പൊലിസിനെ മര്യാദ പഠിപ്പിക്കാന്‍ ഉന്നതതല യോഗം
ഷാഡോ സംഘത്തെ നിയന്ത്രിക്കും
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള പൊലിസ് സേനാംഗങ്ങള്‍ക്ക് നല്ല നടപ്പ് നിര്‍ദേശിക്കാന്‍ സംസ്ഥാന പൊലിസ് മേധാവി ഉന്നതതല യോഗം വിളിച്ചു.
വ്യാഴാഴ്ച പൊലിസ് ആസ്ഥാനത്താണ് യോഗം കൂടുക. ക്രമസമാധാന ചുമതലയിലുള്ള എസ്.പിമാര്‍, ജില്ലാ പൊലിസ് മേധാവിമാര്‍, ഐ.ജിമാര്‍, എ.ഡി.ജി.പിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ഇന്നലെ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. പൊലിസ് സേനയുടെ ദിശമാറുന്നുവെന്നും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രവൃത്തികള്‍ ഇനി സര്‍ക്കാരിന് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും ഉടന്‍ യോഗം വിളിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പൊലിസ് മേധാവിയോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര യോഗം വിളിയ്ക്കാന്‍ ഡി.ജി.പി തീരുമാനിച്ചത്.
യോഗത്തില്‍ ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെ ജനങ്ങളുമായി പ്രവര്‍ത്തിക്കണമെന്ന മാനദണ്ഡം പ്രഖ്യാപിക്കും. കൂടാതെ ക്രിമിനല്‍ പൊലിസുകാര്‍ക്കെതിരേ കര്‍ശന നിലപാട് സ്വീകരിക്കണമെന്നും, പൊലിസ് സേനയെ പ്രതിക്കൂട്ടിലാക്കുന്ന പൊലിസുകാര്‍ക്ക് സംരക്ഷണ കവചം ഒരുക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും യോഗത്തില്‍ തീരുമാനമുണ്ടാകും.
ജില്ലാ പൊലിസ് മേധാവിമാരുടെ നിയന്ത്രണത്തിലുള്ള ഷാഡോ പൊലിസിനെ നിയന്ത്രിക്കുന്നത് സംബന്ധിച്ചും യോഗത്തില്‍ തീരുമാനമുണ്ടാകും. ഇതു സംബന്ധിച്ച് എല്ലാ ജില്ലാ പൊലിസ് മേധാവിമാരോടും റിപ്പോര്‍ട്ട് കൈമാറാന്‍ സംസ്ഥാന പൊലിസ് മേധാവി നിര്‍ദേശം നല്‍കി.
കൂടാതെ ഷാഡോ പൊലിസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഇന്റലിജന്‍സിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയിലെ ഷാഡോ പൊലിസ് സംഘത്തെക്കുറിച്ച് ഉയര്‍ന്ന പരാതിയെ തുടര്‍ന്നാണ് നടപടി.
പെറ്റി കേസിന്റെ പേരില്‍ പിടിയിലായ യുവാക്കളില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ചെന്നാണ് കൊച്ചി സിറ്റി പൊലിസ് കമ്മിഷണറുടെ ഷാഡോ സ്‌ക്വാഡിനെ കുറിച്ച് ഡി.ജി.പിക്ക് കിട്ടിയ പരാതി. നേരത്തെ ജേക്കബ് പുന്നൂസ് സംസ്ഥാന പൊലിസ് മേധാവിയായിരുന്നപ്പോള്‍ ഇത്തരത്തില്‍ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍, ഈ നിര്‍ദേശം ലംഘിച്ചാണ് എല്ലാ ജില്ലകളിലും ജില്ലാ പൊലിസ് മേധാവിമാരുടെ കീഴില്‍ ഷാഡോ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഷാഡോ സ്‌ക്വാഡ് വേണമോ എന്ന് ഇനി തീരുമാനിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."