ദുരിതമൊഴിയാതെ തീരം
സ്വന്തം ലേഖകന്‍
വേളി: തലസ്ഥാന ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭത്തിന് അറുതിയില്ല. ശനിയാഴ്ച രാത്രി മുതല്‍ ശക്തമായ കടല്‍ക്കലി രണ്ടുദിവസം പിന്നിടുമ്പോഴും അതേമട്ടില്‍ തുടരുകയാണ്. വിവിധയിടങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്.
നിരവധി വീടുകള്‍ക്കും വള്ളങ്ങളുള്‍പ്പടെ മത്സ്യബന്ധന ഉപകരണങ്ങള്‍ക്കും കേടുപാടുണ്ടായിട്ടുണ്ട്. വലിയതുറ പൂന്തുറ മേഖലയില്‍ പത്തോളം വീടുകളില്‍ വെള്ളം കയറി. നാശനഷ്ടത്തിന്റെ കൃത്യമായ വിവരം വന്നിട്ടില്ല. റവന്യൂ ഉദ്യോഗസ്ഥര്‍ കണക്കുകള്‍ എടുത്തു വരികയാണ് . തീരമേഖലയില്‍ പലയിടത്തും ചെറുവള്ളങ്ങള്‍ ഒഴുകി നടക്കുകയാണ്. വള്ളങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള ശ്രമം ഇന്നലെയും തുടര്‍ന്നു.
തിരമാല പത്തടിയിലധികം ഉയരത്തിലാണ് തീരത്തേക്ക് അടിച്ചുകയറുന്നതെന്ന് തീരദേശവാസികള്‍ പറയുന്നു. വീടുകള്‍ക്കു ചുറ്റും വെള്ളക്കെട്ടാണ്. അതേസമയം മുന്നറിയിപ്പ് വകവയ്ക്കാതെ ഇന്നലെയും മത്സ്യത്തൊഴിലാളികള്‍ കടലില്‍പോയി.
ജാഗ്രതാ മുന്നറിയിപ്പിനെ തുടര്‍ന്ന് മൂന്നു ദിവസമായി കടലില്‍ പോയില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കുടുംബം പട്ടിണിയിലാകുമെന്ന് കരുതിയാണ് കടലാക്രമണത്തെ അവഗണിച്ച് മത്സ്യബന്ധനത്തിനിറങ്ങിയതെന്ന് തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞദിവസം കടലില്‍ പോയ നിരവധി മത്സ്യത്തൊഴിലാളികള്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ തിരിച്ചെത്തിയിരുന്നു.
അതിനിടെ തീരദേശവാസികള്‍ക്കായി ഒരുക്കിയ ദുരിതാശ്വാസ ക്യാംപുകളും ദുരിതമാണ് സൃഷ്ടിക്കുന്നതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ മുട്ടത്തറ വില്ലേജ് ഓഫീസിന്റെ കീഴില്‍ വലിയതുറ ഫിഷറീസ് സ്‌ക്കുള്‍, യു.പി സ്‌കൂള്‍, എല്‍.പി സകൂള്‍, ഫിഷറീസ് ഗോഡൗണ്‍, പേട്ട വില്ലേജിന്റെ കീഴില്‍ വലിയതുറ യു.പി സ്‌കൂളില്‍ ശനിയാഴ്ച്ച പുതിയൊരു ക്യാംപും തുറന്നു.
ഇതിന് പുറമേയാണ് ഞായറാഴ്ച്ച ബഡ്‌സ് സ്‌ക്കൂളില്‍ ക്യാംപ് തുറന്നത്. ക്യാംപില്‍ പാര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും ഏറെ ബുദ്ധിമുട്ടുന്ന അവസ്ഥയാണുള്ളത്. ഭക്ഷണം പാകം ചെയ്യാന്‍ പോലും വേണ്ട സൗകര്യം ഇവിടങ്ങളില്‍ ഇല്ലെന്നും മത്സ്യതൊഴിലാളികള്‍ ആരോപിക്കുന്നു. ഇതേ തുടര്‍ന്ന് പലരും ബന്ധുവീടുകളില്‍ അഭയം തേടിയിരിക്കുകയാണ്. ഇന്നലെ ദുരിതാശ്വാസ ക്യാംപുകളില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രി ഇ. ചന്ദ്രശേഖരനോടും ക്യാംപിലുണ്ടായിരുന്നവര്‍ പരാതികളുടെ കെട്ടഴിച്ചു. കലക്ടര്‍ എസ്. കാര്‍ത്തികേയന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
കടലാക്രമണത്തില്‍ വീടുതകര്‍ന്ന് ഒരാഴ്ചകഴിഞ്ഞിട്ടും താല്‍കാലികമായി പുനരധിവസിപ്പിക്കുന്നതിനുപോലും സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും ആരോപണമുണ്ട്.
തിരുവനന്തപുരം താലൂക്കില്‍ 112 കുടുംബങ്ങളിലെ 298 പേരെ ആറു ദുരിതാശ്വാസ ക്യാംപുകളിലായി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വലിയതുറ യു.പി.എസില്‍ 26 കുടുംബങ്ങളും എല്‍.പി.എസില്‍ അഞ്ചും എഫ്.ടി.എസില്‍ 17ഉം സെന്റ് ആന്റണീസ് സ്‌കൂളില്‍ 32ഉം പേട്ട ബഡ്‌സ് സ്‌കൂളില്‍ 25ഉം പോര്‍ട്ട് ഗോഡൗണില്‍ ഏഴു കുടുംബങ്ങളുമാണുള്ളത്. അഞ്ചുതെങ്ങ് സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസിലെ ദുരിതാശ്വാസ ക്യാംപില്‍ 80 കുടുംബങ്ങളിലെ 197 പേരുണ്ട്. ഇവിടെ 80 വീടുകള്‍ക്ക് നാശമുണ്ടായതായാണ് പ്രഥമ റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."