വീട്ടു തൊഴിലാളികള്‍ക്ക് ഏകീകൃത നയം രൂപീകരിക്കുന്നു
റിയാദ്: ഗാര്‍ഹിക തൊഴിലാളികളായി റിക്രൂട്ട് ചെയ്യുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സംയുക്തമായി പൊതു നയം രൂപീകരിക്കാന്‍ ധാരണയിലെത്തി. ജി.സി.സി അംഗ രാജ്യങ്ങളില്‍ ഖത്തര്‍ ഒഴികെയുള്ള സഊദി അറേബ്യ, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ അഞ്ചു രാജ്യങ്ങളാണ് തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ധാരണയിലെത്തിയത്. നിയമന ഫീസ്, തൊഴില്‍ മാറ്റം, കുറഞ്ഞ വേതനം എന്നിവയിലായിരിക്കും ആദ്യ ഘട്ടത്തില്‍ പൊതുനയം രൂപീകരിക്കുക. ഈജിപ്തിലെ കെയ്‌റോയില്‍ നടന്ന 45 ാമത് തൊഴില്‍ സമ്മേളനത്തിന്റെ ഭാഗമായി ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയിലെത്തിയത്.
അന്താരാഷ്ട്ര തൊഴില്‍ നിയമത്തിന്റെ തത്വങ്ങള്‍ അംഗീകരിച്ചായിരിക്കും നയം രൂപീകരിക്കുക. ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ പൂര്‍ണമായും പാലിച്ച് പ്രാവര്‍ത്തികമാകുന്ന നയത്തിന്റെ രൂപരേഖയും ശിപാര്‍ശകളും തയാറാക്കാനായി കമ്മിറ്റി രൂപീകരിക്കാനും സമ്മേളനം തീരുമാനിച്ചിട്ടുണ്ട്. ചില വിദേശ രാജ്യങ്ങള്‍ ഗാര്‍ഹിക തൊഴിലാളികള്‍ നേരിടുന്ന പീഡനങ്ങള്‍ ഉയര്‍ത്തിക്കാട്ടി തൊഴിലാളികളെ അയക്കുന്നത് നിര്‍ത്തിവച്ച സാഹചര്യത്തിലാണ് പദ്ധതികളുമായി ഗള്‍ഫ് രാജ്യങ്ങള്‍ രംഗത്തെത്തിയത്. യു.എ.ഇ അടക്കമുള്ള ചില രാജ്യങ്ങളില്‍ നേരത്തെ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് നിയമം നടപ്പാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."