ഹര്‍ത്താല്‍ അക്രമം:ഗൂഢാലോചന കണ്ടെത്താന്‍ പൊലിസ് നടപടി തുടങ്ങി
തിരൂര്‍: വാട്ട്‌സ് ആപ്പ് കൂട്ടായ്മയുടെ പേരില്‍ നടത്തിയ ഹര്‍ത്താലിനും ആക്രമത്തിനും പിന്നില്‍ തീവ്രവാദ സംഘടനകളാണെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ പ്രാദേശിക തലത്തില്‍ ഉള്‍പ്പെടെ പൊലിസ് അന്വേഷണ നടപടികള്‍ തുടങ്ങി.
സംഭവത്തെ തുടര്‍ന്ന് കസ്റ്റഡിയിലായവരുടെ രാഷ്ട്രീയ -വ്യക്തി ബന്ധങ്ങള്‍ വിശദമായി പരിശോധിച്ചാണ് നടപടികള്‍. ഹര്‍ത്താല്‍ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ മൊബൈല്‍ ഫോണുകള്‍ ഇപ്പോഴും പൊലിസ് കസ്റ്റഡിയിലാണ്. ഹര്‍ത്താല്‍ ദിനത്തില്‍ വാട്ട്‌സ് ആപ്പ് വഴി സന്ദേശങ്ങള്‍ കൈമാറിയതും മറ്റ് വിധത്തില്‍ ആശയവിനിമയം നടത്തിയതും പൊലിസ് പരിശോധിച്ചുവരികയാണ്.
അക്രമത്തിനിടയില്‍ പിടിയിലായവര്‍ തങ്ങള്‍ക്ക് ഇതില്‍ പങ്കില്ലെന്ന് വാദിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും പരിശോധിച്ച് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
സോഷ്യല്‍ മീഡിയ മുഖേനയുള്ള ഹര്‍ത്താല്‍ ആഹ്വാനത്തിന്റെയും തുടര്‍ന്നുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങളുടെയും മലബാര്‍ മേഖലയാണെന്നാണ് പൊലിസ് നല്‍കുന്ന പ്രാഥമിക സൂചന. പിടിയിലായവരില്‍ പലരും എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്നതും മറ്റ് ഘടകങ്ങളും കണക്കിലെടുത്താണ് പൊലിസ് നീക്കം. കേസ് അതീവ ഗൗരവത്തോടെയാണ് പൊലിസ് കൈകാര്യം ചെയ്യുന്നത്. മലപ്പുറം അടക്കമുള്ള മേഖലകളിലെ മതസൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയ ബുദ്ധികേന്ദ്രങ്ങളെ കണ്ടെത്തുമെന്നും ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി കെ.ടി ജലീല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."