പഞ്ചവടിയില്‍ വളര്‍ത്തു മൃഗങ്ങളെ മോഷ്ടിക്കാനെത്തിയ നാലംഗ സംഘം പിടിയില്‍
ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടിയില്‍ പഞ്ചവടിയില്‍ വളര്‍ത്തു മൃഗങ്ങളെ മാഷ്ടിക്കാനെത്തിയ മൂന്നംഗ സംഘം അറസ്റ്റില്‍. തൊയക്കാവ് രായംമരക്കാര്‍ വീട്ടില്‍ ജാബിര്‍(44),പാലപ്പെട്ടി മാലിക്കുളം ഫര്‍ഷാദ്(20), തൊട്ടാപ്പ് സുനാമികോളനിയില്‍ കുട്ടിയാലി വീട്ടില്‍ നാഫില്‍(19) എന്നിവരെയാണ് എസ്.എച്ച്.ഒ.കെ.ജി.സുരേഷ്, എ.എസ്.ഐ അനില്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
വ്യാഴാഴ്ച പുലര്‍ച്ചെ പഞ്ചവടി ബീച്ചിന് സമീപം തെരുവത്ത് മൊയ്തു എന്നയാളുടെ തൊഴുത്തില്‍ നിന്നാണ് ഇവര്‍ പോത്തിനെ മോഷ്ടിക്കാന്‍ ശ്രമിച്ചത്. പോത്തിനെ കൊണ്ടുപോകാനുള്ള പെട്ടി ഓട്ടോറിക്ഷയുമായിട്ടായിരുന്നു ഇവര്‍ വന്നത്. പോത്തിനെ കെട്ടിയ കയര്‍ അഴിക്കുന്നത് വീട്ടുകാര്‍ കണ്ടതോടെ ഇവര്‍ ബീച്ചിലേക്ക് ഓടി രക്ഷപ്പെട്ടു.
ദിവസങ്ങള്‍ക്ക് മുമ്പ് പോത്തിന്റെ വില ചോദിച്ച് പ്രതികള്‍ ഇവിടെ എത്തിയിരുന്നതിനാല്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഇവരെ വീട്ടുകാര്‍ തിരിച്ചറിഞ്ഞിരുന്നു. വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സി.സി.ടി.വി കാമറയില്‍ നിന്ന് പൊലിസ് ഇവരുടെ ചിത്രം കണ്ടെത്തുകയും ഇവരെ അറസ്റ്റു ചെയ്യുകയുമായിരുന്നു. മോഷണസംഘത്തില്‍ ഒരാള്‍ കൂടി ഉണ്ടെന്നും അടുത്ത ദിവസം തന്നെ ഇയാള്‍ അറസ്റ്റിലാവുമെന്നും പൊലിസ് പറഞ്ഞു. എന്നാല്‍ പോത്തിനെ കൊണ്ടുപോകാനെത്തിയ പെട്ടി ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്നും ഇയാളെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതികള്‍ കൊണ്ടുവന്നതെന്നും പൊലിസ് പറഞ്ഞു.
പ്രതികളിലൊരാളായ ജാബിറിനാണ് മോഷ്ടിച്ച പോത്ത്, പശു,ആട് എന്നിവയെ കൈമാറുന്നത്. വെങ്കിടങ്ങ് തൊയക്കാവില്‍ ഇറച്ചിവെട്ടുന്ന ആളാണ് ജാബിര്‍. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ഒരു പശുവിനെയും നാല് പോത്ത്, മൂന്ന് ആട് എന്നിവയെ മോഷ്ടിച്ചതായി സമ്മതിച്ചു.
പാവറട്ടി, ചാവക്കാട് സ്‌റ്റേഷന്‍ പരിധികളില്‍ നിന്നാണ് ഇവയെ മോഷ്ടിച്ചത്. ഇതില്‍ ഒരു പോത്തിനെ പ്രതികള്‍ ഒളിപ്പിച്ച സ്ഥലത്തു നിന്നും പൊലിസ് കണ്ടെത്തി. അയ്യന്തോളിലെ ചന്തയില്‍ പശുവിനെ വിറ്റതായി ജാബിര്‍ സമ്മതിച്ചതായും പൊലിസ് വെളിപ്പെടുത്തി. ബാക്കിയുള്ളവയെ ജാബിറിന്റെ തൊയക്കാവിലെ ഇറച്ചിക്കടയില്‍ വെട്ടിവിറ്റു.
നാഫിലും ഫര്‍ഷാദുമാണ് മോഷണം നടത്തുന്നത്. സംഘത്തിലെ നാഫിലാണ് മോഷണങ്ങളുടെ സൂത്രധാരനെന്ന് പൊലിസ് അറിയിച്ചു.
ചില മോഷണങ്ങളില്‍ ജാബിറും നേരിട്ട് പങ്കെടുത്തിട്ടുണ്ട്. പകല്‍ വന്ന് വീട്ടുകാരുമായി കച്ചവടം ഉറപ്പിച്ച് രാത്രിയെത്തി മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി.
ആടിനെ മോഷ്ടിക്കാന്‍ നാഫിലും ഫര്‍ഷാദും ബൈക്കിലാണ് കറങ്ങിയിരുന്നത്. ബൈക്ക് കണ്ടെടുക്കാനായിട്ടില്ല. 7000 രൂപ വിലയുള്ള ആടിന് ജാബിര്‍ പ്രതികള്‍ക്ക് നല്‍കിയിരുന്നത് 2000 രൂപക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."