പ്രകടമായത് വര്‍ഗീയവാദികള്‍ക്കും ഭരണകൂടത്തിനുമെതിരേയുള്ള ജനരോഷം: സമസ്ത
കോഴിക്കോട്: ജമ്മുകശ്മിരിലെ കത്‌വയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ വര്‍ഗീയവാദികള്‍ക്കെതിരേയും അതിന്കൂട്ടുനിന്ന ഭരണകൂടത്തോടുമുള്ള ജനരോഷമാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് പ്രകടമായതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരും പ്രസ്താവനയില്‍ പറഞ്ഞു. കത്‌വയിലെ എട്ടു വയസുകാരിയുടേയും ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പതിനെട്ടുകാരിയുടെയും പീഡനകൊലപാതകം ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയെ നാണം കെടുത്തിയ സംഭവങ്ങളാണ്.
എല്ലാവിധ മാനുഷിക മൂല്യങ്ങളും കാറ്റില്‍പറത്തി വര്‍ഗീയ വിധ്വംസക ശക്തികള്‍ നാട്ടില്‍ ചെയ്തുകൊണ്ടിരിക്കുന്ന തെമ്മാടിത്ത പരമ്പരയിലെ ഒടുവിലത്തെ സംഭവമാണ് ജമ്മുകശ്മിരിലെ കത്‌വയില്‍ കണ്ടത്. ഭരണാധികാരികളുടെ നിസംഗതയും അക്രമകാരികളോടുള്ള മൃദുസമീപനവുമാണ് ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. ഇനിയൊരു കത്‌വയും ഉന്നാവോയും രാജ്യത്ത് ആവര്‍ത്തിച്ചുകൂടാ.
വര്‍ഗീയവാദികളെ നിലക്കുനിര്‍ത്താന്‍ അധികൃതര്‍ തയാറാവണം. പ്രതികൂല സാഹചര്യം മുതലെടുത്ത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ചില ഛിദ്രശക്തികളുടെ ശ്രമങ്ങള്‍ പൊതുജനങ്ങള്‍ തിരിച്ചറിയണമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."