'ജസ്റ്റിന്‍ ഫെര്‍ണാണ്ടസ്' ക്രിക്കറ്റ് താരങ്ങളെ വാര്‍ത്തെടുക്കുന്ന ഫാക്ടറി
കല്‍പ്പറ്റ: ചുരത്തിന് മുകളില്‍ ക്രിക്കറ്റ് താരങ്ങളെ വാര്‍ത്തെടുക്കാനായി ഒരു ഫാക്ടറി പ്രവര്‍ത്തിക്കുന്നുണ്ട്. അതിലെ പ്രധാന എന്‍ജിനീയറാണ് ചരിത്രത്തില്‍ ആദ്യമായി ഒരു കിരീടത്തില്‍ മുത്തമിട്ട കേരള ക്രിക്കറ്റ് ടീമിന്റെ സഹപരിശീലകന്‍ കൂടിയായ ജസ്റ്റിന്‍ ഫെര്‍ണാണ്ടസ്. ജസ്റ്റിന്റെ ശിക്ഷണത്തില്‍ നിരവധി താരങ്ങളാണ് കേരളവും കടന്ന് ക്രിക്കറ്റ് ക്രീസില്‍ പാഡണിയുന്നത്. അതില്‍ പ്രധാനിയാണ് കേരള വനിതാ ക്രിക്കറ്റ് ടീമിനെ ചരിത്ര നേട്ടത്തിലേക്ക് കൈപിടിച്ച് നടത്തിയ സജന സജീവന്‍. ഒപ്പം ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ചാംപ്യന്‍ഷിപ്പ് കേരളത്തിലേക്ക് കൊണ്ടുവന്ന മിന്നു മണി, ഐ.വി ദൃശ്യ, സാന്ദ്ര, സൗരഭ്യ എന്നീ താരങ്ങളും.
അണ്ടര്‍ 16 സൗത്ത്‌സോണ്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച അഖിന്‍ സത്താര്‍ എന്ന വേഗത്താനും ജസ്റ്റിന്റെ പരിശീലനക്കളരിയില്‍ നിന്ന് ഉദിച്ചുയര്‍ന്ന താരമാണ്. കേരളത്തിന്റെ വിവിധ കാറ്റഗറിയിലുള്ള ടീമുകള്‍ക്കായി പാഡണിയുന്ന രഹന്‍ സായ്, മുഹമ്മദ് സിനാന്‍, സച്ചിന്‍ എം.എസ് അങ്ങിനെ നീണ്ടു പോകുകയാണ് ജസ്റ്റിന്റെ ശിഷ്യഗണങ്ങള്‍. കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ കൃഷ്ണഗിരിയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ക്രിക്കറ്റ് അക്കാദമിയുടെ കോച്ചാണ് എട്ടു വര്‍ഷമായി ജസ്റ്റിന്‍. അസോസിയേഷന്‍ മികച്ച പരിശീലകര്‍ക്കായി 2011ല്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ആ വര്‍ഷം നേടിയ ജസ്റ്റിന്‍ അണ്ടര്‍-19 പുരുഷ ടീമിന്റെ സഹ പരിശീലകനായാണ് സംസ്ഥാനതലത്തില്‍ ശ്രദ്ധ നേടിയത്. തുടര്‍ന്നാണ് വനിതകളുടെ സീനിയര്‍, അണ്ടര്‍-23 ടീമുകളുടെ സഹ പരിശീലകനായി ചുമതലയേറ്റത്. സ്ഥാനമേറ്റെടുത്ത ആദ്യവര്‍ഷം തന്നെ കിരീടം നേടി അഭിമാന നേട്ടത്തില്‍ പങ്കാളിയാവാനും ഈ കല്‍പ്പറ്റക്കാരന് സാധിച്ചു. ബി.സി.സി.ഐയുടെ കോച്ചിങിലെ ഒ, എ ലെവല്‍ കടമ്പകള്‍ പൂര്‍ത്തീകരിച്ച ജസ്റ്റിന്‍ ബി ലെവല്‍ കടമ്പ കടക്കാനുള്ള ശ്രമത്തിലാണ്. എ ലെവലിന്റെ മുഴുവന്‍ കടമ്പകളും പൂര്‍ത്തീകരിച്ച ജില്ലയില്‍ നിന്നുള്ള ഏക പരിശീലകനും ജസ്റ്റിനാണ്.
കല്‍പ്പറ്റ കെന്റ് ക്രിക്കറ്റ് ക്ലബിനായി വിവിധ മത്സരങ്ങളില്‍ ഇടംകൈയില്‍ സ്പിന്‍ മാന്ത്രികത ഒളിപ്പിച്ച് നിരവധി വിക്കറ്റുകള്‍ വാരിക്കൂട്ടിയ ജസ്റ്റിന്‍ ബാറ്റുകൊണ്ടും മികവ് തെളിയിച്ചിരുന്നു. കല്‍പ്പറ്റ കൈരളി നഗറിലെ അന്ന ജോബിയുടെ മകനായ ജസ്റ്റിന്‍ അണ്ടര്‍-23 വനിതകള്‍ കേരളത്തിനായി അഭിമാന നേട്ടം കൈവരിച്ചപ്പോള്‍ താന്‍ രാകി മിനുക്കിയെടുത്ത അഞ്ച് താരങ്ങള്‍ക്കൊപ്പം തനിക്കും കിരീട നേട്ടത്തില്‍ പങ്കാളിയാവാനായതിന്റെ സന്തോഷവും മറച്ചുവെക്കുന്നില്ല. ഇനിയും പുതുതാരങ്ങളെ പോരാട്ടത്തിന് പാകപ്പെടുത്തിയെടുക്കാനുള്ള തിരക്കിലാണ് ഈ വയനാട്ടുകാരന്‍. ഈ ഉദ്യമത്തിന് പൂര്‍ണ പിന്തുണയുമായി വയനാട് ക്രിക്കറ്റ് അസോസിയേഷനും ജസ്റ്റിനൊപ്പമുണ്ട്. ജീനയാണ് ജസ്റ്റിന്റെ ഭാര്യ. ജെറിന്‍, ജെനിന്‍ എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."