ഹര്‍ത്താലിനിടെ അക്രമം: ജില്ലയില്‍ വ്യാപക അറസ്റ്റ്
തിരൂര്‍: കത്‌വയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചു നടന്ന ഹര്‍ത്താലിനിടെ വ്യാപക അക്രമമുണ്ടായതിനെ തുടര്‍ന്നു ജില്ലയില്‍ വ്യാപക അറസ്റ്റ്. ഇതില്‍ നിരപരാധികളും ഉള്‍പ്പെട്ടതായി ആക്ഷേപമുണ്ട്. ഇതുവരെ ഇരുനൂറു പേര്‍ പിടിയിലായപ്പോള്‍ ഇതില്‍ പകുതിയിലേറെ ആളുകളും റിമാന്‍ഡിലാണ്. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് വിലിരുത്തല്‍.
തിരൂര്‍ പൊലിസ് കസ്റ്റഡിയിലെടുത്ത 40 പേര്‍ റിമാന്‍ഡിലാണ്. അറസ്റ്റ് രേഖപ്പെടുത്തിയ 68 പേരില്‍ 28 പേര്‍ക്കു സ്റ്റേഷന്‍ മുഖേന ജാമ്യവും നല്‍കി.
താനൂരില്‍ എട്ടുപേരും മഞ്ചേരിയില്‍ ഒന്‍പതു പേരും റിമാന്‍ഡിലാണ്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ജഡ്ജിയുടെ വാഹനം തടയല്‍, അക്രമം നടത്തി പൊതുവാഹനങ്ങള്‍ നശിപ്പിക്കല്‍, പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തല്‍, കലാപം സൃഷ്ടിക്കണമെന്ന ആഹ്വാനത്തോടെ നഗരത്തില്‍ ഒത്തുകൂടല്‍, ആലത്തിയൂര്‍, കണ്ണംകുളം മേഖലകളില്‍ ടയര്‍ കത്തിച്ച് വാഹന ഗതാഗതം തടസപ്പെടുത്തിയത് തുടങ്ങിയ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു വിവിധ സ്ഥലങ്ങളില്‍നിന്നു യുവാക്കളെ കസ്റ്റഡിയിലെടുത്തിരുന്നത്. തിങ്കളാഴ്ച രാവിലെ ആറരയോടെ ഹര്‍ത്താല്‍ അനുകൂലികള്‍ സംഘടിച്ചെത്തി തിരൂരിലും താനൂരിലും കടകമ്പോളങ്ങള്‍ അടപ്പിക്കുകയായിരുന്നു. റോഡില്‍ ടയറുകള്‍ കത്തിച്ചും കല്ലുകളിട്ടും ഗതാഗതം പൂര്‍ണമായും തടസപ്പെടുത്തി.
വെട്ടം, പറവണ്ണ, ബിപി അങ്ങാടി, തലക്കടത്തൂര്‍, താനൂര്‍ ജങ്ഷന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പൊലിസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടലുമുണ്ടായി.
താനൂരില്‍ ഇരുപതോളം പൊലിസുകാര്‍ക്കാണ് കല്ലേറില്‍ പരുക്കേറ്റിരുന്നത്. ഹര്‍ത്താല്‍ ദിനത്തിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് പൊന്നാനിയില്‍ 40 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. നേരത്തെ 15 പേരെ അറസ്റ്റ് ചെയ്തിരുന്നു. വേങ്ങരയില്‍ ഏഴു പേരെയും കൊണ്ടോട്ടിയില്‍ അഞ്ചു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ചിലരെ വിട്ടയച്ചതായും ആരോപണം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."