ഓഫിസ് വളപ്പിലെ ജൈവകൃഷിയില്‍ നൂറുമേനി; മാതൃകയായി ആലുവ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ജീവനക്കാര്‍
കൊച്ചി: സ്ഥാപനവളപ്പില്‍ ജൈവകൃഷിയിലൂടെ നൂറുമേനി വിളവെടുത്ത് മാതൃകയായിരിക്കുകയാണ് ആലുവ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂറിലെ ജീവനക്കാര്‍. ഓഫിസിനു ചുറ്റും കാടുകയറി കിടന്ന ഏകദേശം നാലേക്കറോളം വരുന്ന സ്ഥലത്ത് കഠിനാദ്ധ്വാനത്തിലൂടെ അവര്‍ നേടിയെടുത്തത് നൂറു ശതമാനം ശുദ്ധവും വിഷരഹിതവുമായ പച്ചക്കറികള്‍. വഴുതന, വെണ്ടക്ക, തക്കാളി, പച്ചമുളക്, പടവലം, പാവക്ക, പയര്‍, എള്ള്, വാഴ, ചേന, ചേമ്പ്, പീച്ചില്‍ മുതലായ എല്ലാ നാടന്‍ പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു. പഴങ്ങളില്‍ പപ്പായയും ഇവയുടെ കൂട്ടത്തിലുണ്ട്.
കാടുകയറിയ സ്ഥലത്ത് ജീവനക്കാര്‍ കൃഷിയാരംഭിച്ചത് ഈ ജനുവരിയിലാണ്. ആദ്യഘട്ട വിളവെടുപ്പില്‍ തന്നെ 100 മുതല്‍ 150 കിലോഗ്രാം പച്ചക്കറിയാണ് ലഭിച്ചത്. പിന്നീട് നടന്ന വിളവെടുപ്പില്‍ മുന്നൂറ് കിലോയോളം പച്ചക്കറികള്‍ ലഭിച്ചു. എഫ്.ഐ.ടിയിലെ തൊഴിലാളികളുടെ ഫാമിങ് കമ്പനിയുടെ മേല്‍നോട്ടത്തിലാണ് ഇവിടെ ജൈവകൃഷി നടത്തുന്നത്. പളളിയാക്കല്‍ സര്‍വിസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥന്‍ ബി പ്രദീപ്, ചൂര്‍ണിക്കര കൃഷി ഓഫിസര്‍ ജോണ്‍ ഷെറി എന്നിവരുടെ മാര്‍ഗനിര്‍ദേശവുമുണ്ട്. പളളിയാക്കല്‍ ഹരിതസേന പ്രവര്‍ത്തകരാണ് തോട്ടത്തിലെ ജോലിക്ക് സഹായത്തിനുള്ളത്.
ഇവിടെ നിന്നു തന്നെയുള്ള വിത്തും തൈകളുമാണ് കൃഷിക്കായി ഉപയോഗിച്ചതും. പൂര്‍ണമായും ജനങ്ങളില്‍ നിന്നു പിരിച്ചെടുത്ത പണമുപയോഗിച്ചാണ് കൃഷി ആരംഭിച്ചത്. കൃഷിയില്‍ അതീവ തല്‍പരനായ എഫ്.ഐ.ടി ചെയര്‍മാന്‍ ടി.കെ മോഹനന്‍, മെക്കാനിക്കല്‍ ചാര്‍ജ് ഹാന്‍ഡ് ആയ എ.ബി സന്തോഷ് തുടങ്ങിയവര്‍ ജീവനക്കാര്‍ക്ക് പൂര്‍ണപിന്തുണ നല്‍കുന്നു. ഫാമിങ് കമ്പനിയുടെ കണ്‍വീനര്‍ കൂടിയാണ് എ.ബി സന്തോഷ്.
ഓഫിസിനു മുന്‍വശത്തെ ജൈവകൃഷിക്കുള്ള വെള്ളവും വളവും ലഭ്യമാക്കുന്നത് അവിടെ സ്ഥാപിച്ചിരിക്കുന്ന അക്വാപോണിക്‌സ് യൂണിറ്റില്‍ നിന്നുമാണ്. പള്ളിപ്പുറം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സ്‌പോണ്‍സര്‍ഷിപ്പിലാണ് എഫ്.ഐ.ടിക്ക് ഈ യൂണിറ്റ് ലഭിച്ചത്. രണ്ടു തട്ടുകളിലായി പ്രവര്‍ത്തിക്കുന്ന ഈ യൂണിറ്റിന്റെ താഴെ തട്ട് ഒരു ഫിഷ് ടാങ്കായി പ്രവര്‍ത്തിക്കുന്നു. അതില്‍ തിലാപ്പിയ മത്സ്യങ്ങളെയാണ് വളര്‍ത്തുന്നത്. മുകളിലെ തട്ടില്‍, മണ്ണു കൊണ്ടുള്ള ഒരു ബെഡിലാണ് ചെടികള്‍ നട്ടിരിക്കുന്നത്. ഫിഷ് ടാങ്കിലെ മത്സ്യങ്ങളുടെ വിസര്‍ജ്യമടങ്ങിയ വെള്ളം മുകളിലെ ബെഡിലേക്ക് പമ്പ് ചെയ്യുന്നു. പള്ളിയാക്കലില്‍ നിന്നുമുള്ള സ്‌പെഷല്‍ കമ്പോസ്റ്റ് ആണ് അടിവളമായി ഉപയോഗിക്കുന്നത്. മണ്ണും മണ്ണിരയും ചകിരിയും അടക്കമുള്ള എല്ലാ ചേരുവകളും അടങ്ങിയതാണ് ഈ കമ്പോസ്റ്റ്.
വിളവെടുത്ത പച്ചക്കറികളില്‍ ഭൂരിഭാഗവും തൊഴിലാളികള്‍ക്ക് തന്നെയാണ് നല്‍കിയത്. കൂടാതെ ഇടപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജൈവ കലവറയിലും ചൂര്‍ണിക്കര ഗ്രാമപഞ്ചായത്തിന്റെ വിഷു ചന്തയിലും നല്‍കി. എഫ്.ഐ.ടി കാന്റീനിലെ വിഭവങ്ങളിലും ജൈവ കൃഷിയുടെ പച്ചക്കറികള്‍ രുചിക്കൂട്ടിനെത്തി. ഇനിവരുന്ന വിളവെടുപ്പിനു ശേഷം കമ്പനിക്ക് മുന്നില്‍ ഒരു സ്റ്റാള്‍ ഇടാനുള്ള ആലോചനയിലാണ് ഉദ്യോഗസ്ഥര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."