ചില്‍ഡ്രന്‍സ് പാര്‍ക്ക് മുഖം മിനുക്കുന്നു: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍
കൊച്ചി: ജില്ലാ ശിശുക്ഷേമ സമിതിയുടെ ഉടമസ്ഥതയിലുള്ള എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് മുഖം മിനുക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പ്രത്യേക കളിയുപകരണങ്ങള്‍, മിനി വാട്ടര്‍ തീം പാര്‍ക്ക്, അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌കേറ്റിംഗ് റിംഗ് എന്നിവയടക്കം വിപുലമായ നവീകരണ പ്രവര്‍ത്തനമാണ് പാര്‍ക്കില്‍ നടത്തുന്നത്. പരമ്പരാഗത കേരള വാസ്തുവിദ്യാ മാതൃകയിലായിരിക്കും ഓഫീസ് കെട്ടിടത്തിന്റെയും കിയോസ്‌കുകളുടെയും നിര്‍മ്മാണം. ഭിന്നശേഷി സൗഹൃദ രീതിയിലാണ് പാര്‍ക്കിന്റെ നവീകരണം പൂര്‍ത്തിയാക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും പാര്‍ക്കില്‍ ഉണ്ടായിരിക്കണമെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി വീല്‍ചെയറുകള്‍, ടോയ്‌ലെറ്റില്‍ പ്രത്യേക സൗകര്യങ്ങള്‍, പ്രവേശന കവാടത്തില്‍ പ്രത്യേകം ഹെല്‍പ്പ് ഡെസ്‌കുകള്‍ എന്നിവയുമുണ്ടാകും.
റിക്രിയേഷന്‍ പോണ്ട് നവീകരണം, ബംപര്‍ കാര്‍ ഏരിയ, കമ്പ്യൂട്ടര്‍ ആര്‍ക്കേഡ് ഗെയിം ഏരിയ, റോളര്‍ സ്‌കേറ്റിംഗ്, ബില്‍ഡിംഗ് നവീകരണം, പുതിയ ഓഫീസ് കെട്ടിടം, കഫേറ്റീരിയ നിര്‍മ്മാണം, എനര്‍ജി പാര്‍ക്ക് നവീകരണം, പൂന്തോട്ടം നവീകരണം, ലാന്‍ഡ് സ്‌കേപ്പിംഗ് മുതലായ പ്രവര്‍ത്തികളും പാര്‍ക്ക് നവീകരണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുതിയ കളിയുപകരണങ്ങള്‍ സ്ഥാപിക്കുകയും നിലവിലുള്ള ഉപകരണങ്ങള്‍ പുതുക്കുകയും ചെയ്യും.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായുള്ള പ്രത്യേക കളിയുപകരണങ്ങളും പാര്‍ക്കില്‍ സ്ഥാപിക്കും. പുതിയ പ്രവേശന കവാടവും ഗേറ്റും സ്ഥാപിക്കും. പ്രവേശന കവാടത്തിനു മോടി കൂട്ടാന്‍ പൂന്തോട്ടത്തില്‍ അലങ്കാര വിളക്കുകള്‍ സ്ഥാപിക്കും.
വ്യത്യസ്ത വലുപ്പത്തിലുള്ള സൈന്‍ ബോര്‍ഡുകളും സ്ഥാപിക്കും. വിവിധ ആകൃതിയിലുള്ള ബെഞ്ചുകളും സീറ്റുകളും പാര്‍ക്കില്‍ സ്ഥാപിക്കും. നിലവിലുള്ള ഇരിപ്പിടങ്ങള്‍ നവീകരിക്കും. പുതുതായി സ്ഥാപിക്കുന്ന സ്‌പോട്ട് ലൈറ്റുകളും അലങ്കാല വിളക്കുകളും പാര്‍ക്കിന് ശോഭ കൂട്ടും.
ഔട്ട്‌ഡോര്‍ ഗോ കാര്‍ട്ട്, മള്‍ട്ടി പ്ലേ ഫണ്‍ സംവിധാനം, ഫോര്‍ സീറ്റര്‍ സ്വിംഗ്, വാള്‍ ക്ലൈംബര്‍, വിവിധ സ്ലൈഡുകള്‍ എന്നിവ സ്ഥാപിക്കും. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ഫോര്‍ സീറ്റര്‍ സ്വിംഗ്, മെറി ഗോ റൗണ്ട്, ഔട്ട്‌ഡോര്‍ കാര്‍ട്ടുകള്‍ തുടങ്ങിയവയാണ് ഒരുക്കുന്നത്. നിലവിലുള്ള റിക്രിയേഷന്‍ പോണ്ട് നവീകരിക്കും. പോണ്ടിനു ചുറ്റും പുതിയ ഇരിപ്പിടങ്ങള്‍ തയാറാക്കും. വെള്ളത്തിനടിയിലായി വര്‍ണ്ണ വിളക്കുകള്‍ സ്ഥാപിക്കും. പാര്‍ക്കിലുണ്ടായിരുന്ന മ്യൂസിക്കല്‍ ഫൗണ്ടനാണ് മിനി വാട്ടര്‍ തീ പാര്‍ക്കായി മാറ്റുന്നത്. സ്‌കിമ്മര്‍ പൂള്‍, മള്‍ട്ടി ലെയ്ന്‍ റേസിംഗ് സ്ലൈഡ് തുടങ്ങിയവ സ്ഥാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."