എ.വി ജോര്‍ജ് നേരത്തെയും അകാരണമായി കേസില്‍ കുടുക്കിയെന്ന് വെളിപ്പെടുത്തല്‍
കോഴിക്കോട്: വാരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ നടപടി നേരിട്ട ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ് നേരത്തെയും അകാരണമായി ആളുകളെ കള്ള കേസുകളില്‍ ഉള്‍പ്പെടുത്താന്‍ നേതൃത്വം നല്‍കിയെന്ന് പരാതി.
എ.വി ജോര്‍ജ് കോഴിക്കോട് പൊലിസ് കമ്മിഷണറായിരിക്കെ രണ്ട് മോഷണ കേസുകളില്‍ കമ്മിഷണറുടെ പ്രത്യേക ടീം തന്നെ പ്രതിയാക്കിയെന്ന ആരോപണവുമായി പേരാമ്പ്ര സ്വദേശി രംഗത്തെത്തി. നിയമ പോരാട്ടത്തിനൊടുവില്‍ ഈ കേസുകളില്‍ ഇയാളെ കോടതി വെറുതെ വിട്ടിരുന്നു.
കോഴിക്കോട് പേരാമ്പ്ര സ്വദേശി അശ്‌റഫ് എന്ന രവീന്ദ്രനാണ് എ.വി ജോര്‍ജിനെതിരേ രംഗത്തു വന്നിരിക്കുന്നത്. എ.വി ജോര്‍ജ് കോഴിക്കോട് കമ്മിഷണറായിരിക്കെ 2014 ജൂണിലാണ് സംഭവം.
കാസര്‍കോട്ടായിരുന്ന അശ്‌റഫിനെ സുഹൃത്തായ ഷറഫുദ്ദീന്റെ വീടു കാണിച്ചു തരണമെന്നാവശ്യപ്പെട്ടാണ് ചേവായൂര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കോഴിക്കോട് എത്തിച്ച് നാല് ദിവസം കസ്റ്റഡിയില്‍ വച്ച് ബാങ്ക് മോഷണ ശ്രമമെന്നകുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നുവെന്ന് അശ്‌റഫ് പറഞ്ഞു.
ജൂണ്‍ എട്ടിന് രാത്രിയിലാണ് തന്നെ കസ്റ്റഡിയിലെടുക്കുന്നത്. എന്നാല്‍ 10ന് രാത്രിയില്‍ വെളിമാടുകുന്ന് ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമം നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 11ന് വാര്‍ത്താസമ്മേളനം നടത്തി കമ്മിഷണര്‍ തന്നെയാണ് അറസ്റ്റു വിവരം പുറത്തുവിട്ടത്.
തന്നെ ചേവായൂര്‍ സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന രണ്ടുപേരെ ജൂണ്‍ രണ്ടിനും അഞ്ചിനും കസ്റ്റഡിയില്‍ എടുത്തതായിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നും കസ്റ്റഡിയിലെടുത്ത ആറു പേരെയും വ്യാജ കേസ് ഉണ്ടാക്കി പ്രതികളാക്കുകയായിരുന്നു. ഇതില്‍ ഷറഫുദ്ദീനും താനും മാത്രമെ നേരത്തെ പരിചയമുള്ളവരായിട്ടുണ്ടായിരുന്നുവെന്നും അശ്‌റഫ് പറഞ്ഞു.
ചേവായൂര്‍ സി.ഐ ഔദ്യോഗിക വാഹനത്തില്‍ പൊലിസ് കോംമ്പിങ് ഡ്യൂട്ടിക്കിടെ പിടികൂടിയെന്നായിരുന്നു എഫ്.ഐ.ആറില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അന്ന് രാത്രി 8.30ന് ശേഷം പിറ്റേന്ന് രാവിലെ എട്ട് മണിക്കാണ് സി.ഐയുടെ ഔദ്യോഗിക വാഹനം പുറത്തുപോയതെന്ന് രേഖകളില്‍ നിന്നും വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം സി.ഐയുടെ ഡ്രൈവറും കോടതിയെ അറിയിച്ചിരുന്നു.
മോഷണവുമായി ബന്ധമില്ലെന്ന് തെളിയിക്കാന്‍ അശ്‌റഫിന് നിയമ പോരാട്ടം നടത്തേണ്ടി വന്നു. പൊലിസ് സംഘത്തിന്റെ ജീപ്പ് തന്നെ കസ്റ്റഡിയിലെടുത്തെന്ന് പറയുന്ന സമയം പുറത്ത് പോയില്ലെന്ന് വാഹന രജിസ്റ്റര്‍ സഹിതം കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞതോടെയാണ് ഇദ്ദേഹത്തെ കുറ്റവിമുക്തമാക്കിയത്.
കൊയിലാണ്ടിയിലെ വീട്ടില്‍ കയറി മോഷണം നടത്തിയെന്ന മറ്റൊരു കുറ്റവും ഇതേ കാലയളവില്‍ പൊലിസ് ചുമത്തി. ഇതും കള്ളക്കേസെന്ന് കോടതിയില്‍ തെളിഞ്ഞു.
നഷ്ടപരിഹാരമായി 7,500 രൂപയും കോടതി വിധിച്ചു. ഈ തുക ഇതുവരെ കിട്ടിയതുമില്ല. തന്നെ അകാരണമായി കേസില്‍പ്പെടുത്തിയതിന് അഷ്‌റഫ് നല്‍കിയ പരാതിയില്‍ പൊലിസുകാര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കോഴിക്കോട് പൊലിസ് കമ്മിഷണറായരുന്ന എ.വി ജോര്‍ജിനെ ക്രമസമാധാന ചുമതലയില്‍ നിന്നും അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല മാറ്റി നിര്‍ത്തിയിരുന്നു.
ഒരു പ്രത്യേക മത വിഭാഗത്തോട് ജോര്‍ജ് സര്‍വിസിലിരിക്കുമ്പോള്‍ ശത്രുതാപരമായി പെരുമാറിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
ഇത്തരം ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് വാരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് റൂറല്‍ എസ്.പിയുടെ ചുമതലയില്‍ നിന്നും മാറ്റി പൊലിസ് അക്കാദമിയിലേക്ക് നിയമിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."