കത്‌വ: നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന ആദ്യ ജില്ലയായി കോഴിക്കോട്
കോഴിക്കോട്: കത്‌വ സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് പൂര്‍ണമായി നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന ജില്ലയായി കോഴിക്കോട്. കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയ ആഹ്വാനപ്രകാരം നടത്തിയ ഹര്‍ത്താലാണ് ജില്ലയില്‍ നിരോധനാജ്ഞക്കു സാഹചര്യമൊരുക്കിയത്.
സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ നീക്കമുണ്ടെന്നും തുടര്‍ന്നും സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടെന്നുമുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ആദ്യം സിറ്റി പൊലിസ് പരിധിയില്‍ നിരോധനാജ്ഞക്ക് ജില്ലാ പൊലിസ് മേധാവി ഉത്തരവിട്ടത്.
കത്‌വ സംഭവത്തില്‍ പ്രതിഷേധിക്കാനും സോഷ്യല്‍ മീഡിയ ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ സാഹചര്യത്തിലും ഇന്ന് നഗരത്തില്‍ എസ്.ഡി.പി.ഐയുടെ നേതൃത്വത്തില്‍ റാലി നടത്താനിരിക്കയാണ് പൊലിസ് നടപടി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ റാലിയില്‍ ആയിരങ്ങള്‍ പങ്കെടുക്കുമെന്ന് എസ്.ഡി.പി.ഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് റാലിക്ക് അനുമതി തേടി എസ്.ഡി.പി.ഐ സിറ്റി പൊലിസ് കമ്മിഷണറുടെ ഓഫിസിലെത്തിയിരുന്നെങ്കിലും അനുമതി നിഷേധിച്ചതിനു പിന്നാലെയാണ് നിരോധനാജ്ഞ ഉത്തരവിറങ്ങിയത്. ബി.ജെ.പി നടത്താന്‍ തീരുമാനിച്ച പത്തോളം പരിപാടികള്‍ക്കും പൊലിസ് അനുമതി നിഷേധിച്ചു. ജില്ലയുടെ തീരദേശ മേഖലകളില്‍ നിരീക്ഷണത്തിന് പൊലിസ് സംഘം രംഗത്തുണ്ടാകും.
സിറ്റി പരിധിയില്‍യില്‍ നിരോധനാജ്ഞ പുറപ്പടുവിച്ചതിനു പിന്നാലെ കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സിറ്റി, റൂറല്‍ പൊലിസ് പരിധികളിലും നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ കൂട്ടായ്മ ഏപ്രില്‍ 16ന് നടത്തിയ ഹര്‍ത്താലിന്റെ തുടര്‍ച്ചയായി ജില്ലയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രമസമാധാനം നിലനിര്‍ത്തുന്നതിനും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനുമായി കേരള പൊലിസ് ആക്ടിലെ 78, 79 വകുപ്പുകള്‍ പ്രകാരം പൊതുസമ്മേളനം, പ്രകടനങ്ങള്‍ എന്നിവ നിരോധിച്ച് കൊണ്ട് ഉത്തരവിറക്കിയതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
നിരോധനാജ്ഞ പ്രഖ്യാപി ച്ചതോടെ ജില്ലയില്‍ നടത്താന്‍ നിശ്ചയിച്ച ആയിരത്തിലധികം പരിപാടികള്‍ക്കുള്ള അനുമതി പൊലിസ് റദ്ദാക്കി. നേരത്തെ അനുമതി നല്‍കിയ പരിപാടികള്‍ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് വിവിധ സ്റ്റേഷനുകള്‍ വഴി സംഘാടകരെ അറിയിക്കുകയാണ്. അവധിക്കാലം ആയതിനാല്‍ മതപ്രഭാഷണം ഉള്‍പ്പെടെയുള്ള പരിപാടികളും കലാ, സാംസ്‌കാരിക, വിനോദ പരിപാടികളും റദ്ദാക്കും.കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ്, സബ് കലക്ടര്‍ വി. വിഘ്‌നേശ്വരി, ജില്ലാ പൊലിസ് മേധാവി കാളീരാജ് മഹേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."