പുതുബാല്യം കാണാത്ത നാടന്‍കളികള്‍
പ്രകൃതിയുമായി തുന്നിച്ചേര്‍ക്കപ്പെട്ടതായിരുന്നു ഒരു കാലത്ത് ബാല്യകാലം. അന്നത്തെ ബാല്യം കിളികളുടെ ചിറകടിയൊച്ചയ്ക്കു കാതോര്‍ത്തിരുന്നു. കണ്ടത്തിലെ ചെളിയുടെ മണമറിഞ്ഞിരുന്നു. ഇളംകാറ്റില്‍ മാങ്ങകള്‍ വീഴുന്ന ശബ്ദം കേട്ടിരുന്നു. ചൂണ്ടയില്‍ കുരുങ്ങി പിടയുന്ന മീനിന്റെ വെപ്രാളം കണ്ടിരുന്നു. എന്നാല്‍ ഇന്നതെല്ലാം മധുരസ്മരണകള്‍ മാത്രം. ഈ ഓര്‍മകള്‍ പേറി നടക്കുന്നവരാണ് ഇന്നു മുതിര്‍ന്ന തലമുറയില്‍ കൂടുതല്‍ പേരും. ഒഴിവുകാലം കംപ്യൂട്ടറിനു മുന്നിലും അവധിക്കാല പഠനക്കളരികളിലും ചെലവിടുന്ന ഇപ്പോഴത്തെ കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കാനുള്ള വെറും ഓര്‍മകള്‍ മാത്രമായിരിക്കുന്നു എല്ലാം. ആടിപ്പാടി ആര്‍ത്തുല്ലസിച്ചിരുന്ന ഇത്തരം അവധിക്കാല കളികളെല്ലാം ഇന്നു കുട്ടികളെ കൈയൊഴിഞ്ഞിരിക്കുന്നു. എല്ലാവരും കല്ലും മണ്ണും തൊട്ടറിയാത്ത ഹൈടെക് കളികളിലേക്കു മാറി. വേനലവധിക്കാലത്തെ രസകരമായ എല്ലാ കളികളും ഇന്ന് ഇ-ലോകം കവര്‍ന്നെടുത്തു.
പഠനകാലത്തെ കളികള്‍കൊണ്ടു മതിവരാത്ത ബാല്യമനസുകളില്‍ അവധിക്കാലം ഒട്ടേറെ വൈവിധ്യമാര്‍ന്ന കളികളാണു രൂപപ്പെടുത്തിയിരുന്നത്. ആദ്യാവസാനം വരെ ആവേശം നിലനില്‍ക്കുന്ന കൂട്ടംകൂടിയുള്ള കളികള്‍ തന്നെയായിരുന്നു അവയിലധികവും. എന്നാല്‍, പുതിയ ബാല്യം കളികള്‍ക്കായി കംപ്യൂട്ടറുകള്‍ക്കു മുന്നില്‍ ചടഞ്ഞിരിക്കുന്നവരായി മാറി. വീടിനു പുറത്തിറങ്ങാതെ, പ്രകൃതിയെ അടുത്തറിയാതെ അവര്‍ അടച്ചിട്ടമുറികള്‍ക്കുള്ളില്‍ ഏകാന്തരായി കംപ്യൂട്ടര്‍ഗെയിമുകള്‍ കളിച്ചുതീര്‍ക്കുന്നവരായി. അവധിക്കാല കളികള്‍ നിരവധിയായിരുന്നു പഴയ കാലത്ത്. കള്ളനും പൊലിസും, ഉപ്പും പക്ഷി, കണ്ണുപൊത്തിക്കളി, ഗോട്ടിക്കളി, ഊഞ്ഞാലാട്ടം, കുട്ടിയും കോലും, സൂര്യപ്പന്ത്, കുഴിപ്പന്ത്, തായംകളി, കല്ലുകളി എന്നിങ്ങനെ കളികള്‍ നിരവധിയായിരുന്നു. ഓരോ ദിവസം വച്ചു കളിച്ചാല്‍ പോലും അവധിക്കാലം കഴിയുമ്പോഴേക്കും കളിച്ചു തീരാന്‍ കഴിയാത്തത്ര എണ്ണമുണ്ടായിരുന്നു അവ. രാവിലെ വീട്ടില്‍നിന്നിറങ്ങിയാല്‍ തിരിച്ചെത്തുക ഉച്ചയൂണിന്. പിന്നെ പോയാല്‍ തിരികെയെത്താന്‍ സന്ധ്യയാകണം. പലതരം കളികളുമായി ആ ബാല്യം തൊടികളിലും പാടത്തും ഓടിച്ചാടി നടന്നു.
