ഒഴിവുകളില്‍ നിയമനമില്ല; ഉദ്യോഗാര്‍ഥികളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് ആക്ഷേപം
കാസര്‍കോട്: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ ഉദ്യോഗാര്‍ഥികളെ ജില്ലാ വിദ്യാഭ്യാസ ഓഫിസ് ബുദ്ധിമുട്ടിക്കുന്നുവെന്ന് ആക്ഷേപം. വിവിധ അധ്യാപക തസ്തികകളിലേക്ക് നിയമന ശുപാര്‍ശ ചെയ്തവര്‍ക്ക് നിയമന ഉത്തരവ് നല്‍കാനോ നിലവിലുള്ള ഒഴിവുകള്‍ പി.എസ്.സിയിലേക്ക് റിപ്പോര്‍ട്ട് ചെയ്യാനോ തയാറാകുന്നില്ലെന്നാണു പരാതി. ഇംഗ്ലീഷ്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷാ വിഷയങ്ങളിലെ ഉദ്യോഗാര്‍ഥികളോടാണ് ഈ അവഗണന. മലയാളം (9), ഇംഗ്ലീഷ് (7), ഹിന്ദി (3) വീതം ഉദ്യോഗാര്‍ഥികള്‍ നിയമന ശുപാര്‍ശ ലഭിച്ചവരാണ്. നിയമന ശുപാര്‍ശ തിയതി മുതല്‍ മൂന്നു മാസത്തിനകം നിയമനം നടത്തണമെന്നാണ് നിയമം.
മലയാളം മാര്‍ച്ച് 22നും ഹിന്ദി ഏപ്രില്‍ നാലിനും, ഇംഗ്ലീഷ് ഏപ്രില്‍ 11നും മൂന്നു മാസം പൂര്‍ത്തിയായി. എന്നാല്‍ ഇതുവരെയായും ഇവരെ സ്‌കൂളുകളില്‍ നിയമിച്ചുകൊണ്ടുള്ള ഉത്തരവിറക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസ് തയാറായിട്ടില്ല. ഇതിനെതിരേ നിയമന ശുപാര്‍ശ ലഭിച്ച മൂന്നു ഭാഷാ വിഷയങ്ങളിലെ ഉദ്യോഗാര്‍ഥികളും ജില്ലാ പി.എസ്.സി ഓഫിസര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ മലയാളത്തിന്റെ നിലവിലുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സ്ഥിതിയുമുണ്ട്.
അന്തര്‍ജില്ലാ സ്ഥലം മാറ്റത്തിന്റെ ഭാഗമായി ബാക്കി വന്ന നാല് ഉള്‍പ്പെടെ അഞ്ച് ഒഴിവുകളാണ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ളത്. ഇതിനു വിദ്യാഭ്യാസ ഓഫിസര്‍ അംഗീകാരം നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഓഫിസ് ജീവനക്കാരന്‍ തയാറായിട്ടില്ലെന്നാണ് ആരോപണം. ഇതേക്കുറിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫിസറോട് ആരായുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ബന്ധപ്പെട്ട ജീവനക്കാരനെ സമീപിക്കാനാണു ലഭിക്കുന്ന മറുപടി.
എന്നാല്‍ ജീവനക്കാരനാകട്ടെ നീണ്ട അവധിയിലുമാണ്. നിലവിലുള്ള ഒഴിവുകള്‍ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്തു നിയമനം നടത്തണമെന്ന സര്‍ക്കാര്‍ ഉത്തരവു നിലനില്‍ക്കെയാണ് ജീവനക്കാരുടെ നിരുത്തരവാദപരമായ സമീപനം മൂലം ഉദ്യോഗാര്‍ഥികള്‍ വലയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."