വായ്പയെടുത്തു നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തിയതായി പരാതി
മണ്ണഞ്ചേരി: വായ്പ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് രേഖകള്‍ കൈപ്പറ്റി തട്ടിപ്പു നടത്തിയ വ്യാപാരിക്കെതിരേ വീട്ടമ്മമാര്‍ പൊലിസില്‍ പരാതി നല്‍കി. മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ ഒന്‍പതാം വാര്‍ഡില്‍ പാതിരപ്പള്ളി പ്രശാന്തിയില്‍ ജയറാം എന്നു വിളിക്കുന്ന സുനിലിനെതിരെയാണ് 18 വീട്ടമ്മമാര്‍ പരാതി നല്‍കിയത്.
ഇതേതുടര്‍ന്ന് ആലപ്പുഴ പൊലിസ് അന്വേഷണം ആരംഭിച്ചു. വായ്പയെടുത്തു നല്‍കാമെന്ന് പറഞ്ഞ് വീട്ടമ്മമാരില്‍ നിന്നും രേഖകള്‍ കൈപ്പറ്റിയ ഇയാള്‍ ബാങ്കില്‍ നിന്നും ലഭിച്ച പണം ഇവര്‍ക്കുനല്‍കാതെ തട്ടിയെടുക്കുകയായിരുന്നു.
2014ല്‍ ആണ് പരാതിക്കാധാരമായ സംഭവത്തിന് തുടക്കമാവുന്നത്. സ്ത്രീ കൂട്ടായ്മയിലൂടെ യൂനിയന്‍ ബാങ്കില്‍ നിന്നും 50,000 രൂപയുടെ വായ്പ എടുത്തുതരാമെന്ന് പറഞ്ഞ് വീട്ടമ്മമാരില്‍ നിന്നും ജയറാമും ഭാര്യയും വിവിധ രേഖകള്‍ കൈക്കലാക്കി. രേഖകള്‍ സമര്‍പ്പിച്ച് ഒരാഴ്ചക്കുള്ളില്‍ ബാങ്കുകാര്‍ പണം നല്‍കുമെന്നായിരുന്നു ജയറാം പറഞ്ഞിരുന്നത്.
ഇതുപ്രകാരം സമയം കഴിഞ്ഞും വായ്പ ലഭിക്കാതായപ്പോള്‍ അന്വേഷിച്ചവരോട് ലോണ്‍ നല്‍കാം എന്നു സമ്മതിച്ച ബാങ്ക് മാനേജര്‍ സ്ഥലം മാറിപ്പോയെന്ന മറുപടിയാണ് നല്‍കിയത്. നല്‍കിയ രേഖകള്‍ തിരികെ ആവശ്യപ്പെട്ടപ്പോള്‍ പലതരം ഒഴിവുകള്‍ പറഞ്ഞ് മുങ്ങുകയായിരുന്നു. ഇതിനിടെ 62,000 രൂപയും പലിശയും അടക്കണമെന്ന് കാണിച്ച് ഹരിപ്പാട് യൂനിയന്‍ ബാങ്കില്‍ നിന്നും നോട്ടീസ് ലഭിച്ചതായും വീട്ടമ്മമാര്‍ ആലപ്പുഴ നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
ജയറാം വീട്ടമ്മമാരെ കബളിപ്പിച്ച് തട്ടിയ തുക സംബന്ധിച്ച് വ്യക്തമല്ല. തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍, 11 സ്ത്രീകള്‍ ഒരുമിച്ചുള്ള ഗ്രൂപ്പ് ഫോട്ടോ എന്നിവയാണ് ഇരുവരും കൈവശപ്പെടുത്തിയത്. 50,000 രൂപ വായ്പയെടുത്താല്‍ 600 രൂപയുടെ തിരിച്ചടവും ഒരു ലക്ഷം രൂപയെടുത്താല്‍ 1200 രൂപയുടെ തവണകളും നല്‍കിയാല്‍ മതിയെന്നാണ് ജയറാമും ഭാര്യയും വായ്പയെടുക്കാന്‍ താല്‍പര്യമുള്ളവരോട് പറഞ്ഞിരുന്നത്.
നോട്ടീസ് അയച്ച ഹരിപ്പാട്ടുള്ള ബാങ്കിലെത്തിയ പാരതിക്കാരെ ബാങ്ക് അധികൃതര്‍ ജയറാം വായ്പയെടുത്ത രേഖകളും മറ്റും കാണിച്ചിരുന്നു. ദേവി എസ്.എച്ച്.ജി എന്ന പേരിലാണ് ജയറാം ബാങ്കില്‍ നിന്നും പണം കൈപ്പറ്റിയിട്ടുള്ളതെന്ന് ബാങ്ക് മാനേജര്‍ പറഞ്ഞു. ജയറാമിന്റെ ഭാര്യ സെക്രട്ടറിയും ഇയാളുടെ ബേക്കറിയിലെ ജീവനക്കാരി പ്രസിഡന്റുമായുള്ള പേപ്പര്‍ സംഘടനയാണ് തട്ടിപ്പിനായി രൂപപ്പെടുത്തിയിരിക്കുന്നത്.
നാട്ടിലെ കൂടുതല്‍ സ്ത്രീകള്‍ ഇത്തരം കബളിപ്പിക്കലില്‍ പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് നോര്‍ത്ത് സി.ഐയും മണ്ണഞ്ചേരി എസ്.ഐയും പറഞ്ഞു.
ദേശസാല്‍കൃത ബാങ്കില്‍ നിന്നും മതിയായ തെളിവുകള്‍ ഇല്ലാതെ വായ്പ തരപ്പെടുത്തിയതില്‍ ബാങ്കിലെ ഉന്നതര്‍ക്ക് പങ്കുള്ളതായും പൊലിസ് സംശയിക്കുന്നുണ്ട്. ഈ വഴിക്കും പൊലിസ് അന്വേഷണം നടത്തുന്നുണ്ട്. നിലവില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുടെ പേരില്‍ മണ്ണഞ്ചേരി സ്റ്റേഷനില്‍ വേറെയും സാമ്പത്തിക കുറ്റത്തിന് കേസുള്ളതായി എസ്.ഐ രാജന്‍ബാബു പറഞ്ഞു.
ഇതിനിടെ ആസൂത്രിതമായി വീട്ടമ്മമാരെ കബളിപ്പിച്ചയാള്‍ക്കായി നിലവിലെ ബ്ലോക്ക് പഞ്ചായത്തിലെ ജനപ്രതിനിധിയും പാതിരപ്പള്ളിയിലെ സി.പി.എം നേതാവുമായ ഒരാള്‍ ബന്ധപ്പെട്ടത് വിവിദമായിട്ടുണ്ട്. ഇയാള്‍ പരാതിക്കാരുടെ വീടുകളില്‍ അനുരഞ്ജനത്തിനായും എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."