മണ്ണൊരുക്കി...മരം നട്ട്...
കണ്ണൂര്‍: പരിസ്ഥിതിയുടെ പ്രാധാന്യവും പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയും ഓര്‍മിപ്പിച്ച് നാടെങ്ങും പരിസ്ഥിതി ദിനാചരണം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും വൈവിധ്യമുള്ള പരിപാടികളാണ് സംഘടിപ്പിച്ചത്. ഇന്നലെ അവധിയായതിനാല്‍ സ്‌കൂളുകളില്‍ ഇന്നാണ് പരിസ്ഥിതി ദിനാഘോഷം നടക്കുക.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിസ്ഥിതി ദിനാചരണവും മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണവും മസ്‌ക്കറ്റ് പാരഡൈസില്‍ നടന്നു. മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു.
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. പി.കെ ശ്രീമതി എം.പി മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതി വാര്‍ത്താ പത്രികയുടെ പ്രകാശനം മേയര്‍ ഇ.പി ലത നിര്‍വ്വഹിച്ചു. ജില്ലാ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.
മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ വൈവിധ്യമുള്ള പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. ശാഖാതലം മുതലുള്ള കമ്മിറ്റികള്‍ വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചും മറ്റുമാണ് പരിസ്ഥി ദിനം ആചരിച്ചത്. പോഷക സംഘടനകളായ എം.എസ്.എഫ്, എസ്.ടി.യു, വനിതാ ലീഗ്, എസ്.ടി.യു, സ്വതന്ത്ര കര്‍ഷക സംഘം, ദളിത് ലീഗ്, വിവിധ സര്‍വിസ് സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലും പരിസ്ഥിതി ദിനാചാരണം സംഘടിപ്പിച്ചു.
ഡി.വൈ.എഫ്.ഐ ജില്ലയില്‍ യൂനിറ്റ് കേന്ദ്രങ്ങളില്‍ മരം വച്ചുപിടിപ്പിച്ചുകൊണ്ടാണ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഡി.വൈ.എഫ്.ഐ ഒരു ലക്ഷം വൃക്ഷ തൈകള്‍ നട്ടു.
ജില്ലാതല ഉദ്ഘാടനം വളപട്ടണം പാലത്തിന് സമീപം കണ്ടല്‍ തൈകള്‍ നട്ട് മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.പി.കെ ശ്രീമതി എം.പി, എം.വി ജയരാജന്‍, എം.വി നികേഷ് കുമാര്‍, ബിജു കണ്ടക്കൈ എന്നിവര്‍ പങ്കെടുത്തു.
കുടുംബശ്രീ ജില്ലാ മിഷന്റെയും വനമുദ്ര പദ്ധതിയുടെയും മാടായി പഞ്ചായത്തിന്റെയും സംയുക്ത സഹകരണത്തോടെയുള്ള പരിസ്ഥിതി ദിനാചരണം മാടായിപ്പാറയില്‍ നടന്നു. ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഭാരത് പെട്രോളിയം കോര്‍പറേഷന്റെ വൃക്ഷതൈ നടീലും വിതരണവും നടത്തി.
നിരവധി വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. ഡിപ്പോ ഇന്‍ ചാര്‍ജ് പി.കെ പത്മനാഭന്‍ നേതൃത്വം നല്‍കി. ജില്ലയില്‍ ഇന്നലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."