എറണാകുളത്തെ എയര്‍ഹോണ്‍ വിമുക്ത ജില്ലയായി പ്രഖ്യാപിക്കും
കൊച്ചി: എറണാകുളത്തെ എയര്‍ഹോണ്‍ വിമുക്ത ജില്ലയായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രഖ്യാപിക്കും. 23നു സെന്റ് പോള്‍ കളമശ്ശേരി കോളേജ് ആഡിറ്റോറിയത്തില്‍ 29ാമത് സംസ്ഥാനതല റോഡ് സുരക്ഷാവാരാചരണ ഉദ്ഘാടനത്തോടൊപ്പമായിരിക്കും പ്രഖ്യാപനച്ചടങ്ങ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ 'നോ ഹോണ്‍ സ്റ്റിക്കറിന്റെ' പ്രകാശനവും മന്ത്രി നിര്‍വഹിക്കും.
നാഷണല്‍ ഹൈവേ ഒഴികെയുള്ള എറണാകുളം ജില്ലയിലെ എല്ലാ റോഡുകളും എയര്‍ഹോണ്‍ പൂര്‍ണമായി ഒഴിവാക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ കെ.എം ഷാജി അറിയിച്ചു. നാഷണല്‍ ഹൈവേയില്‍ 30നുള്ളില്‍ എയര്‍ഹോണ്‍ പൂര്‍ണമായി ഒഴിവാക്കും. അതിനുശേഷവും ബസുകള്‍, ടിപ്പറുകള്‍, ഭാരവാഹനങ്ങള്‍ എന്നിവ എയര്‍ഹോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അനുവദനീയമായ 92 ഡെസിബലില്‍ കൂടുതല്‍ ശബ്ദമുള്ള എയര്‍ഹോണ്‍ വില്‍ക്കുന്ന സ്ഥാപനങ്ങളുടെ പേരില്‍ കേരളാ പൊലിസ് ആക്ട് പ്രകാരം നടപടിയെടുക്കാന്‍ പൊലിസ് വകുപ്പിനോട് ശുപാര്‍ശ ചെയ്യും.
ജില്ലയെ എയര്‍ഹോണ്‍ വിമുക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ മോട്ടോര്‍ വാഹന വകുപ്പും പൊലിസ് വകുപ്പും 3000ത്തോളം ഹെവി വാഹനങ്ങളില്‍ എയര്‍ഹോണ്‍ പരിശോധന നടത്തി. എയര്‍ഹോണ്‍ ഘടിപ്പിച്ചതായി കണ്ടെത്തിയ 340 ഹെവി വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചു. എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട ബസ് സ്റ്റാന്റുകളും റോഡുകളും കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ഇടുക്കി, കോട്ടയം, മേഖലയിലെ മോട്ടോര്‍ വാഹന വകുപ്പ് ഫീല്‍ഡ് സ്റ്റാഫുകള്‍ ചെക്കിങ്ങില്‍ പങ്കെടുത്തു.
എയര്‍ഹോണ്‍ ഘടിപ്പിച്ച വാഹനങ്ങളില്‍ അഞ്ച് ശതമാനം പ്രൈവറ്റ് ബസുകളും 15 ശതമാനം ലോറികളുമാണ്. ലോറികളില്‍ ഭൂരിഭാഗവും അന്യസംസ്ഥാന വാഹനങ്ങളാണ്. എറണാകുളം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ റെജി പി വര്‍ഗീസും മൂവാറ്റുപുഴ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ ശശികുമാറും പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."