ലൈഫ് മിഷന്‍ തുണയായി; അനിലിനും കുടുംബത്തിനും വീടായി
ആലപ്പുഴ: തലവടി അവലൂക്കുന്ന് കാരിക്കുഴി അനില്‍കുമാറിന് ഒരു തുണ്ട് ഭൂമി മാത്രമായിരുന്നു സ്വന്തം. വീടെന്ന സ്വപനവുമായാണ് അനില്‍ ഇ.എം.എസ് ഭവന പദ്ധതിയില്‍ അപേക്ഷിച്ചത്. രണ്ടു ലക്ഷം രൂപ ധനസഹായമുണ്ടായിരുന്ന പദ്ധതിയില്‍ 1.40 ലക്ഷം രൂപ കിട്ടിയെങ്കിലും ബാക്കി തുകയ്ക്ക് വീണ്ടും കാത്തിരിപ്പായിരുന്നു. എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ലൈഫ് മിഷനാണ് ഓട്ടോ ഡ്രൈവറായ അനിലിന്റെയും കുടുംബത്തിന്റെയും സ്വപ്നങ്ങള്‍ക്ക് കൂട്ടായത്.
ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ അനില്‍ ഒറ്റപ്പെട്ട ഉദാഹരണമല്ല. വീടുപണി പാതി വഴിയില്‍ മുടങ്ങിയ നാലായിരത്തോളം കുടുംബങ്ങള്‍ക്കാണ് ലൈഫ് മിഷന്‍ കൈത്താങ്ങായത്. ഇ.എം.എസ് ഭവന പദ്ധതി, ഇന്ദിര ഭവന പദ്ധതി, നെഹ്‌റു ഭവന പദ്ധതി തുടങ്ങി പല പേരുകളിലായി വീടുപണി തുടങ്ങിയെങ്കിലും പാതി വഴിയില്‍ കിടപ്പിലായ ഭവനങ്ങളുടെ പൂര്‍ത്തീകരണമായിരുന്നു മിഷന്റെ ആദ്യ ദൗത്യം.
മറ്റു പലപദ്ധതികളിലും രണ്ടു ലക്ഷം രൂപ വരെയായിരുന്ന ധനസഹായം ഈ ദൗത്യത്തില്‍ നാലു ലക്ഷമായി ഉയര്‍ത്തി. മുന്‍ പദ്ധതികളിലും കുറച്ചു തുക വാങ്ങിയവര്‍ക്ക് ലൈഫില്‍ ബാക്കി തുകയ്ക്കുള്ള അര്‍ഹതയില്‍ ആദ്യമുണ്ടായ കടമ്പകള്‍ സര്‍ക്കാരിന്റെ ഇച്ഛാശക്തിക്കു മുമ്പില്‍ പമ്പ കടന്നു.
വീടില്ലാത്തവര്‍ക്ക് വീടു നിര്‍മ്മിക്കുന്നതില്‍ ഒരു ചുവപ്പു നാടയുമുണ്ടാകരുതെന്ന കര്‍ശന നിര്‍ദ്ദേശം മറ്റു തടസങ്ങളെയെല്ലാം നീക്കി. സ്വന്തം സമ്പാദ്യത്തിന്റെ കൂടി പിന്‍ബലത്തോടെ അനില്‍ പൂര്‍ത്തിയാക്കിയ സ്വപ്നഭവനം ഇതിനെല്ലാം ഉദാഹരണമാണെന്ന് വി.ഇ.ഒ ദീപ്തി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ലൈഫ് പദ്ധതി ആദ്യഘട്ടം ജില്ലയില്‍ 1799 വീടുകള്‍ പൂര്‍ത്തിയാക്കി. ശേഷിക്കുന്ന ആയിരത്തിലെറെ വീടുകളുടെ നിര്‍മ്മാണം മെയ് അവസാനത്തോടെ പൂര്‍ത്തീകരിക്കും. പദ്ധതി ഏറ്റെടുത്ത് മൂന്നു മാസങ്ങള്‍ക്കുള്ളിലാണ് 1799 വീടുകള്‍ പൂര്‍ത്തീകരിച്ചത്. മുടക്കിക്കിടന്ന പദ്ധതികളിലെ വീട് പൂര്‍ത്തിയാകുമ്പോള്‍ ഗുണഭോക്താക്കള്‍ക്ക് നാല് ലക്ഷം രൂപയുടെ ആനുപാതിക വര്‍ദ്ധനവ് നല്‍കുകയാണ് ചെയ്തത്.
ലൈഫ് മിഷന്റെ രണ്ടാം ഘട്ടം തുടങ്ങിക്കഴിഞ്ഞു. 14478 ചേര്‍ന്നാണ് ഭവനങ്ങള്‍ അനുവദിച്ചിട്ടുള്ളത്. ഭൂമിയിലുള്ള ഭവനരഹിതരെയാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷിതവും മാന്യവുമായ ഭവനങ്ങള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷന്‍ നടപ്പിലാക്കി വരുന്നത്.
പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സര്‍വ്വേ പ്രകാരം ഭവനരഹിതരെ കണ്ടെത്തുകയും പദ്ധതിയില്‍ പൂര്‍ത്തീകരിക്കാത്ത വീടുകളുടെ ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഭൂമിയിലുള്ള ഭവനരഹിതരുടെ സംഗമവും നിബന്ധനകള്‍ ഉള്‍പ്പെടുത്തിയ കരാര്‍ വയ്ക്കലും നടന്നുവരികയാണെന്ന് ലൈഫ് മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഉദയസിംഹന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."