ഇനിയും പ്രവര്‍ത്തനസജ്ജമാകാതെ കൂഴൂരിലെ നിറവ് കെപ്‌കോ ഫീഡ്‌സ്
മാള: സര്‍ക്കാരിന്റെ പ്രഥമ കോഴിത്തീറ്റ ഫാക്ടറി മാള കൂഴൂര്‍ നിറവ് കെപ്‌കോ ഫീഡ്‌സ് പ്രവര്‍ത്തനസജ്ജമായില്ല. മുന്‍ സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയില്‍ പെടുത്തി ഫാക്ടറിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഫാക്ടറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത അന്നത്തെ മുഖ്യമന്ത്രി 2012 ലെ ഓണത്തിനു മുന്‍പായി ഫാക്ടറി ഉല്‍പ്പന്നം പുറത്തിറക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. പക്ഷെ ഇത് യാഥാര്‍ത്ഥ്യമായില്ല. രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷമാണു കോഴിത്തീറ്റയുടെ ഉത്പാദനോദ്ഘാടനം നടത്താനായത്.
2014 സെപ്റ്റംബറില്‍ ഫാക്ടറിയില്‍ നിന്നുള്ള പെല്ലറ്റ് രൂപത്തിലുള്ള കോഴിത്തീറ്റ ഉത്പാദനത്തിന് തുടക്കമുണ്ടായി. ഇതു ഭാഗികമായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് 10 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. താത്ക്കാലികമായി മെഷിനറികള്‍ സജ്ജീകരിച്ചും വൈദ്യുതി കണക്ഷനുമായി തുടങ്ങിയ ഫാക്ടറിയുടെ പ്രവര്‍ത്തനം സജീവമാക്കാനായില്ല. അടിയന്തിര ശ്രദ്ധ നല്‍കി ഫാക്ടറി പ്രവര്‍ത്തനം വിപുലമാക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്. 1993 ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ മുന്‍കൈയെടുത്താണ് ഫാക്ടറിക്ക് ശ്രമമാരംഭിച്ചത്. മാള കുഴൂര്‍ കാക്കുളിശ്ശേരിയില്‍ 5.13 ഏക്കര്‍ സ്ഥലം വാങ്ങി. ഫാക്ടറിയുടെ തറക്കല്ലിടല്‍ അന്നത്തെ കൃഷി മന്ത്രി പി.പി ജോര്‍ജിന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ തന്നെ നിര്‍വഹിച്ചു. ഫാക്ടറിക്കു 217.20 ലക്ഷം രൂപയാണ് തുക നിശ്ചയിച്ചിരുന്നത്. 49.74 ലക്ഷം രൂപ ചെലവഴിച്ച ശേഷം പ്രതീക്ഷിച്ച ബാങ്കു ലോണ്‍ ലഭ്യമായില്ല. ഇതേ തുടര്‍ന്നു പ്ലാന്റിന്റെ പണി നിര്‍ത്തിവെക്കേണ്ടി വന്നു. ഇതിനു ശേഷം പ്ലാന്റിന്റെ ജോലി തുടരാന്‍ സാധിക്കാതെ സ്ഥലവും കെട്ടിടവും വെറുതെ കിടന്നു. ഉയര്‍ത്തിയ പില്ലറുകളും ബീമുകളും മഞ്ഞും മഴയും വെയിലുമേറ്റു നശിച്ചു കൊണ്ടിരുന്നു.
പിന്നീടു 2011 ലാണു അന്നത്തെ സര്‍ക്കാറിന്റെ നൂറുദിന കര്‍മ പരിപാടിയില്‍ ഈ ഫാക്ടറി ഉള്‍പ്പെടുത്തുന്നതും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതും. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്‌കോയെ ഏല്‍പ്പിച്ചു. 9.86 കോടി രാഷ്ട്രീയ കൃഷി വികാസ് യോജന പ്രകാരവും 5.75 കോടി രൂപ സംസ്ഥാന വിഹിതവും ചേര്‍ത്തു 15.55 കോടി രൂപയാണു നിര്‍മാണ ചെലവു കണക്കാക്കിയിരുന്നത്. 90ഓളം അവിദഗ്ധ തൊഴിലാളികള്‍ക്കും മുന്നൂറോളം പേര്‍ക്കു നേരിട്ടല്ലാതെയും ഇവിടെ തൊഴില്‍ സാധ്യതയുണ്ട് എന്നായിരുന്നു വാഗ്ദാനം. അമ്പതിനായിരത്തോളം വരുന്ന കോഴി വളര്‍ത്തല്‍ കര്‍ഷകര്‍ക്ക് ഫാക്ടറിയുടെ സഹായം ലഭിക്കുമെന്നും വാഗ്ദാനമുണ്ടായിരുന്നു. രണ്ടു ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ പ്രതിദിനം 160 ടണ്‍ കോഴിത്തീറ്റ പെല്ലറ്റ് രൂപത്തില്‍ ഉല്‍പാദിപ്പിക്കാന്‍ ഇവിടെ സാധിക്കും. ചോളം, സോയാബീന്‍, ഉണക്കമീന്‍ ചേര്‍ത്താണു കോഴിത്തീറ്റ തയ്യാറാക്കുന്നതിനു ലക്ഷ്യമിട്ടിരുന്നത്. ഉത്തരേന്ത്യയില്‍ നിന്നു നേരിട്ട് കോഴിത്തീറ്റക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുന്നതിനും തീരുമാനമുണ്ടായിരുന്നു. ഇതിനിടെ 2016ല്‍ തിരുവനന്തപുരത്തെ ഹാച്ചറിയിലേക്കുള്ള മെഷിനറികളാണെന്ന് പറഞ്ഞു ഇവിടെ നിന്നും യന്ത്രങ്ങള്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമമുണ്ടായതായി ആരോപണമുണ്ട്. യൂനിയനുകളിടപെട്ടു ഈ നീക്കം തടഞ്ഞുവെങ്കിലും പിന്നീടു മെഷിനറികള്‍ ഇവിടെ നിന്നും കാണാതായി. ഇവ കടത്തികൊണ്ടു പോയതായാണു പറയപെടുന്നത്. അധികൃതര്‍ പക്ഷെ ഇതു നിഷേധിക്കുകയാണ്.
ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടെന്നും ഫാക്ടറി എല്‍.എഡി.എഫ് സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ പ്രവര്‍ത്തനസജ്ജമാക്കുമെന്നാണു അധികൃതര്‍ നല്‍കുന്ന വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."