കൊച്ചി റോ റോ വെസലുകളുടെ സര്‍വിസ് ഇനിയും വൈകും
കൊച്ചി: പശ്ചിമകൊച്ചി, വൈപ്പിന്‍ ദ്വീപ് നിവാസികളുടെ യാത്രാക്ലേശത്തിനു പരിഹാരമായി കൊച്ചി കോര്‍പറേഷന്‍ ആവിഷ്‌കരിച്ച റോ റോ വെസലുകളുടെ സര്‍വിസ് ഇനിയും വൈകും. കൊച്ചിക്കു വിഷുസമ്മാനമായി റോ റോ ഓടിത്തുടങ്ങുമെന്ന കൊച്ചിന്‍ കോര്‍പറേഷന്‍ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതു പാഴായി.
ഉദ്ഘാടനത്തിനു മുഖ്യമന്ത്രിയുടെ സമയം ലഭിക്കാത്തതാണു വൈകാന്‍ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങിവന്നശേഷം 26നോ 27നോ ഉദ്ഘാടനം ഉണ്ടാകുമെന്നും പറയുന്നു. അത്രയും നാള്‍ ഫോര്‍ട്ടുകൊച്ചി, വൈപ്പിന്‍ കരകളിലേക്കുള്ള വാഹനയാത്രക്കാര്‍ നഗരം ചുറ്റേണ്ടി വരുന്നതു തുടരേണ്ടിവരും.
അതേസമയം റോ റോ സര്‍വിസ് നടത്തുന്നതിനുള്ള കരാര്‍ ലഭിച്ച കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പറേഷന് (കെഎസ്‌ഐഎന്‍സി) ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കോര്‍പറേഷന്‍ ഇതുവരെ കൈമാറിയിട്ടില്ല.
സര്‍വിസ് ആരംഭിക്കുന്നതിനു മുന്നോടിയായി കെഎസ്‌ഐഎന്‍സിക്ക് ഒട്ടേറെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതായുണ്ട്. കരാര്‍ കൈമാറിയില്‍ മാത്രമേ ഇക്കാര്യങ്ങളിലേക്കു കെ.എസ്.ഐ.എന്‍.സി നീങ്ങാനാകു.
110 യാത്രക്കാരെയും 18 കാറുകളും അത്രതന്നെ ബൈക്കുകളും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണു റോറോ വെസല്‍. ഭാരവഹാനങ്ങള്‍ വഹിക്കാനുള്ള ശേഷിയുമുണ്ട്. എട്ടു കോടി മുടക്കി കൊച്ചി ഷിപ്പ് യാര്‍ഡാണ് വെസലുകള്‍ നിര്‍മിച്ചത്. ഇരുകരകളിലേയും ജെട്ടി നിര്‍മാണത്തിന് എട്ടു കോടി ചെലവഴിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."