അവധിക്കാലത്ത് മാവിന്‍കൊമ്പില്‍ ഊഞ്ഞാലു കെട്ടുന്ന പതിവുണ്ട്. അതേ മാവിന്‍ചുവട്ടിലാണ് എല്ലാവരും ഒത്തുകൂടുക. ഊഞ്ഞാലാടുന്നതിനിടെ മാവില്‍നിന്നു പഴുത്ത മാങ്ങകള്‍ ഞെട്ടറ്റു വീഴും. മാവിന്‍ചുവട്ടില്‍ രാവിലെ ഒത്തുകൂടിയാല്‍ പിന്നെ അന്നത്തെ കളികളെക്കുറിച്ചുള്ള ചര്‍ച്ചയാണ്. കുട്ടിയും കോലും, സൂര്യപ്പന്ത്, ഗോട്ടികളി, കള്ളനും പൊലിസും തുടങ്ങിയവ ആണ്‍കുട്ടികളുടേതായപ്പോള്‍ കല്ലുകളി, ഉപ്പുംപക്ഷി തുടങ്ങിയവ പെണ്‍കുട്ടികള്‍ കൈപ്പിടിയിലൊതുക്കി. എന്നാല്‍, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചേര്‍ന്നുള്ള കളികള്‍ക്കും പഞ്ഞമുണ്ടായില്ല. ഉണ്ണിപ്പുര, കണ്ണുപൊത്തിക്കളി തുടങ്ങിയവയായിരുന്നു അവ. അന്നത്തെ കളികളില്‍ ഉണ്ണിപ്പുരയായിരുന്നു ശ്രദ്ധേയം. തെങ്ങിന്‍പറമ്പുകളില്‍നിന്നു ശേഖരിക്കുന്ന ഓലകള്‍ അടുക്കിവച്ചു കൂട്ടിക്കെട്ടി കുടിലൊരുക്കിയുള്ള ഈ കളിയിലൂടെ കുട്ടികള്‍ അച്ഛനും അമ്മയും കുട്ടിയും കച്ചവടക്കാരനും ബസ് ഡ്രൈവറുമൊക്കെയായി ഭാവനാപൂര്‍ണമായ ജീവിതം അനുഭവിച്ചു. ചിരട്ടയില്‍ മണല്‍ നിറച്ച് ചിരട്ടപ്പുട്ടും ഇഷ്ടിക പൊടിച്ചു വെള്ളത്തില്‍ കലക്കി കറിയും പച്ചില നുറുക്കി ഉപ്പേരിയുമുണ്ടാക്കി അന്നത്തെ ബാല്യം.
പകല്‍ നേരത്തെ കളികള്‍ കഴിഞ്ഞു വൈകിട്ടുള്ള വിസ്തരിച്ച കുളി ഒഴിവുകാലത്ത് ഒഴിച്ചുകൂടാനാകില്ലായിരുന്നു. കൂട്ടുകാരെല്ലാവരും ചേര്‍ന്നു കുളത്തിലാണു കുളി. കുളം അടിച്ചുകലക്കിയുള്ള കുളി. കൂട്ടത്തിലെ 'സാഹസികര്‍' കുളത്തിന്റെ കരയ്ക്കുനിന്നു ചാഞ്ഞുനില്‍ക്കുന്ന തെങ്ങില്‍ കയറി കുളത്തിലേക്ക് എടുത്തുചാടും. കുളത്തില്‍നിന്നു കരയ്ക്കു കയറാന്‍ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ ശാസിക്കേണ്ടി വരും. ഒഴിവുകാലത്തു പ്രത്യേകമായ പഠനങ്ങളൊന്നുമില്ല. പഠിക്കുന്നതെല്ലാം തൊടിയില്‍നിന്നും പാടത്തുനിന്നുമാണ്. മാവിന്റെ ഇലയുടെ മണം നോക്കി അതേതു തരം മാങ്ങയാണെന്നു പറയാന്‍ പഠിച്ചതും ചക്കയുടെയും ആഞ്ഞിലിച്ചക്കയുടെയും ഗുണം അറിഞ്ഞതും സൗഹൃദത്തിന്റെ മധുരം അനുഭവിച്ചതുമെല്ലാം അക്കാലത്താണ്. ആ പഠനങ്ങളൊന്നും ക്ലാസ്മുറികളില്‍നിന്ന് ഒരിക്കലും കിട്ടില്ല. കംപ്യൂട്ടര്‍ ഗെയിമുകളും ആധുനിക കളിപ്പാട്ടങ്ങളും അതു നല്‍കില്ല. ഉണ്ണിപ്പുരയും കണ്ണുപ്പൊത്തിക്കളിയും കല്ലുകളിയും ഗോട്ടിക്കളിയുമെല്ലാം ഇന്നെവിടെയുമില്ല. എല്ലാം പുതുതലമുറയ്ക്കു കേട്ടുകേള്‍വി മാത്രം. ഓലപമ്പരവും പ്ലാവിലത്തൊപ്പിയും ഓലപ്പാമ്പും ഓലക്കണ്ണാടിയും മറന്നുപോയ തലമുറയാണിപ്പോഴുള്ളത്. കൂട്ടുകാരുമായി കളിച്ചുതിമിര്‍ത്തും വാതുവച്ചും വെല്ലുവിളിച്ചും പൊട്ടിച്ചിരിച്ചും കഴിഞ്ഞ ആ ബാല്യകാല്യം നമ്മുടെ കുട്ടികള്‍ക്കു പഴങ്കഥയാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."