ചെറുമീനുകളെ പിടിച്ച ട്രോളറുകള്‍ കസ്റ്റഡിയില്‍
മലപ്പുറം: വലിയ ബോട്ടില്‍നിന്നും പകര്‍ത്തി ചെറുവഞ്ചികളില്‍ കരയിലെത്തിച്ച് ചെറുമത്സ്യങ്ങളെ വില്‍ക്കുന്ന ട്രോളറുകള്‍ കസ്റ്റഡിയില്‍. പൊന്നാനി ഹാര്‍ബറില്‍നിന്നു പെട്രോളിങിനായി കടലില്‍ പോയ ഫിഷറീസ് വകുപ്പ് ജീവനക്കാരാണ് മഞ്ഞുമാതാ-1, മഞ്ഞ് മാതാ 2 എന്നീ ബോട്ടുകള്‍ കോസ്റ്റല്‍ പൊലിസിന്റെ സഹായത്തോടെ പിടികൂടി കരയിലെത്തിച്ചത്.
പൂര്‍ണവളര്‍ച്ചയെത്തിയാല്‍ രണ്ട് കിലോഗ്രാം വരെ തൂക്കം വരുന്ന തളയന്‍ എന്ന സാമ്പത്തിക പ്രാധാന്യമുളള മത്സ്യത്തിന്റെ 10 സെ.മീറ്റര്‍ വലുപ്പവും 50 ഗ്രാം തൂക്കവുമുളള 300 ടണ്‍ മത്സ്യം രണ്ട് ബോട്ടുകളിലും ഉണ്ടായിരുന്നു. മംഗലാപുരത്ത് ഫിഷ് മീല്‍ പ്ലാന്റുകളിലേക്കാണ് പ്രധാനമായും ഈ മത്സ്യകുഞ്ഞുങ്ങളെ വന്‍തോതില്‍ കൈമാറുന്നത്.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി. ജയനാരായണന്റെ നിര്‍ദേശ പ്രകാരം ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഒ അംജദ്, ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ എ.എ സുലൈമാന്‍, കോസ്റ്റല്‍ പൊലിസ് സി.പി.ഒ രഞ്ജിത്ത്, റെസ്‌ക്യൂ ഗാര്‍ഡ് അന്‍സാര്‍ എന്നിവരടങ്ങിയ സംഘമാണ് നിയമലംഘനം നടത്തിയ ബോട്ടുകള്‍ പിടികൂടിയത്. മെക്കാനിക്ക് ടി.യു മനോജ് ബോട്ടിന്റെ ഇന്‍വെന്ററി റിപ്പോര്‍ട്ട് തയാറാക്കി
എറണാംകുളം മുനമ്പം സ്വദേശിയായ അലോഷ്യസ്, കന്യാകുമാരി സ്വദേശി ആന്റണി ദാസ് എന്നിവരുടെതാണ് രണ്ട് ബോട്ടുകളും. ഉടമകള്‍ നേരിട്ട് ഹാജരായി നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി രണ്ട് ബോട്ടുകളും പൊന്നാനി ഹാര്‍ബറില്‍ ഫിഷറീസ് വകുപ്പിന്റെയും കോസ്റ്റല്‍ പൊലിസിന്റെയും കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."