എച്ച്.ഡി.എഫ്.സി ബാങ്കുകള്‍ ഉപരോധിക്കും
കൊച്ചി: ജീവനക്കാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് നടത്തുന്ന എച്ച്.ഡി.എഫ്.സി ലൈഫ് ഓഫിസ് ഉപരോധം എച്ച്.ഡി.എഫ്.സി ബാങ്കുകള്‍ ഉപരോധിക്കുന്നതിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ന്യൂ ജനറേഷന്‍ ബാങ്ക്‌സ് ആന്റ് ഇന്‍ഷുറന്‍സ് സ്റ്റാഫ് അസോസിയേഷന്‍ (സി.ഐ.ടി.യു) ഭാരവാഹികള്‍ പറഞ്ഞു.
തിരുവനന്തപുരം വഴുതക്കാട്, തിരുവല്ല, ആലപ്പുഴ, പാലാരിവട്ടം, കോട്ടയം കെ.കെ റോഡ്, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലെ ബാങ്കുകളാണ് ഇന്ന് ഉപരോധിക്കുന്നത്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്നതുവരെ ഉപരോധം തുടരും.
പോളിസിയില്‍ ചേര്‍ക്കുന്നതിന് വേണ്ട രേഖകള്‍ ഓണ്‍ലൈനായി തയാറാക്കുന്നതിന് വേണ്ട ഇലക്‌ട്രോണിക് യന്ത്രം ജീവനക്കാര്‍ സ്വന്തം പണം മുടക്കി വാങ്ങണമെന്ന് കമ്പനി ഉത്തരവിട്ടിരുന്നു. ഇത് സംഘടന ചോദ്യം ചെയ്തു. ഇപ്പോള്‍ അതിന്റെ തുടര്‍ച്ചയായി ബയോ മെട്രിക് ഡിവൈസ് സിസ്റ്റം വാങ്ങണമെന്ന് നിര്‍ബന്ധിക്കുകയാണ്. ഇതും സ്വീകാര്യമല്ലെന്ന് യൂനിയന്‍ അറിയിച്ചു. എന്നാല്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും അത് ബലമായി എടുക്കാനുള്ള തീരുമാനവുമായി മാനേജ്‌മെന്റ് മുന്നോട്ടു പോയി. ഇത് സംബന്ധിച്ച് കേന്ദ്ര ലേബര്‍ കമ്മിഷണറുടെ മുന്നില്‍ തര്‍ക്കം ഉന്നയിച്ചു. 22ന് പണിമുടക്കിന് നോട്ടിസ് നല്‍കുകയും ചെയ്തു.
16ന് ചര്‍ച്ച നടത്താന്‍ ലേബര്‍ കമ്മിഷണര്‍ വിളിച്ച സാഹചര്യത്തില്‍ 13ന് 13ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്തുന്ന സംവിധാനം പിന്‍വലിച്ച് അവരെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് ഇറക്കുകയുമാണ് മാനേജ്‌മെന്റ് ചെയ്തത്. ട്രേഡ് യൂനിയന്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തുന്ന ബാങ്ക് മാനേജ്‌മെന്റിനെതിരെ സമരം ശക്തമാക്കാനാണ് തീരുമാനമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എന്‍ ഗോപിനാഥ്, ന്യൂ ജനറേഷന്‍ ബാങ്ക്‌സ് ആന്റ് ഇന്‍ഷുറന്‍സ് സ്റ്റാഫ് അസോസിയേഷന്‍ പ്രസിഡന്റ് എ.സിയാവുദ്ദീന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സുമേഷ് പത്മന്‍, ബെഫി ജനറല്‍ സെക്രട്ടറി എസ്.എസ് അനില്‍, എച്ച്.ഡി.എഫ്.സി സബ് കമ്മിറ്റി കണ്‍വീനര്‍ ജിജോ ആന്റണി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."