ഫ്രാഞ്ചൈസി ഉടമകള്‍ക്ക് ഗെയ്ല്‍ വക നല്ല നമസ്‌കാരം
ചണ്ഡീഗഢ്: സീസണിലെ ആദ്യ സെഞ്ച്വറി സ്വന്തമാക്കി നിറഞ്ഞാടി തന്നെ ടീമിലെടുക്കാന്‍ വിസമ്മതിച്ച മറ്റ് ഫ്രാഞ്ചൈസി ഉടമകള്‍ക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് താരം ക്രിസ് ഗെയ്‌ലിന്റെ വക നല്ല നമസ്‌കാരം. സണ്‍റൈസേഴ്‌സ് ഹൈദരാബദിനെതിരായ പോരാട്ടത്തില്‍ സീസണിലെ തന്റെ രണ്ടാം മത്സരത്തിനിറങ്ങിയ ഗെയ്ല്‍ മാരക ഫോം ആവര്‍ത്തിച്ചപ്പോള്‍ പുറത്താകാതെ പിറന്നത് 63 പന്തില്‍ 104 റണ്‍സ്. വിന്‍ഡീസ് അതികായന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തത് 193 ണ്‍സ്. വിജയം തേടിയിറങ്ങിയ ഹൈദാരാബാദിന്റെ പോരാട്ടം 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സില്‍ അവസാനിപ്പിച്ചാണ് പഞ്ചാബ് വിജയം സ്വന്തമാക്കിയത്. തുടര്‍ച്ചയായ മൂന്ന് വിജയങ്ങളുമായി കുതിച്ച ഹൈദരാബാദിന്റെ ആദ്യ പരാജയമാണിത്.
ഹൈദരാബാദിനായി ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍ (54), മനിഷ് പാണ്ഡെ (പുറത്താകാതെ 57), ഷാകിബ് അല്‍ ഹസന്‍ (പുറത്താകാതെ 24) എന്നിവര്‍ തിളങ്ങി. മറ്റൊരാള്‍ക്കും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. പഞ്ചാബിനായി മോഹിത് ശര്‍മ, ആന്‍ഡ്രു ടൈ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
ടോസ് നേടുന്ന ക്യാപ്റ്റന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച സീസണിലെ ആദ്യ മത്സരമെന്ന പ്രത്യേകതയും ഈ പോരാട്ടത്തിന് സ്വന്തം. ടേസ് നേടി ഗെയ്‌ലിന്റെ ഫോമില്‍ വിശ്വസിച്ച ക്യാപ്റ്റന്‍ അശ്വിന് വിന്‍ഡീസ് ഓപണര്‍ ബാറ്റ് കൊണ്ട് ഉറപ്പ് നല്‍കിയപ്പോള്‍ പിറന്നത് 11 സിക്‌സറുകള്‍. ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നറെന്ന പെരുമയുള്ള റാഷിദ് ഖാനെ ഗെയ്ല്‍ തിരഞ്ഞുപിടിച്ച് അക്രമിച്ചു.
നാലോവറില്‍ 55 റണ്‍സാണ് റാഷിദ് വഴങ്ങിയത്. റാഷിദിന്റെ ഒരോവറില്‍ ഗെയ്ല്‍ പറത്തിയത് നാല് സിക്‌സറുകള്‍. കരുണ്‍ നായര്‍ (31), രാഹുല്‍ (18), മയാങ്ക് അഗര്‍വാള്‍ (18), ആരോണ്‍ ഫിഞ്ച് (പുറത്താകാതെ ആറ് പന്തില്‍ 14) എന്നിവരും പഞ്ചാബിനായി രണ്ടക്കം കടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."