ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കണമെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് ക്രിമിനല്‍ കേസുകളില്‍ സമന്‍സും വാറന്റും നടപ്പാക്കുന്നതില്‍ പൊലിസിന്റെ ഭാഗത്തുനിന്ന് തുടര്‍ച്ചയായുണ്ടാകുന്ന വീഴ്ച പരിഹരിക്കാന്‍ ഡി.ജി.പി സമഗ്ര സര്‍ക്കുലര്‍ ഇറക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ പൊലിസ് ഉദ്യോഗസ്ഥര്‍ പാലിക്കുന്നെന്ന് നിരീക്ഷിക്കാന്‍ സംവിധാനം വേണമെന്നും സിംഗിള്‍ബെഞ്ചിന്റെ വിധിയില്‍ പറയുന്നു. സമന്‍സും വാറന്റും നടപ്പാക്കാന്‍ പൊലിസ് വീഴ്ച വരുത്തുന്നതിനാല്‍ വിചാരണ വൈകുന്ന കേസുകളുടെ എണ്ണം കൂടി വരികയാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ തീരുമാനം.
ആലുവ സ്വദേശി ഹംസ നല്കിയ ഹരജി പരിഗണിക്കവേയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. തന്നെ മര്‍ദിച്ച കേസില്‍ സാക്ഷികളെ പൊലിസ് ഹാജരാക്കാത്തതിനാല്‍ വിചാരണ അനന്തമായി നീളുന്നുവെന്ന് ആരോപിച്ചാണ് ഹരജിക്കാരന് കോടതിയെ സമീപിച്ചത്.
ഹരജിയിലെ ഇടക്കാല ഉത്തരവിനെത്തുടര്‍ന്ന് സാക്ഷികളെ പൊലിസ് ഹാജരാക്കി വിചാരണ നടത്തി. എന്നാല്‍ സമന്‍സും വാറന്റും നടപ്പാക്കാന്‍ പൊലിസ് വീഴ്ച വരുത്തുന്നതില്‍ പരിശോധന വേണമെന്ന് വിലയിരുത്തിയ സിംഗിള്‍ ബെഞ്ച് ഡി.ജി.പിയെ ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തു.
പൊലിസ് ഉദ്യോഗസ്ഥര്‍ പ്രതികളോ സാക്ഷികളോ ആകുന്ന കേസുകളിലാണ് പ്രധാനമായും സാക്ഷികള്‍ ഹാജരാകാന്‍ മടിക്കുന്നതെന്നും ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ നീതി നിര്‍വഹണത്തെ ബാധിക്കുമെന്നും സിംഗിള്‍ബെഞ്ച് വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."