ബാങ്കുകളില്‍ നിയമനത്തിന് കോഴ വാങ്ങുന്നതായി ആരോപണം
തൃശൂര്‍: ഗുരുവായൂരില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള മൂന്ന് സഹകരണ ബാങ്കുകളില്‍ നിയമനത്തിന് വന്‍തോതില്‍ കോഴ വാങ്ങുന്നതായും പരാതി നല്‍കിയിട്ടും ഡി.സി.സി, കെ.പി.സി.സി നേതൃത്വം യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍മാരും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്ന് രാജി നല്‍കിയതായും അവര്‍ അറിയിച്ചു.
ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍മാരായ ബഷീര്‍ പുക്കോട്, പ്രസാദ്, ടി.കെ വിനോദ്കുമാര്‍, ബൂത്ത് പ്രസിഡന്റ് രാജേന്ദ്രന്‍ കണ്ണോത്ത്, മുന്‍ മണ്ഡലം പ്രസിഡന്റ് പി.കെ മോഹനന്‍ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളില്‍ നടക്കുന്ന അഴിമതിയുടെ വിവരങ്ങള്‍ പറഞ്ഞത്. ഇതില്‍ പ്രതിഷേധിച്ച് തങ്ങളുള്‍പ്പടെയുള്ള 10 ബൂത്ത് പ്രസിഡന്റുമാരും 50ഓളം പാര്‍ട്ടി ഭാരവാഹികളും ഭാരവാഹിത്വങ്ങള്‍ രാജിവച്ചതായും അവര്‍ അറിയിച്ചു.
ജില്ലയിലെ കെ.പി.സി.സി നിര്‍വാഹക സമിതിയംഗവും മുന്‍ മന്ത്രിയുമായിരുന്ന നേതാവിന്റെ പിന്തുണയിലാണ് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക്, കാര്‍ഷിക സഹകരണ ബാങ്ക്, റൂറല്‍ ബാങ്ക് എന്നിവിടങ്ങളില്‍ വന്‍തോതില്‍ നിയമനത്തിന് കോഴ വാങ്ങുന്നത്. ജില്ലയിലെ മൂന്ന് ഡി.സി.സി സെക്രട്ടറിമാര്‍ ഈ ബാങ്കുകളിലെ ഡയരക്ടര്‍മാരാണ്. ഇതിനു മുമ്പും ഗുരുവായൂരിലെ റൂറല്‍, അര്‍ബന്‍, കാര്‍ഷിക ബാങ്കുകളിലെ നിയമന അഴിമതികള്‍ സംബന്ധിച്ച് ഡി.സി.സിക്കും കെ.പി.സി.സിക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല.
ഒരു ബാങ്ക് നിയമനത്തിന് 30 ലക്ഷം രൂപവരേയാണ് കൈക്കൂലിയായി വാങ്ങുന്നത്. കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ലാത്ത ബി.ജെ.പി, സി.പി.എം അനുഭാവികളെയാണ് ഇത്തരത്തില്‍ കോഴ വാങ്ങി നിയമിക്കുന്നത്. കഴിഞ്ഞ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരേ സി.പി.എമ്മിനൊപ്പം പരസ്യമായി പ്രവര്‍ത്തിച്ച ടി.എ ഷാജിയെയാണ് ഇപ്പോള്‍ പൂക്കോട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുത്തിട്ടുള്ളതെന്നും ഭാരവാഹിത്വം രാജിവച്ചവര്‍ കുറ്റപ്പെടുത്തി. കോഴ വാങ്ങി നിയമനങ്ങള്‍ നടത്തുന്ന ബാങ്ക് ഭരണ സമിതികള്‍ പിരിച്ചുവിടണമെന്നും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുന്നതുവരെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറിനില്‍ക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."