മുഹമ്മ പഞ്ചായത്തിന്റെ പ്ലാസ്റ്റിക് സംഭരണകേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി
ആലപ്പുഴ: മുഹമ്മ ഗ്രാമപഞ്ചായത്തിനെ പ്ലാസ്റ്റിക്, അജൈവ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മിച്ച പ്ലാസ്റ്റിക് സംഭരണകേന്ദ്രം ഉദ്ഘാടനസജ്ജമായി. മുഹമ്മ പഞ്ചായത്ത് പതിനാലാം വാര്‍ഡ് തടുത്തുവെളി പ്രദേശത്താണ് പ്ലാസ്റ്റിക് സംഭരണ കേന്ദ്രം. 50.16 ചതുരശ്ര മീറ്ററാണ് കെട്ടിടത്തിന്റെ വിസ്തൃതി.ശുചിത്വ മിഷന്‍ വകയിരുത്തിയ ആറ് ലക്ഷത്തി എഴുപതിനായിരം രൂപയില്‍ ആറുലക്ഷത്തി നാല്‍പ്പത്തെണ്ണായിരത്തി ഇരുനൂറ്റി അന്‍പത്തി ഒന്‍പതു രൂപ ചെലവിട്ടാണ് പ്ലാസ്റ്റിക് സംഭരണ കേന്ദ്രം പണികഴിപ്പിച്ചത്.
പഞ്ചായത്തിന്റെ പരിധിയില്‍പെട്ട എല്ലാ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാസംതോറും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാനായി പാതിരാമണല്‍ ഹരിതസേന രൂപീകരിച്ചിട്ടുണ്ട്. പഞ്ചായത്തിലെ ഒരു വാര്‍ഡിലെ രണ്ടുപേര്‍ വീതമടങ്ങുന്നതാന് പാതിരാമണല്‍ ഹരിതസേന. എല്ലാ മാസവും അഞ്ചാം തീയതി ഹരിതസേന പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും എത്തി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംഭരിക്കും. ശുചിയാക്കി ഉണക്കിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാത്രമാണ് ഹരിതസേന സ്വീകരിക്കുക. മത്സ്യം, മാംസം, പാല്‍ തുടങ്ങിയവ വാങ്ങുന്ന കവറുകളും,പ്‌ളാസ്റ്റിക് കിറ്റുകളും പൊട്ടിച്ച് വേണം ശുചിയാക്കി നല്‍കാന്‍.
അജൈവ മാലിന്യ പരിപാലനത്തിനായി നിയോഗിക്കപ്പെട്ട ഹരിതസേന തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതിനായി വീടുകളില്‍ നിന്ന് പ്രതിമാസം മുപ്പത് രൂപയും സ്ഥാപനങ്ങളില്‍ നിന്ന് അന്‍പത് രൂപയും സര്‍വീസ് ചാര്‍ജായി ഈടാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.ഈടാക്കുന്ന പൈസയുടെ രസീതും നല്‍കും. കടയുടമകള്‍ വര്‍ഷാവര്‍ഷം പഞ്ചായത്ത് ലൈസന്‍സ് പുതുക്കാന്‍ എത്തുമ്പോള്‍ പന്ത്രണ്ടു മാസത്തെയും രസീത് കാണിച്ചാല്‍ മാത്രമേ ലൈസന്‍സ് പുതുക്കി നല്‍കൂ. പഞ്ചായത്തില്‍ പ്ലാസ്റ്റിക് കത്തിക്കുകയോ,കുഴിച്ചുമൂടുകയോ, ജലാശയങ്ങളില്‍ വലിച്ചെറിയുകയോ ചെയ്യുന്നതും കുറ്റകരമാണ്.പ്ലാസ്റ്റിക് സംഭരണകേന്ദ്രത്തിന്റെ ഉദ്ഘാടനം മേയ് മാസത്തില്‍ തന്നെ ഉണ്ടാവുമെന്നും ജെ.ജയലാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."