തങ്ങള്‍ക്കു നല്‍കാന്‍ കഴിയില്ലെന്നു സര്‍ക്കാര്‍ പറയുന്നത്. ഇത് സി.പി.എമ്മിന്റെ സംസ്ഥാന നേതാക്കള്‍ കൂടി അറിഞ്ഞുകൊണ്ടുള്ള കാര്യമാണ്. അവര്‍ ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ല, വേണമെങ്കില്‍ ഞങ്ങളെ കൊന്നു ശവം തിന്നുകൊള്ളൂ. സി.പി.എം തകര്‍ത്തത് എന്റെ ജീവിതം മാത്രമല്ല, ഊരുവിലക്കും തൊഴില്‍ നിഷേധവുമെല്ലാം ബാധിച്ചതു കുട്ടികളുടെ പഠനത്തെയും അവരുടെ ജോലിയെയുമാണ്. ഈ സ്ഥലം ഒരിക്കലും വിട്ടുകൊടുക്കില്ല. നിയമപരമായി നീങ്ങും. വീടുപണിയുമായി മുന്നോട്ടുപോകും. വീടിന്റെ പണി ഏതാണ്ട് കഴിയാറായി. സണ്‍ഷെയ്ഡ് വാര്‍പ്പ് കഴിഞ്ഞിരിക്കുകയാണ്.
പണ്ട് കള്ളു കുടിപ്പിച്ചും മറ്റും വയലില്‍ പാവങ്ങളെയും കീഴാള സമൂഹങ്ങളെയും കൊണ്ടു ജന്മിമാര്‍ പണിയെടുപ്പിച്ച കാലം കഴിഞ്ഞുവെന്നാണ് എനിക്കു പറയാനുള്ളത്. ഇനിയും തൊഴിലാളി വര്‍ഗ പാര്‍ട്ടിയെന്നു പറഞ്ഞു നടക്കാന്‍ സി.പി.എമ്മിന് അവകാശമില്ല. ദലിത് സംരക്ഷണം, സ്ത്രീ സംരക്ഷണം എന്നൊക്കെ പറഞ്ഞ് ഇനിയും അധികാരത്തിലേറാമെന്ന് അവര്‍ കരുതുകയും വേണ്ട.''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."