തെരുവംപറമ്പില്‍ രണ്ടുകടകള്‍ക്ക് തീവച്ചു
നാദാപുരം: തെരുവംപറമ്പില്‍ രണ്ടുകടകള്‍ തീവച്ച് നശിപ്പിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രിയുണ്ടായ സംഭവത്തില്‍ ഒരു കട പൂര്‍ണമായും കത്തിനശിച്ചു. സി.പി.എം തെരുവംപറമ്പ് ബ്രാഞ്ച് സെക്രട്ടറി എഴുത്ത്പള്ളിപറമ്പത്ത് രാജന്‍, താനമഠത്തില്‍ കണ്ണന്‍ എന്നിവരുടെ സ്ഥാപനങ്ങളാണ് നശിപ്പിക്കപ്പെട്ടത്.
ഇതില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി രാജന്റെ തൈയ്യല്‍ കടയാണ് പൂര്‍ണമായും നശിച്ചത്. കടയിലെ തുണിത്തരങ്ങളും വസ്തുക്കളും കത്തിനശിച്ച നിലയിലാണ്. പുലര്‍ച്ചെ ഇതു വഴി പോവുകയായിരുന്നവര്‍ കടയുടെ ഉള്ളില്‍നിന്നും പുക ഉയരുന്നത് കണ്ട് പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പൊലിസും ചേര്‍ന്ന് തീ അണയ്ക്കുകയായിരുന്നു.
ഇത് രണ്ടാം തവണയാണ് രാജന്റെ കടയ്ക്കുനേരെ തീവയ്പ് നടക്കുന്നത്. അക്രമത്തില്‍ പ്രതിഷേധിച്ച് തെരുവംപറമ്പില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു. വ്യാപാരികളുടെ പരാതിയില്‍ നാദാപുരം പൊലിസ് കേസെടുത്തു. ഇ.കെ വിജയന്‍ എം.എല്‍.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സഫിറ, സൂപ്പി നരിക്കാട്ടേരി സ്ഥലം സന്ദര്‍ശിച്ചു.
ജില്ലയിലെ പല ഭാഗങ്ങളിലും പൊലിസ് ആക്ട് പ്രകാരം നിരോധനാജ്ഞ നിലനില്‍ക്കുമ്പോള്‍ സംഘര്‍ഷ മേഖലകളുടെ പട്ടികയില്‍ കണക്കാക്കിയിരുന്ന നാദാപുരം പൊലിസ് ഡിവിഷന്‍ സമാധാനപരമായി കഴിയുകയായിരുന്നു.
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അടുത്ത കാലത്തായി വിട്ടുനില്‍ക്കുന്നതിനിടെയുണ്ടായ അക്രമം രാഷ്ട്രീയ നേതൃത്വത്തില്‍ ആശങ്കയുളവാക്കുകയാണ്. ഇയ്യംകോട്, കല്ലാച്ചി എന്നിവിടങ്ങളില്‍ ബോംബുവച്ച് ഭീതി സൃഷ്ടിക്കാനുള്ള ശ്രമവും നടന്നിരുന്നു. സമാധാന അന്തരീക്ഷം അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."