കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡില്‍ വനിതാ വിശ്രമ കേന്ദ്രം ഒരുങ്ങുന്നു
കൊണ്ടോട്ടി: ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ദുരവസ്ഥയില്‍ പൊറുതി മുട്ടുന്ന സ്ത്രീ യാത്രക്കാരികള്‍ക്ക് മാത്രമായി ബസ്റ്റാന്‍ഡില്‍ വനിതാ വിശ്രമ കേന്ദ്രം ഒരുങ്ങുന്നു. കൈകുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍, വൃദ്ധര്‍, രോഗികള്‍, വിദ്യാര്‍ഥിനികള്‍ തുടങ്ങിയവര്‍ക്കാണ് കൊണ്ടോട്ടി ബസ്റ്റാന്‍ഡില്‍ പ്രത്യേക സൗകര്യമൊരുക്കുന്നത്.
കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാനും വിശ്രമിക്കാനുമടക്കം ഇവിടെ പ്രത്യേക സൗകര്യമുണ്ടാവും. നഗരസഭയുടെ ബസ് സ്റ്റാന്‍ഡിലെ നിലവിലുളള കെട്ടിടത്തിന്റെ മുകള്‍ ഭാഗമാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്.സ്ത്രീകള്‍ക്ക് മാത്രമായുള്ള കേന്ദ്രത്തില്‍ കുടിവെള്ളവും ടോയ്ലെറ്റ് സൗകര്യവും കൂടി ഒരുക്കുമെന്ന് ചെയര്മാന് സി.കെ നാടിക്കുട്ടി, വൈസ് ചെയര്‍പേഴ്സണ്‍ പാലക്കല്‍ ഷറീന എന്നിവര്‍ പറഞ്ഞു.
15 ലക്ഷം ചെലവിട്ട് നിര്‍മിക്കുന്ന കേന്ദ്രത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണ്. നിലവിലുളള കെട്ടിടത്തിന്റെ മധ്യഭാഗത്ത് നിന്ന് മുകളിലേക്ക് ഗോവണി നിര്‍മിച്ചാണ് രണ്ടാം നിലയില്‍ കെട്ടിടം പണിയുന്നത്. രണ്ടുമാസം കൊണ്ട് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും.നിലവിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ സ്ത്രീകള്‍ക്ക് മതിയായ സൗകര്യങ്ങളില്ലാത്തതിനാലാണ് ടോയ്ലെറ്റ് സൗകര്യമടക്കം വനിത വിശ്രമ കേന്ദ്രത്തില്‍ ഒരുക്കുന്നത്.
ദിനേന ആയിരക്കണക്കിന് യാത്രക്കാരും നൂറിലേറെ ബസുകളും വന്നുപോകുന്ന ബസ് സ്റ്റാന്‍ഡില്‍ സ്ത്രീകള്‍ക്ക് ഏറെ ബുദ്ധിമിട്ടാണുളളത്. ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുളള കംഫര്‍ട്ട് സ്റ്റേഷന് വിപുലീകരണത്തിനും നഗരസഭ പദ്ധതികള്‍ തയാറാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."