ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു
മസ്കത്ത് : ഒമാനിലെങ്ങും നബിദിനം ആഘോഷപൂർവം കൊണ്ടാടി. മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ഒമാനിലും കേരളത്തിനൊപ്പം ഇന്നായിരുന്നു നബിദിനം. പുണ്യ റസൂലിന്റെ മീലാദിനോടനുബന്ധിച്ച് രാജ്യമാകെ മൗലിദ് പാരായണങ്ങളും പ്രവാചക പ്രകീർത്തന സദസ്സുകളും സജീവമായിരുന്നു. ഒമാൻ ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ തെക്കൻ ബാത്തിനായിലെ റുസ്ഥാഖിൽ വിപുലമായ നബിദിന ആഘോഷ പരിപാടി സംഘടിപ്പിച്ചു. പ്രവാചകരുടെ ഗുണഗണങ്ങൾ വിവരിക്കുന്ന വിവിധ പ്രദർശനങ്ങളും, മറ്റ് പ്രഭാഷണപരിപാടിയും മൗലീദ് സദസും പരിപാടിയുടെ ഭാഗമായി.
തെക്കൻ ബാത്തിന ഗവർണർ എഞ്ചിനീയർ മസൂദ് സെയ്ദ് അൽ ഹാഷ്മിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി. മസ്കത്തിലെ അൽ ആലം രാജ കൊട്ടാരത്തിലേ മൗലിദ് ഹാളിൽ നടന്ന സദസ്സിന് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കിന് വേണ്ടി പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സെയ്ദ് നേതൃത്വം നൽകി.
രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, മുതിർന്ന സൈനിക മേധാവികൾ, ഇസ്ലാമിക രാജ്യങ്ങളിലെ നയതന്ത്ര ദൗത്യ മേധാവികൾ, മറ്റ് ഉദ്യോഗസ്ഥരും വിശിഷ്ട വ്യക്തികളും പങ്കെടുത്തു. നബിദിനം പ്രമാണിച്ച് വിവിധ കേസുകളിലായി ജയിലിൽ കഴിയുന്ന വിദേശികൾ ഉൾപ്പെടെ 175 തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ താരിക് മാപ്പ് നൽകി വിട്ടയച്ചു. സമസ്ത ഇസ്ലാമിക് സെന്റർ ഉൾപ്പെടെയുള്ള ഒമാനിലെ വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ പ്രവാചക പ്രേമികൾ നബിദിനം ആഘോഷിച്ചു.മദ്രസ്സകളിൽ ഒക്കെ തന്നെ പുലർച്ചെ മൂന്നു മണിമുതൽ മൗലൂദ് പാരായണം തുടങ്ങി.
റൂവി അൽ കൗസർ മദ്രസയിൽ റഫീഖ് സഖാഫി യും സുന്നി സെന്റർ മദ്രസയിൽ മുഹമ്മദലി ഫൈസിയും, അൽ നൂർ മദ്രസയിൽ നിസ്സാർ സഖാഫിയും മൗലീദ് പാരായണത്തിന് നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."