പതിമൂന്നുകാരന്റെ മരണത്തിന് ഒരുവര്‍ഷം; ഇരുട്ടില്‍ തപ്പി പൊലിസ്
തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളില്‍ ജനരോഷം തിളച്ചുമറിയുമ്പോഴും സംഭവിച്ച കുറ്റകൃത്യങ്ങളില്‍ പലതിലും പ്രതികളെ തിരിച്ചറിയാന്‍ പോലും കഴിയാതെ പൊലിസ്.
ഒരുവര്‍ഷം മുന്‍പ് അഞ്ചല്‍ കരവാളൂരില്‍ ലൈംഗികാതിക്രമത്തിനിരയായ പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്ത കേസ് ഇതിലൊന്നാണ്. എസ്.പി മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക് കുട്ടിയുടെ കുടുബം പലതവണ പരാതികള്‍ നല്‍കിയെങ്കിലും അന്വേഷണം ഒരിഞ്ചുപോലും മുന്നോട്ടുപോയില്ല. അഞ്ചല്‍ കരവാളൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത് കഴിഞ്ഞവര്‍ഷം മാര്‍ച്ച് 18ന്.
മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോഴാണ് കുട്ടി ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. ഇതോടെ പൊലിസ് ഈ ദിശയില്‍ അന്വേഷണം തുടങ്ങി. പ്രതി ഉടന്‍ പിടിയിലാകുമെന്ന് റൂറല്‍ എസ്.പി മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രഖ്യാപിച്ചത് കൃത്യം ഒരുവര്‍ഷം മുന്‍പാണ്. എസ്.പിയുടെ പ്രഖ്യാപനം കുടുംബത്തിന് നല്‍കിയ പ്രതീക്ഷ ചെറുതായിരുന്നില്ല.
എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും ഒന്നും സംഭവിച്ചില്ല. മാസങ്ങളോളം കാത്തിരുന്നശേഷം കുടുംബം ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കും ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിക്കും പരാതികള്‍ നല്‍കി. പക്ഷേ ഒരു വാതിലും തുറന്നില്ല. പ്രതികളെ കണ്ടെത്താത്തതിനുള്ള കാരണം ചോദിക്കുമ്പോള്‍ പൊലിസ് വ്യക്തതയില്ലാത്ത മറുപടികളാണ് നല്‍കുന്നത്. ചില പരിശോധനാ റിപ്പോര്‍ട്ടുകള്‍ ലഭിക്കാനുണ്ട്. പലരെയും ചോദ്യം ചെയ്യുന്നുണ്ട് തുടങ്ങിയ മറുപടികള്‍ കേട്ട് കുടുംബം മടുത്തു.
കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍വരെ വ്യവസ്ഥ വന്നിട്ടും മിക്കകേസുകളിലും നീതി അകന്നകന്നുപോകുന്നത് കണ്ടുനില്‍ക്കാന്‍ മാത്രമേ ഇരകളുടെ ഉറ്റവര്‍ക്ക് കഴിയുന്നുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."