സമരം പരാജയപ്പെട്ടതിനു പിന്നാലെ കെ.ജി.എം.ഒ.എയില്‍ പൊട്ടിത്തെറി
തിരുവനന്തപുരം: സമരം പരാജയപ്പെട്ടതിന് പിന്നാലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എയില്‍ പൊട്ടിത്തെറി. സംസ്ഥാന നേതൃത്വം രാജിവയ്ക്കണമെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അടിയന്തര യോഗം കൂടി ആവശ്യപ്പെട്ടു.
സമരപ്രഖ്യാപനവും തുടര്‍ന്ന് കൈകാര്യം ചെയ്തതും അപക്വമായിട്ടാണെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആരോപിച്ചു. സമരം കൈകാര്യം ചെയ്യുന്നതില്‍ നേതൃത്വം പൂര്‍ണപരാജയമായിരുന്നെന്ന് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. സമരത്തിലൂടെ ഡോക്ടര്‍മാരെക്കുറിച്ച് ജനങ്ങളുടെ ഇടയില്‍ തെറ്റായ സന്ദേശം എത്തുന്നതിന് കാരണമായെന്നും വിമര്‍ശനം ഉണ്ടായി.
അതേസമയം, കഴിഞ്ഞ ദിവസം ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ട പ്രകാരം ആര്‍ദ്രം മിഷന്റെ ഭാഗമായ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പ്രായോഗിക വിഷമതകള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചു. കെ.ജി.എം.ഒ.എ പ്രതിനിധികള്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തി അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതാണ് ലക്ഷ്യം.
മെയ് ആദ്യവാരം മന്ത്രിതല ചര്‍ച്ച നടത്തിയതിനു ശേഷം എന്തൊക്കെ മാറ്റങ്ങള്‍ വേണമെന്ന് തീരുമാനിക്കും. ഇതിന്റെ ആദ്യ ചര്‍ച്ച ഇന്നലെ കെ.ജി.എം.ഒ.എ പ്രതിനിധികളുമായി നടന്നു. ആരോഗ്യ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍ സരിത, ആര്‍ദ്രം സ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് ഡോ.ജമീല, ആര്‍ദ്രം നോഡല്‍ ഓഫിസര്‍ ഡോ.ജഗദീഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."