ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ഓടുന്ന കാറില്‍ പീഡനം
ഗ്രേറ്റര്‍ നോയിഡ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ സ്കൂളില്‍ നിന്ന് തിരിച്ചുവരുന്നതിനിടയില്‍ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റിക്കൊണ്ടുപോയ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. ബന്ധുവായ യുവാവും കുട്ടിയുടെ സഹപാഠികളും ചേര്‍ന്നാണ് ഓടുന്ന കാറില്‍ പീഡിപ്പിച്ചതെന്ന് പൊലിസ് അറിയിച്ചു. പ്രതികള്‍ക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തതായി പൊലിസ് അറിയിച്ചു. അന്വേഷണം തുടങ്ങിയതോടെ പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണ്.
വീട്ടിലേക്ക് പോകാനുള്ള ബസ് കിട്ടാത്തിനെ തുടര്‍ന്നാണ് അകന്ന ബന്ധുവായ യുവാവ് വിളിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി കാറില്‍ കയറിയത്. ഇയാളും മറ്റൊരു യുവാവുമായിരുന്നു ആദ്യം കാറില്‍ ഉണ്ടായിരുന്നത്. പിന്നീട് കയറിയ സഹപാഠികളും ഇവര്‍ക്കൊപ്പം ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലിസിന് മൊഴിനല്‍കിയിട്ടുണ്ട്.
സ്കൂള്‍ വിട്ട് വീട്ടിലേക്ക് തിരിക്കുമ്പോഴാണ് ഉച്ചക്ക് 2.30ന് അകന്ന ബന്ധുവായ യുവാവും ഇയാളുടെ സുഹൃത്തും കാറുമായി എത്തിയത്. വീട്ടിലെത്തിക്കാമെന്ന് പറഞ്ഞതുകൊണ്ടാണ് കാറില്‍ കയറിയത്. എന്നാല്‍ ഇവര്‍ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും പുലര്‍ച്ചെ ഒരുമണിക്ക് നോളജ് പാര്‍ക്ക് മേഖലയില്‍ ഇറക്കി വിടുകയായിരുന്നുവെന്നും പെണ്‍കുട്ടി പൊലിസിന് മൊഴിനല്‍കിയിട്ടുണ്ട്. ഈ മേഖലയില്‍ അലഞ്ഞു തിരിയുന്നതിനിടയിലാണ് പെണ്‍കുട്ടിയെ പൊലിസ് പിടികൂടിയത്. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം കുട്ടിയെ ബന്ധുക്കളെ എല്‍പ്പിക്കുയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."